Faith And Reason - 2025

അരനൂറ്റാണ്ടോളം വെള്ളത്തില്‍ മുങ്ങിക്കിടന്ന ഫിലിപ്പീന്‍സ് ദേവാലയത്തില്‍ വീണ്ടും വിശുദ്ധ കുര്‍ബാന അര്‍പ്പണം

07-08-2020 - Friday



അര നൂറ്റാണ്ടോളം വെള്ളത്തില്‍ മുങ്ങി കിടന്നതിനു ശേഷം സമീപ കാലത്ത് വീണ്ടും പ്രത്യക്ഷപ്പെട്ട പുരാതന ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ട് ഫിലിപ്പീന്‍സിലെ മിഷ്ണറി വൈദികന്‍ ശ്രദ്ധ നേടുന്നു. നുയേവ എസീജ പ്രവിശ്യയിലെ പാന്റാബാങ്ങന്‍ മുനിസിപ്പാലിറ്റിയിലെ 300 വര്‍ഷങ്ങള്‍ പഴക്കമുള്ള പട്ടണത്തിലെ ദേവാലയാവശേഷിപ്പില്‍ ഇക്കഴിഞ്ഞ ജൂലൈ 29ന് ഫാ. അര്‍ണോള്‍ഡ് അബെലാര്‍ഡോയാണ് ബലിയര്‍പ്പിച്ചത്. അര നൂറ്റാണ്ടോളം വെള്ളത്തില്‍ മുങ്ങിക്കിടന്നിരുന്ന ഈ ദേവാലയം സമീപകാലത്താണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. യുവജനങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത്.

1970-ല്‍ പുതുതായി പണികഴിപ്പിച്ച പാന്റബാങ്ങന്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന്‍ വെള്ളത്തിനടിയിലായ പട്ടണവും ദേവാലയവും വരള്‍ച്ച മൂലം ജലനിരപ്പ് താണതിനെ തുടര്‍ന്നാണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. തെക്ക് കിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ ഡാമുകളില്‍ മൂന്നാമതാണ് പാന്റബാങ്ങന്‍ ഡാം. പതിനെട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ദേവാലയത്തിന്റെ മണിമാളിക മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. മുങ്ങിപ്പോയതിന് ശേഷം 1983ലും പിന്നീട് 2014ലും ദേവാലയം ഇതുപോലെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നുണ്ടായ ജനങ്ങളുടെ ഒറ്റപ്പെടല്‍ മാറ്റുവാനും, അവര്‍ക്ക് പ്രത്യാശ പകരുവാനുമാണ് വിശുദ്ധ കുര്‍ബാനക്കായി സ്ഥലം തിരഞ്ഞെടുത്തതെന്നു ഫാ. അബെലാര്‍ഡോ ലൈറ്റ് ഓഫ് കാത്തലിക് ഇന്‍ ഏഷ്യ (ലിക്കാസ്) എന്ന കത്തോലിക്കാ മാധ്യമത്തിന് നല്‍കിയ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ദൈവത്തിനു കൃതജ്ഞത അര്‍പ്പിക്കുവാന്‍ വിവിധ കത്തോലിക്ക ദേവാലയങ്ങളിലൂടെയുള്ള തന്റെ സന്ദര്‍ശന പരിപാടിയുടെ ഭാഗമായിട്ടുകൂടിയാണ് പ്രത്യേക പട്ടണവും ദേവാലയവും തിരഞ്ഞെടുത്തതെന്നും ഫാ. അബെലാര്‍ഡോ പിന്നീട് വെളിപ്പെടുത്തി. ഇത്തരത്തിലുള്ള അസാധാരണ സ്ഥലങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത് തന്റെ പതിവാണെന്നും അദ്ദേഹം പറയുന്നു. “രാവിലെ പൂന്തോട്ടത്തിലാണ് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നതെങ്കില്‍ ഉച്ചകഴിഞ്ഞ് ഫിലിപ്പീന്‍സിലെ അരായത്ത് പര്‍വ്വതത്തിന് മുകളിലായിരിക്കും കുര്‍ബ്ബാന അര്‍പ്പിക്കുക” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നുയേവ എസിജ പ്രവിശ്യയിലെ പുതിയ കൊറോണ കേസുകള്‍ കൈകാര്യം ചെയ്യുവാന്‍ ഫിലിപ്പീന്‍സ് സര്‍ക്കാര്‍ രൂപം കൊടുത്തിരിക്കുന്ന ‘നുയേവ എസിജ ഇന്റര്‍ ഏജന്‍സി ടാക്സ് ഫോഴ്സ് ഓണ്‍ കൊവിഡ്-19’ ടാസ്ക് ഫോഴ്സിന്റെ ഔദ്യോഗിക വക്താവ് കൂടിയാണ് ഫാ. അബെലാര്‍ഡോ.