Events - 2025
വി.തോമ്മാശ്ലീഹായുടെയും, വി.അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ആഘോഷങ്ങൾക്ക് ഷെഫീൽഡില്‍ വര്‍ണ്ണാഭമായ തുടക്കം.
ബാബു ജോസഫ് 16-06-2016 - Thursday
യു കെ മലയാളികളുടെ തിരുനാൾ ആഘോഷങ്ങളിൽ പ്രശസ്തമായ വി.തോമ്മാശ്ലീഹായുടെയും, വി.അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ആഘോഷങ്ങൾക്ക്, ഷെഫീൽഡ് കാത്തലിക്ക് കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഭക്ത്യാഡംബരപൂർവ്വം തുടക്കമായി. ജൂൺ 11 മുതൽ ആരംഭിച്ച അൽഫോൻസാമ്മയുടെ നവനാൾ നൊവേന വിവിധ ഭവനങ്ങളിലായി നടന്നുവരുന്നു. 19ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഷെഫീൽഡ് സീറോ മലബാർ കമ്യൂണിറ്റി ചാപ്ലയിൻ ഫാ. ബിജു കുന്നക്കാട്ട് പതാക ഉയർത്തുന്നതോടെ പ്രധാന ആഘോഷപരിപാടികൾക്ക് തുടക്കമാകും. 2.15 ന് പ്രസുദേന്തി വാഴ്ചയും തുടര്‍ന്നു 2.30 ന് റവ.ഫാ.ജോൺസൺ കോവൂർപുത്തൻപുരയുടെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാനയും നടക്കും. ഫാ.ജിൻസൺ മുട്ടത്തുകുന്നേൽ തിരുനാൾ സന്ദേശം നൽകും. ഫാ.തോമസ് മടുക്കുംമൂട്ടിൽ, ഫാ.റോബിൻസൺ മെൽക്കീസ്, ഫാ.ബിജു കുന്നക്കാട്ട് എന്നിവർ സഹ കാർമ്മികരാകും. തുടർന്ന് വി. അൽഫോൻസാമ്മയുടെ നൊവേന.
4.30 ന് വിവിധ കലാരൂപങ്ങൾ, മുത്തുക്കുടകൾ,ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ എഴുന്നള്ളിച്ചുകൊണ്ടുള്ള ഭക്തി നിർഭരമായ തിരുനാൾ പ്രദക്ഷിണം. തുടർന്ന് ലദീഞ്ഞ്, തിരുനാളിന്റെ സമാപനാശീർവ്വാദം പാച്ചോർ നേർച്ച എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. 6.30 ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ഷെഫീൽഡ് സെന്റ് പാട്രിക്സ് പള്ളി വികാരി ഫാ.മാർട്ടിൻ ട്രസ്ക് മുഖ്യാതിഥിയായിരിക്കും. തുടർന്ന് കുട്ടികളുടെയും മുതിർന്നരുടെയും വിവിധ കലാപരിപാടികൾ. സ്നേഹവിരുന്നോടുകൂടി ആഘോഷപരിപാടികൾ സമാപിക്കും. ചാപ്ലയിൻ ഫാ.ബിജു കുന്നക്കാട്ടിന്റെ നേതൃത്വത്തിൽ തിരുനാൾ ഒരുക്കങ്ങൾ നടന്നുവരുന്നു. തിരുനാളിൽ പങ്കെടുത്ത് വിശുദ്ധരുടെ മാദ്ധ്യസ്ഥം അപേക്ഷിക്കുന്നതിന് ഷെഫീൽഡ് കാത്തലിക്ക് കമ്യൂണിറ്റി ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്;
ബിജു മാത്യു -07828283353
വിൻസെന്റ് വർഗീസ് -07878607862..
അഡ്രസ്സ്;
സെന്റ് പാട്രിക്സ് ചർച്ച്.
BARNSLEY ROAD
SHEFFIELD.
S5 0QF
