News - 2025

മിഷ്‌നറീസ് ഓഫ് ആഫ്രിക്കയുടെ 125-ാം വാര്‍ഷികം ആഘോഷിക്കുവാന്‍ സാംബിയ ഒരുങ്ങി

സ്വന്തം ലേഖകന്‍ 23-07-2016 - Saturday

സാംബിയ: കത്തോലിക്ക വൈദിക സമൂഹമായ 'മിഷ്‌ണറീസ് ഓഫ് ആഫ്രിക്ക' സാംബിയയിലെ തങ്ങളുടെ ദൗത്യം ആരംഭിച്ചതിന്റെ 125-ാം വാര്‍ഷികം ആഘോഷിക്കുവാന്‍ ഒരുങ്ങുന്നു. ആഗസ്റ്റ് ആറാം തീയതി കസാമ രൂപതയില്‍ സ്ഥിതി ചെയ്യുന്ന മാംബേ മ്വീലയിലെ ദേവാലയത്തിലാണ് പ്രധാന ആഘോഷങ്ങള്‍ നടക്കുക. മംപോഡയില്‍ നിന്നും ടന്‍സാനിയയിലേക്കുള്ള തങ്ങളുടെ യാത്രാ മധ്യേയാണ് വൈദിക സമൂഹം ഇവിടെ തങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചത്. 1895-ല്‍ വൈദികനായ അച്ചിലി വാന്‍ ഔസ്റ്റ് ആണ് സാംബിയയിലെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പഴയ ദേവാലയത്തിന്റെ ശേഷിപ്പുകള്‍ ഇപ്പോഴും ഇവിടെ കാണുവാന്‍ കഴിയും. 46 കിലോമീറ്റര്‍ സഞ്ചരിച്ചാണ് തീര്‍ത്ഥാടകര്‍ പഴയ ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തിലേക്ക് എത്തുന്നത്. വൈറ്റ് ഫാദേഴ്‌സ് എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്.

മാംബേയില്‍ ആദ്യമായി സ്ഥാപിതമായ ദേവാലയത്തിലേക്ക് നടത്തുന്ന കാല്‍നട തീര്‍ത്ഥാടന യാത്രയാണ് ആഘോഷങ്ങളുടെ പ്രധാന പരിപാടി. സുവിശേഷ പ്രവര്‍ത്തനം ദുഷ്‌കരമായ ഒരു പ്രദേശത്തേക്ക് ആദ്യമായി കടന്നു വന്ന വൈദികരെ ആഘോഷ പരിപാടികളില്‍ പ്രത്യേകം സ്മരിക്കും. അവര്‍ പാകിയ സുവിശേഷത്തിന്റെ വിത്തുകള്‍ മുളച്ചാണ് ഇന്ന് കാണുന്ന ക്രൈസ്തവ സഭ സാംബിയയില്‍ വളര്‍ന്നു വന്നത്. മിഷ്‌നറീസ് ഓഫ് ആഫ്രിക്കയിലെ സഭാംഗങ്ങളായ നിരവധി വൈദികര്‍ തീര്‍ത്ഥാടന ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം വഹിക്കും". കസാമ രൂപത നടത്തുന്ന 'ലുത്താന എഫ്എം' റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഫാദര്‍ സ്റ്റാന്‍ലി പറയുന്നു.


Related Articles »