India - 2024

മണിപ്പൂരിലെ 60 വിദ്യാർത്ഥികൾക്കു സൗജന്യ പഠനസൗകര്യം ഒരുക്കി ചങ്ങനാശേരി അതിരൂപതയും

പ്രവാചകശബ്ദം 07-08-2023 - Monday

ചങ്ങനാശേരി: ദുരിതങ്ങളുടെ തീരാക്കയത്തില്‍ നിന്നു കരകയറുവാന്‍ ശ്രമിക്കുന്ന കലാപ കലുഷിതമായ മണിപ്പൂരിലെ പ്രതിസന്ധിയിൽ പഠനം മുടങ്ങിയ 60 വിദ്യാർത്ഥികൾക്കു കേരളത്തിൽ പഠനസൗകര്യം ഒരുക്കി ചങ്ങനാശേരി അതിരൂപത. അതിരൂപതയുടെ കീഴിലുള്ള തിരുവനന്തപുരം കുറ്റിച്ചൽ ലൂർദ് മാതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ വിവിധ കോഴ്സുകളിലാണ് മണിപ്പുരിൽനിന്നുള്ള വിദ്യാർത്ഥി സംഘത്തിനു പഠന ക്രമീകരണം ഒരുക്കുന്നത്. തികച്ചും സൗജന്യമായി പഠനസൗകര്യം ഒരുക്കുന്നുവെന്നതാണ് ശ്രദ്ധേയമായ വസ്തുത.

വിവിധ എൻജിനിയറിംഗ് ട്രേഡുകളിലും ബികോം, ബിഎ ഇംഗ്ലീഷ്, ഹോട്ടൽ മാനേജ്മെന്റ് തുടങ്ങിയ ആർട്സ് വിഷയങ്ങളിലുമാണ് വിദ്യാർഥികൾ പഠനത്തിനായി ചേർന്നിരിക്കുന്നത്. മണിപ്പൂരിന്റെ വിവിധ മേഖലകളിൽ നിന്നുള്ള കുട്ടികളുടെ അപേക്ഷകൾ സ്വീകരിച്ച് പരീക്ഷകളുടെയും മെരിറ്റിന്റെയും അടിസ്ഥാനത്തിലാണ് വിദ്യാർഥികൾക്കു പ്രവേശനം നൽകിയതെന്നു ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ബിജോയി അറയ്ക്കൽ പറഞ്ഞു. ഇതിനകം ഇരുപതു വിദ്യാർഥികൾ എത്തിക്കഴിഞ്ഞു. ബാക്കിയുള്ള നാല്പ തു വിദ്യാർഥികൾ ഈ ആഴ്ചയിൽ എത്തിച്ചരും. ഈ മാസം 20ന് ക്ലാസുകൾ ആരംഭിക്കും. കോളജിന്റെ രണ്ട് ഹോസ്റ്റലുകളിൽ ഈ കുട്ടികൾക്കു സൗജന്യ താമസവും ഭക്ഷണ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നും ഫാ. ബിജോയി വ്യക്തമാക്കി.

മണിപ്പൂരിൽനിന്നുള്ള കുട്ടികളുടെ പഠനച്ചെലവ് കണ്ടെത്താൻ സുമനസുകളുടെ സഹായം അഭ്യർഥിച്ച് ചങ്ങനാശേരി സഹായമെത്രാനും കുറ്റിച്ചൽ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പ്രസിഡന്റുമായ മാർ തോമസ് തറയിൽ അതിരൂപതയിലെ വിവിധ ഇടവകകളിൽ കത്ത് നൽകിയിട്ടുണ്ട്. ഈ ജീവകാരുണ്യ പദ്ധതിക്കു തുക കണ്ടെത്തി നൽകാൻ മുൻകൈ എടുക്കണമെന്നു കാണിച്ച് അതിരൂപതാ കത്തോലിക്ക കോൺഗ്രസും അംഗങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. നേരത്തെ മണിപ്പൂരി യുവജനങ്ങള്‍ക്ക്‌ സൗജന്യ വിദ്യാഭ്യാസവും ഹോസ്റ്റല്‍ സൗകര്യവും പ്രഖ്യാപിച്ച് ബാംഗ്ലൂര്‍ മെത്രാപ്പോലീത്ത പീറ്റര്‍ മച്ചാഡോ രംഗത്തുവന്നിരിന്നു.


Related Articles »