News - 2025

ഹിറ്റ്‌ലര്‍ കൂട്ടക്കൊല നടത്തിയ ക്യാമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിച്ചു

സ്വന്തം ലേഖകന്‍ 30-07-2016 - Saturday

ഔഷ്വിറ്റ്‌സ്: രണ്ടാം ലോകമഹായുദ്ധ കാലത്ത് ജൂതന്‍മാരുടെ കൂട്ടക്കൊലയ്ക്ക് വേദിയായ ഔഷ്വിറ്റ്‌സിലെ ക്യാമ്പില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശനം നടത്തി. മരണം തളംകെട്ടി നില്‍ക്കുന്ന നിരത്തിലൂടെ മൗനിയായി നടന്ന പിതാവ് ക്യാമ്പിനുള്ളില്‍ കടന്ന് ഒരു ചെറു ബഞ്ചില്‍ ഏറെ നേരം പ്രാര്‍ത്ഥനയില്‍ മുഴുകി. രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത് ഹിറ്റ്‌ലര്‍ ഒരു മില്യണ്‍ ആളുകളെ ഈ ക്യാമ്പില്‍ വച്ച് കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഇതില്‍ ബഹുഭൂരിപക്ഷവും ജൂതന്‍മാരായിരുന്നു.

ക്രാക്കോവില്‍ നിന്നും ഹെലിക്കോപ്റ്ററില്‍ ഔഷ്വിറ്റ്‌സിലേക്ക് എത്തുവാനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ മോശം കാലവസ്ഥയെ തുടര്‍ന്ന് 40 മൈല്‍ ദൂരം കാറില്‍ സഞ്ചരിച്ചാണ് പിതാവ് ഇവിടെ എത്തിയത്. ക്യാമ്പിലേക്ക് കടക്കുന്നതിനു മുമ്പ് 'ആര്‍ബിറ്റ് മാച്ചറ്റ് ഫ്രീയി' എന്ന് എഴുതിയിരിക്കുന്ന കുപ്രസിദ്ധ ഗേറ്റ് കടക്കണം. വെള്ളകുപ്പായം ധരിച്ചെത്തിയ പാപ്പ തലകുമ്പിട്ട് ഇവിടം കടന്ന് ക്യാമ്പിലേക്ക് പ്രവേശിച്ചു. തന്റെ മുന്‍ഗാമികളായ രണ്ടു മാര്‍പാപ്പമാരും സന്ദര്‍ശനം നടത്തിയ സ്ഥലത്തേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയും എത്തി ചരിത്രത്തിന്റെ ഭാഗമായി മാറി.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും, ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പയും ഇതിനു മുമ്പ് ഈ ക്യാമ്പില്‍ എത്തിയിട്ടുണ്ട്. ഈ രണ്ടു മാര്‍പാപ്പമാര്‍ക്കും ഹിറ്റ്‌ലര്‍ കൊടുംക്രൂരത നടത്തിയ ഈ സ്ഥലവുമായി വ്യക്തിപരമായ ബന്ധവുമുണ്ട്. 1979-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ഇവിടെ സന്ദര്‍ശനം നടത്തിയപ്പോള്‍ അത് ചരിത്രത്തിന്റെ ഭാഗമായി മാറിയിരുന്നു. ജൂതന്‍മാരുമായി അറ്റുപോയ ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തന്റെ സന്ദര്‍ശനത്തിലൂടെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ തുടക്കം കുറിച്ചു. പോളണ്ടുകാരനായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ രണ്ടാം ലോകമഹായുദ്ധത്തിന്റെ ദുരിതം തന്റെ വ്യക്തിപരമായ ജീവിതത്തില്‍ ഏറെ ഏറ്റുവാങ്ങിയ വ്യക്തിയാണ്.

2006-ല്‍ ആണ് ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പ ഇവിടെ സന്ദര്‍ശനം നടത്തിയത്. ഹിറ്റ്‌ലറുടെ നാടായ ജര്‍മനി തന്നെയാണ് ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പയുടേയും സ്വദേശം. സ്വഛാധിപതിയായിരുന്ന ഹിറ്റ്‌ലറുടെ യുവാക്കളുടെ സംഘടനയില്‍ ചെറുപ്പത്തില്‍ പ്രവര്‍ത്തിക്കേണ്ടി വന്ന വ്യക്തിയാണ് ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പ. ഇത്തരം പല സാഹചര്യങ്ങള്‍ മൂലം രണ്ടു മാര്‍പാപ്പമാര്‍ക്കും വ്യക്തിപരമായ ഓര്‍മ്മകളും ബന്ധവും നിറഞ്ഞു നില്‍ക്കുന്ന ഇടത്തിലേക്കാണ് അര്‍ജന്റീനക്കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ എത്തിയത്. മറ്റു രണ്ടു മാര്‍പാപ്പമാരേയും അപേക്ഷിച്ച് ഈ പ്രദേശവുമായി വ്യക്തിപരമായ ബന്ധമില്ലാത്ത വ്യക്തിയാണ് ഫ്രാന്‍സിസ് പാപ്പ. എന്നാല്‍, പരിശുദ്ധ പിതാവ് ഇവിടെ എത്തിയപ്പോള്‍ അത് സാര്‍വത്രിക മാനവ ഐക്യത്തിന്റെ വിളമ്പരമായി മാറി.

അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പോളണ്ടില്‍ എത്തിയിരിക്കുന്നത്. തന്റെ മൂന്നാം ദിന സന്ദര്‍ശന പരിപാടിയിലാണ് പിതാവ് ഔഷ്വിറ്റ്‌സ് സന്ദര്‍ശനം നടത്തിയത്. ലോകയുജന ദിനസമ്മേളനത്തില്‍ പങ്കെടുക്കുകയും സന്ദേശം നല്‍കുകയുമാണ് പിതാവിന്റെ സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശങ്ങളില്‍ ഒന്ന്. യുവാക്കളോടൊപ്പം പിതാവ് കുരിശിന്റെ വഴി അര്‍പ്പിക്കുകയും ചെയ്യും.