India - 2025

മൈസൂര്‍ രൂപതയിലെ വൈദികനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി.

സ്വന്തം ലേഖകന്‍ 13-04-2016 - Wednesday

മൈസൂര്‍: ബുധനാഴ്ച്ച രാവിലെ മൈസൂർ രൂപതയിലെ പ്രാദേശിക ഇടവകയിലെ കത്തോലിക്കാ പുരോഹിതനായ ഫാദർ രാജാ കാനുവിനെ (56) സംശയാസ്പദമായ രീതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിയുടെ കെട്ടിടങ്ങളിലൊന്നിലെ ഫാനിൽ കെട്ടി തൂങ്ങിയ നിലയിലാണ് ശരീരം കണ്ടെത്തിയത്. സംശയകരമായ രീതിയിൽ പുരോഹിതൻ മരണമടഞ്ഞത് അറിഞ്ഞയുടനെ രൂപതാ മേലധികാരികൾ P. G പാളയത്തിലെത്തി. കർണാടക സംസ്ഥാനത്തെ ചാമരാജ് നഗർ ജില്ലയിലെ ഇടവകയിലാണ് സംഭവം നടന്നത്. മരണത്തെ പറ്റി മറ്റു വിവരങ്ങളൊന്നും അറിവായിട്ടില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

ഏപ്രിൽ 13 ന് അതിരാവിലെയായിരിക്കാം മരണം സംഭവിച്ചതെന്ന് ഒരു പ്രാദേശികTV ചാനലിന്റെ റിപ്പോർട്ടിൽ പറയുന്നു. മരിച്ച വൈദികന്‍ ആഴമായ ആത്മീയതയില്‍ വേരൂന്നി ജീവിച്ച ആളായിരിന്നുവെന്ന് മൈസൂരിൽ അദ്ദേഹത്തെ അടുത്തറിയുന്ന വൃത്തങ്ങൾ വെളിപ്പെടുത്തി. 'മരണത്തിന്റെ കാരണം ദുരൂഹമാണെന്നും മൈസൂർ രൂപതയ്ക്ക് വലിയൊരു ആത്മീയ നേതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും' സഭാ നേതൃത്വം അറിയിച്ചു. കഴിഞ്ഞ ഏപ്രിൽ 9-നാണ് ഫാദർ രാജാ കാനു തന്റെ 56-ാം ജന്മദിനം ആഘോഷിച്ചത്.

1960 ഏപ്രിൽ 9-ന് ജനിച്ച അദ്ദേഹം സെന്റ് ഫിലോമിനാസ് സ്കൂളിലും മൈസൂരിലെ കോളജുകളിലുമാണ് വിദ്യാഭ്യാസം പൂർത്തികരിച്ചത്. നേരത്തെ അദ്ദേഹം മാണ്ഡ്യയിലെ സെന്റ് ജോസഫ്സ് പള്ളിയിലും പിന്നീട് ഗുണ്ടൽപ്പെട്ട് ഇടവകയിലും വികാരിയായി സേവനമനുഷ്ട്ടിച്ചിരിന്നു. ഫാദർ രാജാ കാനു കഴിവുള്ള ഒരു ഭരണാധികാരിയും അജപാലന ദൗത്യത്തിൽ ഏറെ ജാഗ്രതയുമുള്ള വ്യക്തിയുമായിരിന്നുവെന്ന്‍ വൈദികരും പൊതുജനങ്ങളും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു.