News - 2025
കാനഡയിൽ കത്തോലിക്ക വിരുദ്ധ അതിക്രമങ്ങളിൽ 260% വർദ്ധനവ്
പ്രവാചകശബ്ദം 22-10-2022 - Saturday
ഒന്‍റാരിയോ: കാനഡയിൽ കത്തോലിക്കാ വിശ്വാസികൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ കഴിഞ്ഞവർഷം 260% വർദ്ധനവ് ഉണ്ടായതായി റിപ്പോര്‍ട്ട്. സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2020-21 കാലയളവിൽ അതിക്രമങ്ങളുടെ ശതമാന കണക്കിൽ ഏറ്റവും കൂടുതൽ വർദ്ധനവ് ഉണ്ടായത് കത്തോലിക്കർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിലാണ്. പോലീസിന്റെ കണക്കുകൾ പ്രകാരമാണ് സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് തയ്യാറാക്കിയത്. മുന്‍പത്തെ വർഷം 43 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിൽ, കത്തോലിക്കാ വിരുദ്ധതയുമായി ബന്ധപ്പെട്ട 155 കേസുകളാണ് 2021ൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
യഹൂദ സമൂഹത്തിനെതിരെ 487 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. യഹൂദ സമൂഹത്തെ ലക്ഷ്യംവെച്ച് നടന്ന അതിക്രമങ്ങളിൽ മുന്‍പത്തെ വർഷത്തെ അപേക്ഷിച്ച് 47 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ നിരക്കിൽ മുൻപോട്ടു പോയാൽ കത്തോലിക്കരെ ലക്ഷ്യം വെച്ച് ഉണ്ടാകുന്ന അക്രമങ്ങൾ, യഹൂദരെ ലക്ഷ്യം വച്ചുണ്ടാകുന്ന അക്രമങ്ങളെക്കാൾ മുന്നിലെത്തുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. വംശീയ വിഭാഗങ്ങളുടെ കണക്കെടുക്കുമ്പോൾ അറബ്, ഏഷ്യൻ വംശജർക്കെതിരെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളിൽ 46%ത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇക്കാലയളവിൽ, വെള്ളക്കാർ, കറുത്തവർ, ആദിവാസി വിഭാഗത്തിൽപെട്ടവർ എന്നിവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ കുറവുണ്ടായി.
കത്തോലിക്കർക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ എന്തുകൊണ്ട് വർദ്ധനവ് ഉണ്ടായെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ വെളിപ്പെടുത്തിയില്ലെങ്കിലും, വർഷങ്ങൾക്കു മുമ്പ് സഭയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയങ്ങളുടെ സമീപം കുഴിമാടങ്ങൾ കണ്ടെത്തിയെന്ന റിപ്പോർട്ടുകളാണ് കത്തോലിക്കരെ കൂടുതൽ ലക്ഷ്യം വെക്കാൻ അക്രമകാരികളെ പ്രേരിപ്പിച്ചതെന്ന് ബിസി കാത്തലിക്ക് എന്ന മാധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത്രയും അനിഷ്ട സംഭവങ്ങൾ കത്തോലിക്കര്‍ക്കെതിരെ നടന്നെങ്കിലും, സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട് ജനങ്ങളിൽ എത്തിക്കുന്നതിൽ ദേശീയ മാധ്യമങ്ങൾ വലിയ വിമുഖതയാണ് കാട്ടുന്നതെന്ന ആരോപണം ശക്തമാണ്.
