News - 2025
ഹൈവേ മിനിസ്ട്രീസ് കരുണയുടെ വര്‍ഷത്തില്‍ പ്രത്യേക റോഡ് ബോധവല്‍ക്കരണ പദ്ധതി നടപ്പിലാക്കുന്നു
സ്വന്തം ലേഖകന്‍ 23-07-2016 - Saturday
മാന്‍ഡ്രിഡ്: റോഡുകളില്‍ നടക്കുന്ന അപകടങ്ങള്‍ പരമാവധി കുറയ്ക്കുവാന്‍ വേണ്ടി തന്റെ സേവനം മാറ്റിവച്ചിരിക്കുന്ന ഒരു വൈദികനുണ്ട് സ്‌പെയിനില്‍. ഫാദര്‍ ജോസ് ഒമെന്റി. തന്റെ സുവിശേഷ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് 'ഹൈവേ മിനിസ്ട്രി' എന്ന സ്പാനിഷ് ബിഷപ്പുമാര്‍ നേതൃത്വം വഹിക്കുന്ന റോഡ് സുരക്ഷാ പദ്ധതിയെ ഫാദര്‍ ജോസ് ഒമെന്റി കണക്കാക്കുന്നത്. കരുണയുടെ വര്‍ഷത്തില്‍ വാഹനമോടിക്കുന്നവരും കരുണയുള്ളവരായിരിക്കണമെന്നതാണ് ഈ വൈദികന് ഡ്രൈവറുംമാരോട് പറയുവാനുള്ളത്. റോഡ് സുരക്ഷയുടെ ഭാഗമായി നിരവധി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും കരുണയുടെ വര്‍ഷത്തില്‍ ഹൈവേ മിനിസ്ട്രി നടത്തുന്നുണ്ട്.
ഹൈവേ മിനിസ്ട്രി എന്ന പദ്ധതി തുടങ്ങുവാന്‍ ഇടയായത് തന്നെ ഒരു വൈദികനിലൂടെയാണ്. 1962-ലെ ക്രിസ്തുമസ് രാത്രിയില്‍ തന്റെ നഗരത്തില്‍ നിന്നും മറ്റോരു നഗരത്തിലേക്ക് യാത്ര ചെയ്യുവാന്‍ വാഹനം കാത്തു നില്‍ക്കുകയായിരുന്നു വൈദികന്‍. എന്നാല്‍, ഏറെ നേരം കാത്തു നിന്നിട്ടും അദ്ദേഹത്തിന് ഒരു കാര്‍ ലഭിച്ചില്ല. പിന്നീട് അതു വഴി വന്ന ഒരു ട്രക്കുകാരനാണ് വൈദികനെ ലക്ഷ്യത്തില്‍ എത്തിച്ചേരുവാന്‍ സഹായിച്ചത്. ക്രിസ്തുമസ് ദിനത്തില്‍ കുടുംബത്തോടൊപ്പം ആഹാരം കഴിക്കുവാന്‍ സാധിക്കാത്തതില്‍ ട്രക്കുകാരന്‍ ഏറെ ദുഃഖിച്ചിരുന്നു. വഴിമധ്യേ നടന്ന അപകടം മൂലമാണ് കൃത്യസമയത്ത് അദ്ദേഹത്തിന് തന്റെ കുടുംബത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കാതെയിരുന്നത്. അപകടങ്ങള്‍ ഒഴിവാക്കുവാന്‍ ആരും ഒന്നും ചെയ്യുന്നില്ലെന്ന ട്രക്ക് ഡ്രൈവറുടെ പരാതിയില്‍ നിന്നുമാണ് ഹൈവേ മിനിസ്ട്രി രൂപപ്പെടുത്തുവാനുള്ള താല്‍പര്യം യാത്രക്കാരനായ ആ വൈദികന് ലഭിച്ചത്.
ക്രിസ്തുമസ് ദിനത്തിലെ ട്രക്ക് യാത്രക്കാരനായ വൈദികന്‍ തുടങ്ങിയ ഹൈവേ മിനിസ്ട്രി പിന്നീട് സ്പാനിഷ് ബിഷപ്പുമാര്‍ ഏറ്റെടുത്തു. ഇപ്പോള്‍ അതിന്റെ ചുമതല സഹിക്കുന്നത് ഫാദര്‍ ജോസ് ഒമെന്റിയാണ്."കരുണയുള്ളവര്‍ അനുഗ്രഹീതരാകും" എന്ന പ്രത്യേക പ്രചാരണം കരുണയുടെ വര്‍ഷത്തില്‍ ഹൈവേ മിനിസ്ട്രീസ് നടത്തുന്നുണ്ട്. ജീവിതത്തിന്റെ ഭൂരിഭാഗം സമയവും വാഹനം ഓടിക്കുന്നവരെ ഉദ്ദേശിച്ചാണ് ഈ പ്രചാരണ പരിപാടി നടത്തുന്നത്. ട്രക്ക് ഡ്രൈവറുമാരാണ് ഇതില്‍ കൂടുതലും പങ്കെടുക്കുന്നത്. ആംബുലന്‍സ്, ബസ് തുടങ്ങിയ വാഹനങ്ങള്‍ ഓടിക്കുന്നവരും ടാക്‌സി ഡ്രൈവറുമാരും കാല്‍നടയാത്രക്കാരുമെല്ലാം ഈ പദ്ധതിയുടെ ഭാഗമാകുന്നുണ്ട്.
പദ്ധതിയുടെ ഭാഗമായി ട്രക്ക് ഡ്രൈവറുമാരുടെ കുടുംബത്തെ പ്രത്യേക വാഹനങ്ങളില്‍ എത്തിക്കുകയും അവരോടൊപ്പം പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്നു. ഫാദര്‍ ജോസ് ഒമെന്റിയയുടെ നേതൃത്വത്തില്‍ പിന്നീട് വിശുദ്ധ ജലം തളിച്ച് ട്രക്കുകള്‍ അനുഗ്രഹിച്ചു പ്രാര്‍ത്ഥിക്കുന്നു. വിശുദ്ധ ക്രിസ്റ്റഫറിന്റെ പ്രാര്‍ത്ഥന അച്ചടിച്ച പ്രത്യേക കാര്‍ഡുകളും വാഹനങ്ങളില്‍ സൂക്ഷിക്കുവാന്‍ നല്‍കുന്നു. വാഹനം ഓടിക്കുന്നവര്‍ക്കായുള്ള പ്രാര്‍ത്ഥനയാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിനും പദ്ധതി മുന്‍തൂക്കം നല്‍കുന്നു.
നവംബര്‍ മാസം റോഡപകടങ്ങളില്‍ മരിച്ചവരെ ഓര്‍ത്ത് പ്രത്യേക കുര്‍ബാനയും ഹൈവേ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടക്കുന്നു. റോഡില്‍ ജീവന്‍ നഷ്ടമായവരുടെ ബന്ധുക്കളെ ഓര്‍ത്ത് പ്രത്യേകം പ്രാര്‍ത്ഥിക്കുകയും അവര്‍ക്കുള്ള സ്വാന്തന വചനങ്ങള്‍ ഒരു ദിവസം നടത്തുന്ന പ്രത്യേക ക്ലാസില്‍ നല്‍കുകയും ചെയ്യുന്നു. യാത്രകള്‍ നടത്തുന്നത് നല്ലതാണെന്നും അത് സുരക്ഷിതമാകണമെന്നും പറയുന്ന ഫാദര്‍ ജോസ് ഒമെന്റിന്‍ പുണ്യസ്ഥലങ്ങളും യാത്രകളുടെ ഭാഗമാക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു."റോഡില്‍ വാഹനം ഓടിക്കുമ്പോള്‍ അതിനെ ആസ്വദിക്കുക. യാത്രയില്‍ ഒരു പള്ളിമണിയുടെ മുഴക്കം കേള്‍ക്കുമ്പോള്‍ നിങ്ങളുടെ ആത്മാവിനെ ദൈവത്തിന്റെ സന്നിധിയിലേക്ക് ഉയര്‍ത്തുക".വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ വാക്കുകളും ഡ്രൈവറുമാരോട് ജോസ് അച്ചന്‍ ഓര്‍മ്മിപ്പിക്കുന്നു.
