India - 2024

ആയിരങ്ങള്‍ ഒന്നുചേര്‍ന്ന മാഹി തിരുനാളിന് കൊടിയിറങ്ങി

സ്വന്തം ലേഖകന്‍ 23-10-2017 - Monday

മാഹി: പ്രാര്‍ത്ഥനയോടെ അനേകായിരങ്ങള്‍ ഒന്നുചേര്‍ന്ന വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുനാളിന് മാഹി സെന്‍റ് തെരേസാ ദേവാലയത്തില്‍ സമാപനം. ഇന്നലെ രാവിലെ ഫ്രഞ്ച് ഭാഷയിലും മലങ്കര റീത്തിലും ദിവ്യബലി നടന്നു. രാവിലെ 8.30ന് നടന്ന ഫ്രഞ്ച് ദിവ്യബലിയ്ക്കു ഫാ. ഷാനു ഫെർണാണ്ടസും 10.15ന്‌ നടന്ന സമാപന ബലിക്ക് സുല്‍ത്താന്‍ ബത്തേരി രൂപതാ മെത്രാന്‍ ഡോ.ജോസഫ്‌ മാര്‍തോമസും മുഖ്യകാര്‍മ്മികത്വം വഹിച്ചു. പൊതുവണക്കത്തിനു പ്രതിഷ്ഠിച്ചിരുന്ന തിരുസ്വരൂപം ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ന് ഇടവക വികാരി റവ. ഡോ. ജെറോം ചിങ്ങന്തറ അള്‍ത്താരയിലെ അറയിലേക്കു മാറ്റിയതോടെയാണ് ഈ വര്‍ഷത്തെ തിരുനാള്‍ സമാപിച്ചത്.

17 ദിനരാത്രങ്ങള്‍ നീളുന്ന മയ്യഴിയുടെ ദേശീയോത്സവത്തിന്‌ കഴിഞ്ഞ ഒക്ടോബര്‍ 5നു ആണ് തുടക്കമായത്‌. പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍, ആയിരങ്ങള്‍ ദിവ്യബലിയില്‍ പങ്കുചേരാനും വിശുദ്ധയുടെ മാദ്ധ്യസ്ഥം തേടി പൂമാലകളര്‍പ്പിക്കാനും മെഴുകുതിരികള്‍ കത്തിച്ചു വെക്കാനും എത്തി. പ്രധാന ദിനങ്ങളായ 14 ന്‌ കണ്ണൂര്‍ രൂപതാദ്ധ്യക്ഷന്‍ ഡോ: അലക്‌സ് വടക്കുംതലയും 15 ന്‌ കോഴിക്കോട്‌ രൂപതാദ്ധ്യക്ഷന്‍ ഡോ: വര്‍ഗീസ്‌ ചക്കാലക്കലും പൊന്തിഫിക്കല്‍ ദിവ്യബലിക്ക്‌ കാര്‍മ്മികത്വം വഹിച്ചു.

ഓരോ ദിവസവും നടന്ന തിരുനാള്‍ ചടങ്ങുകൾക്ക് ഇടവക വികാരി ഫാ. ജെറോം ചിങ്ങന്തറ, സഹവികാരി ഫാ. ജോസ് യേശുദാസൻ, പാരിഷ് കൺസിൽ സെക്രട്ടറി സജി സാമുവൽ, ഫാ. ജോസഫ് വാളാണ്ടർ, ഫാ. എ.ജെ. പോൾ, ഫാ. ടോണി ഗ്രേഷ്യസ്, ഫാ. സജീവ് വർഗീസ്, ഫാ. ലോറൻസ് പനക്കൽ, ഡീക്കൻ ഫ്രഡിൻ ജോസഫ്, ആവില, ക്ലൂനി കോൺവ​െൻറുകളിലെ സന്യസ്തർ, വിവിധ കമ്മിറ്റി അംഗങ്ങൾ നേതൃത്വം നല്‍കി.


Related Articles »