Meditation. - August 2025

ക്രിസ്തുവിന്റെ ജീവിതമാകുന്ന സന്ദേശം ഇടമുറിയാതെ സംപ്രേഷണം ചെയ്യുന്നവര്‍

സ്വന്തം ലേഖകന്‍ 07-08-2016 - Sunday

''ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല'' (മത്തായി 16:18).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 7

കൈയ്യില്‍ താക്കോലുമായി നില്‍ക്കുന്ന രീതിയിലാണ് വി. പത്രോസിനെ മിക്കപ്പോഴും ചിത്രീകരിച്ചിരിക്കുന്നത്. സ്വര്‍ഗ്ഗകവാടം തുറക്കാവുന്ന താക്കോലുകളാണവ; അങ്ങനെ സ്വര്‍ഗീയ പ്രവേശനം സഭയിലൂടെ അനായാസമാക്കപ്പെടുന്നു. അപ്പസ്‌തോലന്മാരുടെ കാലം മുതല്‍ ഇങ്ങോട്ടു ക്രിസ്തുവിന്റെ ജീവിതമാകുന്ന സന്ദേശം ഇടമുറിയാതെ സംപ്രേഷണം ചെയ്യുന്നവരാണ് സഭാവക്താക്കള്‍. സുവിശേഷമാകുന്ന മൂലധനം സ്വീകരിച്ചവരാണവര്‍. ക്രൈസ്തവരുടെ ഐക്യവും, പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഉത്സാഹവും, കൂദാശകളുടെ ലഭ്യതയും സഭയുടെ ഉത്തരവാദിത്വമാണ്. സഭ നല്‍കുന്നത് വെറും പൊള്ളയായ ഉപദേശങ്ങളല്ല, മറിച്ച്, ദൈവരാജ്യത്തിന്റെ കല്‍പനകളാണ് വിശ്വാസികളിലേക്ക് എത്തിക്കുന്നത്.

മെത്രാന്റെ പൂര്‍ണ്ണ പൗരോഹിത്യത്തില്‍ പങ്ക് വഹിക്കുന്നത് വൈദികരാണ്. ഞാന്‍ റോമിന്റെ മെത്രാനാണ്, അപ്പസ്‌തോലനായ പത്രോസിന്റെ പിന്‍ഗാമിയാണ്. എന്റെ ഭരണകാലത്ത്, ചെമ്മരിയാടുകളേയും കുഞ്ഞാടുകളേയും ആകമാനം പരിപാലിക്കുവാനും, എന്റെ സഹോദരരായ മെത്രാന്മാരോട് ചേര്‍ന്ന്, എല്ലാ ദൈവാലയങ്ങളുടെയും ഐക്യത്തിനും വിശ്വസ്തതയ്ക്കും, പുരോഗതിക്കും വേണ്ടി സേവനം ചെയ്യുവാനും കര്‍ത്താവ് എന്നോട് കല്‍പ്പിച്ചിരിക്കുകയാണ്. എനിക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുക. നമുക്ക് അന്യോന്യം പ്രാര്‍ത്ഥിക്കാം.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ലിയോണ്‍സ്, 5.10.86).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »