News - 2025
ആഫ്രിക്കക്കാരെ സ്വീകരിക്കുവാന്‍ ബംഗളൂരു രൂപത തയ്യാറാണ്: ആര്‍ച്ച് ബിഷപ്പ് ബെര്‍ണാര്‍ഡ് മോറസ്
സ്വന്തം ലേഖകന്‍ 19-07-2016 - Tuesday
ബംഗളൂരു: ആഫ്രിക്കയില്‍ നിന്നും അഭയാര്‍ത്ഥികളായി വരുന്നവരെ സ്വീകരിക്കുവാന്‍ ബംഗളൂരു രൂപത തയ്യാറാണെന്ന് രൂപതയുടെ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ബെര്‍ണാര്‍ഡ് മോറാസ്. ആഫ്രിക്കയില്‍ നിന്നും വിവിധ കാരണങ്ങളാല്‍ നാടുവിട്ട് ഇന്ത്യയില്‍ എത്തിയവര്‍ക്കായി രൂപതയുടെ നേതൃത്വത്തില്‍ സെന്റ് ജോസഫ്‌സ് ബോയ്സ് സ്‌കൂളില്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ബിഷപ്പ് ഇങ്ങനെ പറഞ്ഞത്. വിവിധ കാരണങ്ങളാല്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും യുവാക്കള്‍ നാടുവിടുകയാണ്. ബംഗളൂരു പോലെയുള്ള സ്ഥലങ്ങളില്‍ ഇത്തരക്കാര്‍ ധാരാളമായി എത്തിച്ചേരുന്നുണ്ട്.
"ആഫ്രിക്കയില്‍ നിന്നുള്ളവരെ ദൈവം സ്‌നേഹിക്കുന്നു. നമുക്ക് എല്ലാവര്‍ക്കും അതെ പോലെ തന്നെ അവരോടു വലിയ ബഹുമാനവും സ്‌നേഹവും ഉണ്ട്. വിവിധങ്ങളായ പ്രശ്‌നങ്ങള്‍ മൂലം അവരുടെ രാജ്യങ്ങളില്‍ ഇപ്പോള്‍ ജീവിതം ദുസ്സഹമാണ്. ഇവരുടെ പ്രതിസന്ധിയില്‍ സഹായിക്കേണ്ട ഉത്തരവാദിത്വം നമുക്ക് ഉണ്ട്". ബിഷപ്പ് പറഞ്ഞു. ആഫ്രിക്കയില്‍ നിന്നും എത്തുന്നവരുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രാദേശിക സഭ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
ഫ്രഞ്ച് ഭാഷയാണ് ഇവര്‍ കൂടുതലായും ഉപയോഗിക്കുന്നത്. ഫ്രഞ്ച് ഭാഷയിലെ ആരാധനയും ഇവര്‍ക്കായി സഭ സംഘടിപ്പിക്കുമെന്ന്‍ രൂപതാവൃത്തങ്ങള്‍ ഏഷ്യ ന്യൂസിനോട് സൂചിപ്പിച്ചു. "ഇന്ത്യയില്‍ എത്തിയ തങ്ങളെ ഏറെ സന്തോഷത്തോടെയാണ് എല്ലാവരും സ്വീകരിക്കുന്നതെന്ന് അഭയാര്‍ത്ഥികളായി എത്തിയ പലരും പറയുന്നു. ബാംഗ്ലൂര്‍ രൂപതാ നല്‍കുന്ന സ്നേഹത്തിനും പരിഗണനക്കും ഏറെ സന്തോഷമുണ്ടെന്ന് നൈജീരിയന്‍ സ്വദേശിയായ ഒഡോ ആമോസ് പറഞ്ഞു. വിശ്വാസ സമൂഹവും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു നല്‍കുന്നതായി അവര്‍ സാക്ഷ്യപ്പെടുത്തുന്നു. അഭയാര്‍ത്ഥികളോട് കരുണയുള്ളവരായിരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ നിരന്തരം ആഹ്വാനം ചെയ്യാറുണ്ട്. ഇതിന്റെ ദൃശ്യമായ പ്രതികരണമാണ് ഭാരത സഭയിലെ ഇത്തരം നടപടികള്‍.
