Meditation. - 2025
ദൈവത്തിന്റെ വെളിച്ചം ഓരോ മനുഷ്യരിലൂടെയും പ്രകാശിക്കുന്നു
സ്വന്തം ലേഖകന്‍ 16-08-2016 - Tuesday
"നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍" (1 കോറിന്തോസ് 6:20).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 16
യുവതീ യുവാക്കളെ, നിങ്ങളുടെ ശരീരത്തേയും മറ്റുള്ളവരുടെ ശരീരത്തേയും അത്യധികം ബഹുമാനിക്കുക. നിങ്ങളുടെ ശരീരം നിങ്ങളുടെ അന്തരാത്മാവിനെ സേവിക്കട്ടെ. നിങ്ങളുടെ ചിന്തകളും പ്രവര്‍ത്തികളും എല്ലായ്‌പ്പോഴും നിങ്ങളുടെ ആത്മാവിന്റെ പ്രതിഫലനമായിരിക്കട്ടെ. ശരീരാരാധന? ഒരിക്കലും പാടില്ല! ശരീരത്തോട് വെറുപ്പ്? അതും പാടില്ല! ശരീരനിയന്ത്രണം? ആവാം. ദൈനംദിന ജോലികളില്‍ സമ്പൂര്‍ണ്ണ വിജയം കൈവരിച്ച പുരുഷന്മാരെയും സ്ത്രീകളെയും നിങ്ങള്‍ മിക്കപ്പോഴും പുകഴ്ത്തിപ്പറയാറില്ലേ?
സ്വന്തം കുട്ടിയെ വളര്‍ത്താന്‍ വിയര്‍പ്പൊഴുക്കുന്ന അച്ഛനമ്മമാരുടെ മുഖത്ത് തെളിയുന്ന പിതൃത്വത്തിന്റേയും മാതൃത്വത്തിന്റേയും സന്തോഷത്തെപ്പറ്റി ചിന്തിച്ചുനോക്കുക. എഴുത്തുകാര്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന സംഗീതജ്ഞരേയും അഭിനേതാക്കളേയും പറ്റി ചിന്തിച്ചുനോക്കുക! ദൈവത്തിന്റെ വെളിച്ചം ഓരോ മനുഷ്യരിലൂടെയും പ്രകാശിക്കുന്നു.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, പാരീസ്, 16.6.80).
