News - 2025

ക്രൈസ്തവരെ പീഡിപ്പിക്കുന്ന കമ്യൂണിസ്റ്റ് ചൈന 2030-ല്‍ ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ രാജ്യമാകുമെന്ന് പഠനം

സ്വന്തം ലേഖകന്‍ 22-07-2016 - Friday

ബെയ്ജിംഗ്: 2030-ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവരുള്ള രാജ്യമായി ചൈന മാറുമെന്ന് പഠനങ്ങള്‍. 'ഒഎംഎഫ് ഇന്‍ര്‍നാഷണല്‍' എന്ന സ്ഥാപനത്തിലെ റോഡ്‌നി പെന്നിംഗ്ടണ്‍ എന്ന ഗവേഷകന്‍ നടത്തിയ പഠനത്തിലാണ് കമ്യൂണിസ്റ്റ് ചൈന 2030-ല്‍ ലോകത്തെ ഏറ്റവും വലിയ ക്രൈസ്തവ രാജ്യമാകുമെന്ന് പറയുന്നത്. ക്രിസ്ത്യന്‍ പോസ്റ്റ് എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റോഡ്‌നി പെന്നിംഗ്ടണ്‍ ഇതിനെ കുറിച്ച് വിശദമായി പറയുന്നുണ്ട്.

"ഇത്തരത്തിലെ ഒരു പഠനം ചൈനീസ് വിശ്വാസികള്‍ക്ക് ഏറെ പ്രത്യാശ പകരുന്ന ഒന്നാണ്. ദൈവം ഇത്രയും നാള്‍ ചെയ്തു തന്ന കൃപകള്‍ക്കായി ചൈനീസ് വിശ്വാസികള്‍ നന്ദി കരേറ്റുന്നു. ആഗോളതലത്തില്‍ ചൈന ഒരു ക്രൈസ്തവ രാജ്യമായി മാറുന്നതില്‍ അതിയായ സന്തോഷമുണ്ട്". റോഡ്‌നി പെന്നിംഗ്ടണ്‍ പറയുന്നു. എന്നാല്‍ ഇത്തരം ഒരു നേട്ടം കൈവരിക്കുന്നതിലൂടെ മാത്രം അവസാനിക്കുന്നതല്ല ചൈനയിലെ സുവിശേഷ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ചൈനയ്ക്ക് ആത്മായ നേതൃത്വത്തിലേക്കും സഭയുടെ നേതൃത്വത്തിലേക്കും ഉയര്‍ന്നു വരുന്ന നേതാക്കളെ ആവശ്യമാണ്. ക്രൂശിന്റെ വഴിയെ സഞ്ചരിച്ച് ക്ഷമയോടെ ത്യാഗങ്ങള്‍ സഹിക്കുന്ന ജനതയെ ആവശ്യമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ക്കും യുവാക്കള്‍ക്കും സുവിശേഷം അറിയിച്ചു നല്‍കുന്ന നേതാക്കളും ചൈനീസ് സഭയില്‍ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ചൈനീസ് ക്രൈസ്തവനും ജനാധിപത്യ സംരക്ഷണ പ്രവര്‍ത്തകനുമായ യൂവ് ജി ചൈനയിലെ പുതിയ മാറ്റങ്ങളെ സംബന്ധിച്ച് 'ഫസ്റ്റ് തിംഗ്' എന്ന മാസികയില്‍ ഒരു ലേഖനം എഴുതിയിരുന്നു. ലേഖനത്തില്‍ അദ്ദേഹം ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ നടത്തുന്നു. ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങളും വിചാരണകളും മുമ്പത്തേക്കാളും ചൈനയില്‍ കൂടുതലാണ്. എന്നാല്‍ ഇതിനെ ധൈര്യപൂര്‍വ്വം നേരിടുന്ന ഒരു ക്രൈസ്തവ സമൂഹം ഇന്ന് ചൈനയില്‍ ഉയര്‍ന്നു വന്നിരിക്കുന്നതായും അദ്ദേഹം തന്റെ ലേഖനത്തില്‍ പറയുന്നു.

1966-ല്‍ മാവോ സെയ്തൂംഗിന്റെ നേതൃത്വത്തില്‍ നടന്ന സാംസ്‌കാരിക വിപ്ലവവും 1989-ല്‍ നടന്ന ചിയാന്‍മിന്‍ സ്വകയര്‍ കൂട്ടക്കൊലയുമെല്ലാം ലക്ഷകണക്കിന് ആളുകളുടെ ജീവന്‍ അപഹരിച്ചു. ഇതിനാല്‍ തന്നെ ആളുകള്‍ മനുഷ്യരെ കൊന്നുതള്ളുന്ന ഇത്തരം ആശയങ്ങളെ വെറുക്കുകയാണ്. ഒരു തരത്തില്‍ ക്രൈസ്തവ മതം ചൈനയില്‍ ഇത്രയും വളരാന്‍ കാരണം തന്നെ ഭരണാധികാരികളുടെ ഭാഗത്തുനിന്നുള്ള ഇത്തരം നടപടികളാണെന്നും യൂവ് ജി നിരീക്ഷിക്കുന്നു.

പുര്‍ഡിയൂ സര്‍വ്വകലാശാലയിലെ മതപരമായ കാര്യങ്ങള്‍ പഠിക്കുന്ന സെന്ററിന്റെ ഡയറക്ടര്‍ ഫേങ്കയാംഗ് യാംഗ് ശാസ്ത്രീയമായ കണക്കുകള്‍ നിരത്തി മേല്‍പറഞ്ഞ വസ്തുതകള്‍ ശരിയാണെന്ന് തെളിയിക്കുന്നു. ക്രൈസ്തവിശ്വാസത്തില്‍ ഒരോ വര്‍ഷവും ചൈനയില്‍ 10 ശതമാനം വര്‍ധനയാണ് ഉണ്ടാകുന്നത്. 1980-ല്‍ മൂന്നു മില്യണ്‍ ക്രൈസ്തവരാണ് ചൈനയില്‍ ഉണ്ടായിരുന്നത്. 2010-ല്‍ ഇത് 58 മില്യണായി കുത്തനെ ഉയര്‍ന്നു. 2025-ല്‍ ഇത് 255 മില്യണാകുമെന്നും അദ്ദേഹം പ്രവചിക്കുന്നു.

ക്രൈസ്തവരുടെ എണ്ണത്തില്‍ ഇത്രയും വലിയ വര്‍ധന ഉണ്ടാകുന്നുണ്ടെങ്കിലും അവര്‍ക്കു നേരെയുള്ള ആക്രമണവും ചൈനയില്‍ കൂടിവരികയാണ്. നിയമപരമായിട്ടല്ല പള്ളികള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് പറഞ്ഞ് 200-ല്‍ അധികം പള്ളികള്‍ 2014 മുതലുള്ള കാലയളവില്‍ ഇവിടെ തകര്‍ക്കപ്പെട്ടു. രണ്ടായിരത്തില്‍ അധികം ക്രൂശുകള്‍ ചൈനയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭരണകൂടം തന്നെ തകര്‍ത്തു കളഞ്ഞു. ഇത്തരം പീഡനങ്ങളുടെ നടുവിലും വളരുകയാണ് ചൈനയിലെ സഭ. കണക്കുകള്‍ ശരിയാണെങ്കില്‍ 2030-ല്‍ ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവരാജ്യം എന്ന ലക്ഷ്യത്തിലേക്ക്.


Related Articles »