Friday Mirror - 2024

പ്രത്യാശ നഷ്ട്ടപ്പെട്ടോ? ഒറ്റപ്പെടലില്‍ താങ്ങി നിര്‍ത്തുവാന്‍ സഹായിക്കുന്ന 5 വിശുദ്ധരുടെ വാക്യങ്ങള്‍

പ്രവാചക ശബ്ദം 01-11-2024 - Friday

കുടുംബ ജീവിതത്തിലും, ജോലിസ്ഥലത്തും നേരിടുന്ന സമ്മര്‍ദ്ധങ്ങളും ഒറ്റപ്പെടലും ആഭ്യന്തരയുദ്ധങ്ങളും, കലാപങ്ങളും ലോകജനതയെ പൂര്‍ണ്ണമായും അസ്വസ്ഥതയിലാഴ്ത്തിയിരിക്കുകയാണ്. പ്രതിസന്ധികളെ അതിജീവിക്കുവാന്‍ മനുഷ്യന്‍ ഏറെ പാടുപ്പെടുന്ന അവസ്ഥ. ഈ സാഹചര്യത്തില്‍ നമ്മുക്ക് അടിസ്ഥാനപരമായി വേണ്ടതു നമ്മുടെ ഏക പ്രത്യാശ ജീവിക്കുന്ന ദൈവത്തിലാണെന്ന ബോധ്യമാണ്. “നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി” എന്ന ജെറമിയായുടെ പുസ്തകത്തിലെ (ജെറമിയ 29:11) ശ്രദ്ധേയമായ വാക്യം നമ്മുടെ ജീവിതങ്ങള്‍ക്ക് കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കുന്ന വാക്യമാണ്. ഇതുപോലെ നമുക്ക് സുപരിചിതരായ ചില വിശുദ്ധര്‍, പറഞ്ഞിട്ടുള്ള പ്രത്യാശനിര്‍ഭരമായ വാക്യങ്ങള്‍ ഈ പ്രത്യേക കാലഘട്ടത്തില്‍ ചിന്തിക്കുന്നത് ഏറെ സഹായകരമാകുമെന്ന് തീര്‍ച്ച.

1) “പ്രാര്‍ത്ഥിക്കൂ, പ്രതീക്ഷ ഉള്ളവരായിരിക്കൂ, ദുഃഖിക്കാതിരിക്കൂ”- വിശുദ്ധ പാദ്രെ പിയോ ‍

വിശുദ്ധന്റെ ഈ വാക്കുകളില്‍ പ്രകടമാകുന്നത് ദൈവം എല്ലാത്തിനേയും നിയന്ത്രിക്കുന്നവനാണെന്നാണ്. അവന്റെ പദ്ധതികളില്‍ നമുക്ക് വിശ്വസിക്കാം. നമ്മുടെ വിഷമതകളെ ദൂരീകരിക്കുവാനും ദൈവത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുവാനും ആഴമേറിയ ഈ വിശ്വാസം നമ്മെ സഹായിക്കും. “ദുഃഖം അനാവശ്യമാണ്. നമ്മുടെ ദയാപരനായ ദൈവം നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കും” എന്നും വിശുദ്ധ വിശുദ്ധ പാദ്രെ പിയോ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

2) “നമ്മുടെ ഭൗമീക അസ്ഥിത്വത്തിന് പ്രതീക്ഷയും, ലക്ഷ്യവും നല്‍കുന്നത് യേശുക്രിസ്തുവാണ്‌” - വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ‍

തന്റെ അജഗണങ്ങളെ, പ്രത്യേകമായി യുവജനങ്ങളെ സകലത്തിന്റെയും പ്രതീക്ഷയായ യേശുവില്‍ വിശ്വസിക്കുവാന്‍ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്ന വ്യക്തിയായിരുന്നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍. 1993 ലോകയുവജന ദിനത്തിലെ പ്രസംഗം ഉള്‍പ്പെടെ അദ്ദേഹത്തിന്റെ നിരവധി പ്രഭാഷണങ്ങളുടേയും കുര്‍ബാന പ്രസംഗങ്ങളുടേയും മുഖ്യ പ്രമേയം തന്നെ പ്രതീക്ഷയായിരുന്നു. വിശുദ്ധനെ പോലെ മറ്റുള്ളവരുമായി പ്രത്യാശയുടെ വാക്കുകള്‍ പങ്കുവെക്കുവാന്‍ നമുക്കും പരിശ്രമിക്കാം.

3) “കർത്താവിൽ ജീവിക്കുകയും പ്രത്യാശിക്കുകയും ചെയ്യുക” - അസീസിയിലെ വിശുദ്ധ ക്ലാര

പ്രാര്‍ത്ഥനാധിഷ്ഠിതമായ ജീവിതത്തിലൂടെ സ്വയം സമര്‍പ്പിച്ചുകൊണ്ടാണ് അവിടുത്തെ അനുഗമിക്കുവാനായി വിശുദ്ധ ക്ലാര ഇഹലോകവാസം വെടിഞ്ഞത്. വിശുദ്ധ കുര്‍ബാനയോടുള്ള ഭക്തിയിലൂടെ, അവള്‍ പ്രാര്‍ത്ഥിക്കുകയും ക്രിസ്തുവില്‍ പ്രതീക്ഷ അര്‍പ്പിക്കുകയും ചെയ്തു. അത്തരമൊരു ജീവിതം നയിക്കുവാനാണ് വിശുദ്ധയുടെ ജീവിതം നമ്മോടു ആഹ്വാനം ചെയ്യുന്നതും.

4) “എന്റെ പ്രതീക്ഷ ഒരിക്കലും തെറ്റിയിട്ടില്ല” – വിശുദ്ധ തെരേസ

നമ്മെ പ്രതീക്ഷയുള്ളവരാക്കി മാറ്റുന്ന മനോഹരമായ ഒരു മാര്‍ഗ്ഗമായിരുന്നു വിശുദ്ധ കൊച്ചു ത്രേസ്യായുടെ ജീവിതം. തന്റെ ജീവിതം പൂര്‍ണ്ണമായും വിട്ടുകൊടുത്തുകൊണ്ട് വിശുദ്ധ തെരേസ ദൈവത്തില്‍ വിശ്വാസം അര്‍പ്പിച്ചു. കര്‍ത്താവിന് മുന്നില്‍ ജീവിതം വിട്ടുകൊടുക്കാന്‍ നമ്മുക്കും തയാറാകാം. അപ്പോള്‍ നമ്മുക്കും പറയാനാകും, “എന്റെ പ്രതീക്ഷ ഒരിക്കലും തെറ്റിയിട്ടില്ല” എന്ന്‍.

5) “യേശുവാണ് നമ്മുടെ പ്രതീക്ഷ” - വിശുദ്ധ ഫൗസ്റ്റീന. ‍

യേശു ക്രിസ്തുവിലും അവന്റെ കാരുണ്യത്തിലും വിശ്വാസമര്‍പ്പിക്കേണ്ടതിന്റെ വിവിധ വശങ്ങളെക്കുറിച്ച് വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയില്‍ വിവരിക്കുന്നുണ്ട്. "തീര്‍ച്ചയായും യഥാര്‍ത്ഥ പ്രതീക്ഷ നിലകൊള്ളുന്നത് യേശുവിലാണ്. നമ്മുടെ എല്ലാ കുറവുകള്‍ക്കിടയിലും യേശു വാഗ്ദാനം ചെയ്തതെല്ലാം ലഭിക്കുമെന്ന് നാം പ്രതീക്ഷിക്കുന്നു. അവന്റെ കരുണയുള്ള ഹൃദയത്തിലൂടെ തുറന്ന കവാടത്തിലൂടെ നാം സ്വർഗത്തിലേക്ക് പോകുന്നു".

വേദനകളിലും ദുഃഖങ്ങളിലും വിശുദ്ധര്‍ പങ്കുവെച്ചിട്ടുള്ള ഈ വാക്കുകള്‍ നമ്മുക്ക് വീണ്ടും വീണ്ടും ഓര്‍ത്തെടുക്കാം. ദുഃഖങ്ങളും ദുരിതങ്ങളും നമ്മെ സമ്മര്‍ദ്ധത്തിലാഴ്ത്തിയാലും അതിനെയെല്ലാം അതിജീവിക്കുവാനുള്ള കൃപ നമ്മുക്ക് നല്‍കുന്നത് ഇതേ വിശുദ്ധര്‍ പ്രത്യാശവെച്ച ജീവിക്കുന്ന ദൈവമാണ് എന്ന ബോധ്യത്തിലേക്ക് നമ്മുക്കും കടന്നുചെല്ലാം.

#repost


Related Articles »