News - 2025

മദര്‍തെരേസയുടെ ഉപദേശത്തിനെ തുടര്‍ന്ന് എയ്ഡ്‌സ് രോഗികളുടെ ആശ്വാസമായി മാറിയ ടോണി

സ്വന്തം ലേഖകന്‍ 03-08-2016 - Wednesday

ന്യൂയോര്‍ക്ക്: മദര്‍തെരേസയുടെ ഉപദേശവും സ്‌നേഹവും ഏറ്റുവാങ്ങുവാന്‍ കഴിഞ്ഞതിനാല്‍ എയ്ഡ്‌സ് രോഗികളുടെ പരിപാലനയില്‍ ദൈവകൃപ കണ്ടെത്തുവാന്‍ കഴിഞ്ഞ വ്യക്തിയാണ് ടോണി കൊണ്‍ട്രിയോ. ലോക പ്രശസ്തമായ മദ്യനിര്‍മ്മാണ കമ്പനിയുടെ പുതിയ തലമുറയിലെ മുതലാളി കൂടിയായിരുന്ന ടോണി, യുഎസില്‍ അറിയപ്പെടുന്ന ഗായകനുമാണ്. ന്യൂയോര്‍ക്ക് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മദര്‍തെരേസ സ്ഥാപിച്ച 'എ ഗിഫ്റ്റ് ഓഫ് ലൗ' എന്ന ആശുപത്രിയിലാണ് അദ്ദേഹം തന്റെ 12 വര്‍ഷത്തെ ശുശ്രൂഷകള്‍ നിര്‍വഹിച്ചിരുന്നത്. മദര്‍ തെരേസ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നോടു പറഞ്ഞ കുറച്ചു വാചകങ്ങളാണ് അദ്ദേഹത്തെ മഹത്വകരമായ ഈ ശുശ്രൂഷയില്‍ നിലനിര്‍ത്തുന്നതെന്നു ഒരു അഭിമുഖത്തില്‍ ടോണി കൊണ്‍ട്രിയോ പറയുന്നു.

"ടോണി ഈ ഒരോ രോഗികളില്‍ നിന്നും നിനക്ക് പലതും പഠിക്കുവാന്‍ കാണും. അവരുടെ ജീവിത കഥകള്‍ അറിയുമ്പോള്‍ നീ അവരെ ഇഷ്ടപ്പെടുക തന്നെ ചെയ്യും". മദര്‍തെരേസ ടോണിയോട് പറഞ്ഞ വാക്കുകളാണ് ഇത്. "ആദ്യം തന്നെ രോഗികളോട് നമ്മള്‍ സ്‌നേഹപൂര്‍വ്വമാണ് ഇടപഴകുന്നതെന്ന് അവര്‍ക്ക് മനസിലാകണം. ഇതിനായി ഞാന്‍ ആശുപത്രിയില്‍ പലതരം ജോലികള്‍ ചെയ്തു. തറ തുടച്ചു, പാചകം ചെയ്തു, ഫോണ്‍ വിളികള്‍ക്ക് ഉത്തരങ്ങള്‍ നല്‍കുവാന്‍ റിസപ്ഷനില്‍ ഇരുന്നു, പ്രായമായ രോഗികളുടെ ഡൈപറുകള്‍ മാറ്റി കെട്ടുവാന്‍ സഹായിച്ചു. അങ്ങനെ പലതും. കാരണം, എയ്ഡ്‌സ് ഒരു സാധാരണ രോഗമല്ല. സ്‌നേഹപൂര്‍വ്വമായ പരിചരണം ആവശ്യമുള്ള ഒന്നാണ് ഇത്". ടോണി കൊണ്‍ട്രിയോ പറയുന്നു.

എയ്ഡ്‌സ് ബാധിക്കുന്നവരെ ശുശ്രൂഷിക്കുമ്പോള്‍ അവരുമായി താന്‍ വലിയ മാനസിക അടുപ്പം കാത്തു സൂക്ഷിച്ചിരുന്നതായും ടോണി പറയുന്നു. രോഗികളും ഇത്തരത്തില്‍ നമ്മേ തിരികെ സ്‌നേഹിക്കുകയും അവരുടെ ജീവിതങ്ങള്‍ നമ്മോടു പറയുവാന്‍ താല്‍പര്യപൂര്‍വ്വം മുന്നോട്ടു വരികയും ചെയ്യുമെന്നും ടോണി തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നു. താന്‍ സ്‌നേഹിക്കുകയും തന്നെ സ്‌നേഹിക്കുകയും ചെയ്ത പല രോഗികളും പിന്നീട് മരണത്തിന് കീഴ്‌പ്പെട്ടപ്പോള്‍ തീവ്രമായ ദുഃഖം ഹൃദയത്തില്‍ ഉണ്ടായതായും ടോണി അനുസ്മരിക്കുന്നു. ഇത്തരത്തില്‍ തന്റെ ഹൃദയത്തെ വേദനിപ്പിച്ച അബ്രഹാം എന്ന യുവാവിന്റെ കഥയും ടോണി തന്റെ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നുണ്ട്.

"അബ്രഹാം മദര്‍തെരേസയുടെ കേന്ദ്രത്തിലേക്ക് എത്തുന്നത് എയ്ഡ്‌സ് രോഗം തീവ്രമായി മൂര്‍ഛിച്ച സമയത്താണ്. അദ്ദേഹത്തിന്റെ കാഴ്ച നഷ്ടപ്പെട്ടു തുടങ്ങിയതിനാല്‍ ഒരു ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടറുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ രോഗത്തിന്റെ സ്ഥിതി തീവ്രമായിരുന്നതിനാല്‍ ഡോക്ടറുമാര്‍ അതില്‍ നിന്നും പിന്‍മാറി. ഈ സമയത്താണ് സിസ്റ്ററുമാര്‍ എന്നോട് അബ്രഹാമിനോട് സംസാരിക്കുവാന്‍ പറഞ്ഞത്. അബ്രഹാം എന്നോട് വളരെ വേഗം അടുത്തു. നീട്ടി വളര്‍ത്തിയ മുടിയുള്ള വ്യക്തിയായിരുന്ന അയാള്‍. തനിക്ക് മരിക്കുവാന്‍ ഭയമില്ലെന്നും വേദന സഹിച്ചു ജീവിക്കുവാനാണ് കഴിയാത്തതെന്നും അയാള്‍ എന്നോട് പറഞ്ഞു". ടോണി തുടര്‍ന്നു.

"ഒരു ദിവസം ഞാന്‍ ചെന്നപ്പോള്‍ നീളന്‍ മുടി മുറിച്ച അബ്രഹാമിനെ ആണ് കണ്ടത്. അയാള്‍ കരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞ വാക്കുകള്‍ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ടോണി എനിക്കൊരു സ്ത്രീയായി മരിക്കണമെന്നതാണ് ആഗ്രഹം. ഞാന്‍ അതിനായി ചില ശസ്ത്രക്രിയകളും നടത്തി. അങ്ങനെയാണ് എനിക്ക് എയ്ഡ്‌സ് പിടിപെട്ടത്. ഈ വിവരം ആര്‍ക്കും അറിയില്ല. എനിക്ക് ഒരു സ്ത്രീയായി മരിക്കുവാന്‍ കഴിയുമോ". ടോണി തന്റെ അനുഭവം പറയുന്നു.

പിന്നീട് എല്ലാ ദിവസവും താന്‍ അബ്രഹാമിനെ കാണുവാന്‍ പോയിരുന്നതായി ടോണി പറയുന്നു. പുഞ്ചിരിയോടെ മാത്രം തന്നെ സ്വീകരിച്ച അബ്രഹാം കുറച്ചു നാളുകള്‍ക്ക് ശേഷം മരിച്ചു. ഒരു സ്ത്രീയാകണമെന്ന ആഗ്രഹം അയാള്‍ക്ക് സാധിക്കുവാന്‍ പറ്റിയില്ല. ഇത്തരം ഒരു തെറ്റായ ചിന്ത അയാളെ രോഗിയാക്കിയ സംഭവം തന്റെ ജീവിതത്തിലെ മറക്കുവാന്‍ കഴിയാത്ത സംഭവമാണെന്ന് ടോണി പറയുന്നു. ഹൃദയം തകര്‍ന്ന എയ്ഡ്‌സ് രോഗികളുമായി ചേര്‍ന്നു നില്‍ക്കുവാനും അവരുടെ സങ്കടങ്ങള്‍ കേള്‍ക്കുവാനും അവരെ ആശ്വസിപ്പിക്കുവാനും കഴിഞ്ഞത് മദര്‍തെരേസ എന്ന പാവങ്ങളുടെ അമ്മയുടെ ഉപദേശത്തിന്റെ ഫലമാണെന്ന് ടോണി അനുസ്മരിക്കുന്നു.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക