India - 2025
പരവൂര്‍ ദുരന്തം: ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു സഭയുടെ പിന്തുണയെന്നു കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
സ്വന്തം ലേഖകന്‍ 11-04-2016 - Monday
കൊച്ചി: കൊല്ലം പരവൂരിലുണ്ടായ വെടിക്കെട്ട് അപകടത്തിന്റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് സഭയുടെ സാമൂഹ്യപ്രവര്‍ത്തനവിഭാഗങ്ങളെ ഏകോപിപ്പിച്ചു സഹായം നല്‍കുമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അറിയിച്ചു. വിവിധ രൂപതകളുടെ സോഷ്യല്‍ സര്‍വീസ് വിഭാഗങ്ങള്‍ മറ്റു സാമൂഹ്യസംഘടനകളും സര്‍ക്കാരുമായും ചേര്‍ന്നു ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കും.
കേരളത്തില്‍ പെരുമണ്‍ ദുരന്തത്തിനുശേഷം മനുഷ്യന്റെ ശ്രദ്ധക്കുറവു മൂലമുണ്ടായ ഈ വലിയ ദുരന്തം അതീവദുഖകരമാണ്. സംഭവത്തില്‍ ആഗാധമായ ദുഖം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരുന്നതിനായി പ്രാര്‍ഥിക്കുന്നു. ആരാധനാലയങ്ങളോടനുബന്ധിച്ചുള്ള ആഘോഷങ്ങളില്‍ വെടിക്കെട്ടുകള്‍ കര്‍ശനമായി നിയന്ത്രിക്കപ്പെടേണ്ടതുണ്ട്.
കൃത്യമായ സുരക്ഷിതത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ വെടിക്കെട്ടുകള്‍ നടക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടരുത്. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാരും പൊതുസമൂഹവും ജാഗ്രതയോടെ നിലപാടു സ്വീകരിക്കണമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു.
