India
ഫാ.സിറിയക് തോമസ് രചിച്ച 'ലാഹോര്‍ എക്‌സ്പ്രസ്സ്' ഗായകൻ യേശുദാസ് പ്രകാശനം ചെയ്തു.
സ്വന്തം ലേഖകന്‍ 03-04-2016 - Sunday
വാക്കുകള്‍ ജഡപദങ്ങളല്ല. അര്‍ത്ഥത്തിന്റെ ആത്മാവ് പേറുന്ന സന്ദേശങ്ങളാണെന്നും അവയെ ആവാഹിച്ചെടുക്കുമ്പോഴാണ് വായന ഫലശ്രുതി നേടുന്നതെന്ന് ഗായകൻ യേശുദാസ് അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച, ഫാ.സിറിയക് തോമസ് രചിച്ച 'ലാഹോര്‍ എക്‌സ്പ്രസ്സ്' എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറിവിന്റെ ദേവാലയമാണ് പുസ്തകം; ആ ആദരം എഴുത്തു കലയോട് കാണിക്കുവാന്‍ സമൂഹം തയ്യാറാവണം. താന്‍ സംഗീതം വായിക്കുന്നു, കഥാകാരന്‍ സ്വപ്നങ്ങള്‍ വായിക്കുന്നു, ശാസ്ത്രജ്ഞന്‍ സത്യങ്ങള്‍ വായിക്കുന്നു, ധാര്‍ശനികന്‍ ജീവിതം വായിക്കുന്നു. എല്ലാ വായനകളും തീര്‍ത്ഥയാത്രകളാണ് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ഭാരതീയ സമൂഹത്തില്‍ ആവിഷ്‌കാര സ്വാതന്ത്രം ഇനിയും മരിച്ചിട്ടില്ല എന്നതിന്റെ സാക്ഷ്യമാണ്, 'പാക്കിസ്ഥാന്‍ രാഷ്ട്രപതിയുടെ മകളെ ഇന്ത്യന്‍ പ്രതിരോധ വകുപ്പ് മന്ത്രിയുടെ മകന്‍ പ്രണയിക്കുന്ന' ഇതിവൃത്തം പ്രമേയമാക്കിയ ലാഹോര്‍ എക്‌സ്പ്രസ്സിന്റെ രചയിതാവ് നിര്‍ഭയനായി നമുക്കിടയില്‍ നില്‍ക്കുന്നു എന്ന് ആദ്യപ്രതി ഏറ്റുവാങ്ങി ജോണ്‍ പോള്‍ പറഞ്ഞു. പാക്കിസ്ഥാനില്‍ നിന്നു കൊണ്ടോ, ചൈനയില്‍ നിന്നു കൊണ്ടോ ആധുനികതയെ ഉരുക്കുമുഷ്ടി കൊണ്ട് താങ്ങി നിര്‍ത്തുന്ന മറ്റൊരു രാജ്യത്ത് നിന്നോ ഇങ്ങനെയൊരു രചന സങ്കല്‍പ്പിക്കുക അസാധ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ ടി.എം. എബ്രഹാം പുസ്തക പരിചയം നടത്തി. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.റോബി കണ്ണന്‍ചിറ സി.എം.ഐ, ഫാ.സിറിയക് കണിച്ചായ് സി.എം.ഐ, ജോളി പവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.
