India - 2025
വിദ്യാഭ്യാസ ഉന്നതിക്കായി ക്രൈസ്തവ മിഷ്‌ണറിമാര്‍ നല്‍കിയ സംഭാവന അതുല്യമാണെന്ന് കര്‍ണ്ണാടക യുവജനക്ഷേമ മന്ത്രി
സ്വന്തം ലേഖകന്‍ 19-07-2016 - Tuesday
ഉടുപ്പി: ദക്ഷിണ കന്നഡ ജില്ലയിലെ വിദ്യാഭ്യാസ ഉന്നതിക്കായി ക്രൈസ്തവ മിഷ്‌ണറിമാര്‍ നല്‍കിയ സംഭാവന അതുല്യമാണെന്ന് കര്‍ണ്ണാടക മന്ത്രി. ഫിഷറീസ്, യുവജന, കായിക വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി പ്രമോദ് മധ്വരാജാണ് ക്രൈസ്തവ മിഷ്ണറിമാരുടെ സംഭാവന കര്‍ണ്ണാടകയ്ക്ക് ചെയ്ത ഗുണങ്ങളെ എടുത്ത് പറഞ്ഞത്. ഉടുപ്പിയിലെ കല്യാണ്‍പൂരില്‍ സ്ഥിതി ചെയ്യുന്ന മിലാഗ്രീസ് കോളജിന്റെ സുവര്‍ണ്ണ ജൂബിലി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
"ക്രൈസ്തവ മിഷ്ണറിമാരുടെ ശക്തമായ പ്രവര്‍ത്തനത്തിന്റെ മാത്രം ഫലമായിട്ടാണ് അന്ന് അവികസിതമായ ഈ സ്ഥലത്ത് ഒരു കോളജ് സ്ഥാപിക്കപ്പെട്ടത്. കാര്‍ഷിക ജോലിയില്‍ ഏര്‍പ്പെട്ട് ഉപജീവനം കഴിക്കുന്നവരുടെ മക്കള്‍ക്ക് പാടങ്ങളിലെ പണികളുടെ ഇടയില്‍ നിന്നും വിദ്യാഭ്യാസത്തിന്റെ ഉന്നതിയിലേക്ക് ചുവടുകള്‍ എടുത്തുവയ്ക്കുവാന്‍ മിലാഗ്രീസ് കോളജിന്റെ പ്രവര്‍ത്തനം സഹായം ചെയ്തു. കര്‍ഷകരുടെ മക്കള്‍ക്ക് വിദ്യാഭ്യാസത്തിന്റെ ഉന്നതിയില്‍ എത്താന്‍ കഴിയണമെന്ന ദീര്‍ഘദര്‍ശനത്തോടെയാണ് അന്ന് ഈ കോളജ് ഇവിടെ സ്ഥാപിതമായത്. ക്രൈസ്തവ മിഷ്ണറിമാരുടെ ആ പ്രവര്‍ത്തി ഇന്ന് അനേകായിരങ്ങള്‍ക്ക് വെളിച്ചവും വഴിയുമായി നിലകൊള്ളുന്നു". മന്ത്രി പ്രമോദ് മധ്വരാജ് പറഞ്ഞു.
1967-ല്‍ ആണ് കര്‍ണ്ണാടകയുടെ ഏറ്റവും ഉള്‍പ്രദേശവുമായ കല്യാണ്‍പൂരില്‍ ക്രൈസ്തവ മിഷ്ണറിമാരുടെ നേതൃത്വത്തില്‍ മിലാഗ്രീസ് കോളജ് സ്ഥാപിച്ചത്. മോണ്‍സിഞ്ചോര്‍ ഡെന്നീസ് ജറോം ഡിസൂസയാണ് 350-ല്‍ അധികം വര്‍ഷം പഴക്കമുള്ള കല്യാണ്‍പൂരിലെ പള്ളിയുടെ സഹകരണത്തോടെ കോളജ് സ്ഥാപിക്കുവാന്‍ മുന്‍കൈ എടുത്തത്. കോളജ് സ്ഥാപിക്കുവാന്‍ നേതൃത്വം വഹിച്ച സമയത്ത് വൈദികനായ ഡെന്നീസ് ജറോം ഡിസൂസയ്ക്ക് 83 വയസുണ്ടായിരുന്നു.
യൂറോപ്പിനേയും യുഎസിനേയും വെല്ലുന്ന രീതിയിലുള്ള സാഹചര്യങ്ങളാണ് ക്രൈസ്തവ മിഷ്‌ണറിമാര്‍ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെന്ന് പറഞ്ഞ മന്ത്രി, കര്‍ണ്ണാടകയിലെ ഏറ്റവും പ്രധാനപ്പെട്ട വികസിത ജില്ലയായി ദക്ഷിണ കന്നഡയെ മാറ്റുന്നതില്‍ ഈ സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് പകരം വയ്ക്കുവാന്‍ കഴിയാത്തതാണെന്നു കൂട്ടിചേര്‍ത്തു. സുവര്‍ണ്ണ ജൂബിലി സമ്മേളനത്തില്‍ ഉഡുപ്പി ബിഷപ്പ് ജെറാള്‍ഡ് ഐകസ് ലോബോയും നിരവധി വൈദികരും കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ പ്രമുഖരും പങ്കെടുത്തു.
