News
ഫ്രാന്‍സിസ് പാപ്പയുടെ ഇന്തോനേഷ്യ സന്ദർശനത്തെ സ്വാഗതം ചെയ്ത് പ്രാദേശിക ഇസ്ലാം സംഘടനകൾ
പ്രവാചകശബ്ദം 27-07-2024 - Saturday
ജക്കാര്‍ത്ത/ വത്തിക്കാന്‍: സെപ്റ്റംബറില്‍ ഫ്രാന്‍സിസ് പാപ്പയുടെ ഇന്തോനേഷ്യ സന്ദർശനം നടക്കാനിരിക്കെ പാപ്പയെ സ്വാഗതം ചെയ്ത് പ്രാദേശിക ഇസ്ലാം സംഘടനകൾ. ഫ്രാന്‍സിസ് പാപ്പയുടെ നാല്പത്തിനാലാം വിദേശ അപ്പസ്തോലിക യാത്രയിൽ ഇന്തോനേഷ്യയെ ഉള്‍പ്പെടുത്തിയതിനെ സ്വാഗതം ചെയ്യുകയാണെന്നു നഹ്ദ്ലാത്തുൽ ഉലാമ, മുഹമ്മദീയ എന്നീ പ്രമുഖ സംഘടനകൾ പ്രസ്താവിച്ചു. ലോകത്തെ ഏറ്റവും വലിയ ഇസ്ലാം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ സെപ്റ്റംബര്‍ 3-6 വരെയാണ് ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനം നടത്തുന്നത്. ജനതകൾക്കിടയിലും മതസമൂഹങ്ങൾക്കിടയിലും സഹിഷ്ണുത, സമാധാനം, സാഹോദര്യം എന്നിവ പരിപോഷിപ്പിക്കുന്നതിൽ മാര്‍പാപ്പയുടെ ഇടയസന്ദർശനത്തിനു പ്രാധാന്യമുണ്ടെന്ന് ഇസ്ലാമിക സംഘടനകള്‍ ചൂണ്ടിക്കാട്ടി.
ഫ്രാന്‍സിസ് പാപ്പയെ സ്വീകരിക്കുന്നതിൽ ഉലാമ, മുഹമ്മദീയ സംഘടനകള്‍ മുൻ നിരയിൽത്തന്നെയുണ്ടാകുമെന്ന് മുഹമ്മദീയ സംഘടനയുടെ അന്താരാഷ്ട്രകാര്യങ്ങൾക്കും മതാന്തരകാര്യങ്ങൾക്കുമായുള്ള വിഭാഗത്തിൻറെ മേധാവി സ്യാഫിക് മുഗ്നി വെളിപ്പെടുത്തി. മാനവസാഹോദര്യം കെട്ടിപ്പടുക്കുന്നതിൻറെ ഒരു പ്രതീകമാകും പാപ്പയുടെ ആഗമനമെന്നും ഇപ്പോഴത്തെ ചുറ്റുപാടിൽ പാപ്പയുടെ സന്ദർശനത്തിന് സാർവ്വത്രികമായ പ്രാധാന്യം ഉണ്ടെന്നും സ്യാഫിക് മുഗ്നി കൂട്ടിച്ചേർത്തു.
ഫ്രാന്‍സിസ് പാപ്പായുടെ നാല്പത്തിനാലാം ഇടയസന്ദർശനം സെപ്റ്റംബർ 2-13 വരെയാണ് നടക്കുന്നത്. അപ്പസ്തോലിക യാത്രയിൽ ഇന്തോനേഷ്യയ്ക്കു പുറമെ ഈസ്റ്റ് തിമോർ, സിംഗപ്പൂര്‍ എന്നീ ഏഷ്യൻ രാജ്യങ്ങളും ഓഷ്യാന രാജ്യമായ പാപുവ ന്യൂ ഗിനിയും പാപ്പ സന്ദര്‍ശിക്കുന്നുണ്ട്. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലെ പരിപാടികളിലാണ് പാപ്പ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇസ്ലാം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയുടെ 28 കോടിയോളം വരുന്ന ജനസംഖ്യയുടെ 3.1 ശതമാനം മാത്രമാണ് കത്തോലിക്കർ. എണ്ണത്തില്‍ 86 ലക്ഷത്തോളമാണ് ഇന്തോനേഷ്യന്‍ കത്തോലിക്കര്‍.
