Youth Zone - 2025

നോമ്പുകാല പ്രാര്‍ത്ഥനാ-ഉപവാസം ആരംഭിച്ചയുടന്‍ തന്നെ അബോര്‍ഷനിരയാകേണ്ടിയിരുന്ന ഒരു കുരുന്ന് ജീവനെ രക്ഷിക്കുവാന്‍ കഴിഞ്ഞുവെന്ന്‍ സ്പാനിഷ് പ്രൊ-ലൈഫ് സംഘടന.

പ്രവാചകശബ്ദം 24-02-2023 - Friday

തങ്ങളുടെ നോമ്പുകാല പ്രാര്‍ത്ഥനാ-ഉപവാസ പ്രചാരണം ആരംഭിച്ച ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അബോര്‍ഷന്‍ കച്ചവടത്തിനിരയാകേണ്ടിയിരുന്ന ഒരു കുരുന്ന് ജീവനെ മാഡ്രിഡിലെ ഡേറ്റര്‍ അബോര്‍ഷന്‍ കേന്ദ്രത്തിന്റെ കവാടത്തില്‍ വെച്ച് രക്ഷിക്കുവാന്‍ കഴിഞ്ഞുവെന്ന് സ്പെയിനിലെ ‘ജീവന് വേണ്ടി 40 ദിവസങ്ങള്‍’ (40 ഡെയ്സ് ഫോര്‍ ലൈഫ്) എന്ന പ്രൊ-ലൈഫ് സംഘടന അറിയിച്ചു. “ഇന്ന് ഒരു അമ്മ തന്റെ കുഞ്ഞിന്റെ ജീവന്‍ തിരഞ്ഞെടുത്തു” എന്നാണ് സംഘടന തങ്ങളുടെ സമൂഹ മാധ്യമ അക്കൌണ്ടുകളിലൂടെ ഈ വാര്‍ത്തയെക്കുറിച്ച് പറഞ്ഞത്. അമ്മയും, അവരുടെ പങ്കാളിയും അബോര്‍ഷന്‍ കേന്ദ്രത്തിന്റെ ഉള്ളിലായിരുന്നപ്പോള്‍, അബോര്‍ഷനെ കുറിച്ച് നിരവധി സംശയങ്ങള്‍ ഉണ്ടായിരുന്ന അമ്മൂമ്മയാണ് തന്റെ പേരമകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ‘40 ഡെയ്സ് ഫോര്‍ ലൈഫ്’ന്റെ സന്നദ്ധ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചത്. കുറച്ചു സമയത്തിനു ശേഷം ഒരു അള്‍ട്രാസൗണ്ട് സ്കാന്നിംഗ് ചെയ്യാമെന്ന്‍ സമ്മതിക്കുകയും, ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്തുകൊണ്ടാണ് അവര്‍ ആ അബോര്‍ഷന്‍ കേന്ദ്രം വിട്ടു പോയതെന്നാണ് സംഘടനയുടെ ട്വീറ്റില്‍ പറയുന്നത്. അബോര്‍ഷന് ബദലായിട്ടുള്ള മാര്‍ഗ്ഗങ്ങള്‍ അന്വോഷിക്കുന്ന സ്ത്രീകള്‍ക്ക് അള്‍ട്രാസൗണ്ട് സ്കാന്നിംഗ് പോലെയുള്ള സഹായങ്ങളും, നിയമോപദേശങ്ങളും നല്‍കുക എന്ന ലക്ഷ്യത്തോടെ അബോര്‍ഷന്‍ കേന്ദ്രത്തിന്റെ മുന്നില്‍ സ്ഥാപിച്ചിട്ടുള്ള ‘പ്രൊ-ലൈഫ് ഷെല്‍ട്ടര്‍’ ഇതിന് വേണ്ടി നടത്തിയ ഇടപെടലിന് നന്ദി പറയുവാനും സംഘടന മറന്നില്ല. എല്ലാ പ്രൊ-ലൈഫ് സംഘടനകള്‍ക്കും പ്രൊ-ലൈഫ് ഷെല്‍ട്ടറിന്റെ സഹായം തേടാവുന്നതാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്ത പ്രൊ-ലൈഫ് ഷെല്‍ട്ടറിന്റെ ചിലവുകള്‍ വഹിക്കുന്നത് ‘ഹാസ്ടെഒയിര്‍.ഓര്‍ഗ്’ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘ഡെറെക്കോ എ വിവിര്‍’ എന്ന പ്രൊ-ലൈഫ് തട്ടകമാണ്. സ്പെയിനില്‍ ഉടനീളമുള്ള 25 അബോര്‍ഷന്‍ കേന്ദ്രങ്ങളുടെ മുന്നില്‍ 40 ഡെയ്സ് ഫോര്‍ ലൈഫ് നോമ്പുകാല പ്രാര്‍ത്ഥനയും ഉപവാസവും സംഘടിപ്പിക്കുന്നുണ്ട്. മാര്‍ച്ച് 12-ന് ഉച്ചക്ക് മാഡ്രിഡില്‍ വെച്ച് നടക്കുന്ന വാര്‍ഷിക യെസ് റ്റു ലൈഫ് റാലിയെക്കുറിച്ചുള്ള പ്രഖ്യാപനം ഇക്കഴിഞ്ഞ വിഭൂതി തിരുനാള്‍ ദിനത്തില്‍ സംഘടന നടത്തുകയുണ്ടായി. വിവിധ സാക്ഷ്യങ്ങളും, സംഘടനയുടെ ലക്ഷ്യപ്രഖ്യാപനത്തിന്റെ വായനയും, സംഗീതപരിപാടിയും, അബോര്‍ഷനിലൂടെ ഇല്ലാതാക്കപ്പെട്ട കുരുന്ന് ജീവനുകളുടെ ഓര്‍മ്മക്കായി ബലൂണുകള്‍ പറത്തലും ഇക്കൊല്ലത്തെ യെസ് റ്റു ലൈഫ് റാലിയുടെ ഭാഗമായുണ്ടാകുമെന്നും സംഘടനയുടെ പ്രഖ്യാപനത്തില്‍ പറയുന്നു. ജീവന്റെ മഹത്വവും, മൂല്യവും കാണിക്കുന്നതിനായി നിലകൊള്ളുവാനുള്ള സമയമായി എന്നാണ് സ്പാനിഷ് ഫെഡറേഷന്‍ ഓഫ് പ്രൊ-ലൈഫ് അസോസിയേഷന്റെ പ്രസിഡന്റായ അലീഷ്യ ലാറ്റോറെ പറയുന്നത്.


Related Articles »