News

വിശ്വാസ സാക്ഷ്യങ്ങള്‍ക്കു വിലക്കിട്ട് ഒളിമ്പിക്സ്; ആംഗ്യ ഭാഷയില്‍ യേശുവിന് സാക്ഷ്യവുമായി ബ്രസീലിയന്‍ മെഡല്‍ ജേതാവ്

പ്രവാചകശബ്ദം 30-07-2024 - Tuesday

പാരീസ്: ഏറെ വിവാദങ്ങളോടെ ആരംഭിച്ച പാരീസ് ഒളിംപിക്സില്‍ യേശുവിന് സാക്ഷ്യം നല്‍കി ബ്രസീല്‍ മെഡല്‍ താരം. ഒളിമ്പിക്സ് ഗെയിംസിലെ വെങ്കല മെഡൽ ജേതാവായ ബ്രസീലിയൻ സ്കേറ്റർ റെയ്സ ലീലാണ് മത്സരത്തിനിടെ തൻ്റെ ക്രൈസ്തവ വിശ്വാസം ആയിരകണക്കിന് കാണികള്‍ക്ക് മുന്നില്‍ പ്രകടിപ്പിച്ചത്. ബ്രസീലിയൻ ആംഗ്യഭാഷയില്‍ "വഴിയും സത്യവും ജീവനും യേശുവാണ്" എന്നുള്ള സാക്ഷ്യമാണ് പതിനാറു വയസ്സു മാത്രം പ്രായമുള്ള റെയ്സ കാണിച്ചത്. ഒളിമ്പിക് ചാർട്ടർ അതിൻ്റെ 50-ാം ചട്ടം പ്രകാരം ഒരു തരത്തിലുള്ള രാഷ്ട്രീയമോ മതപരമോ വംശീയമോ ആയ പ്രകടനങ്ങൾ അനുവദനീയമല്ലായെന്നാണ് പറയുന്നത്.

ഇതിന്‍ പ്രകാരം ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് വിശ്വാസപരമായ സാക്ഷ്യം പങ്കുവെയ്ക്കുന്നതിന് വിലക്കുണ്ട്. കൗമാരക്കാരിയായ താരം നിശബ്ദമായ ആംഗ്യ ഭാഷയിലൂടെ ഒളിമ്പിക്സ് ഗെയിംസിലെ വിശ്വാസപരമായ സന്ദേശങ്ങൾക്കുള്ള നിരോധനം മറികടക്കുകയായിരിന്നു. ഇന്നലെ നടന്ന മത്സരത്തിൽ, ആംഗ്യ ഭാഷയ്ക്ക് പുറമേ, കുരിശ് ആകൃതിയിലുള്ള പെൻഡൻ്റുള്ള മാലയും റെയ്സ ലീൽ ധരിച്ചിരുന്നു. ട്രാക്കിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഇതില്‍ ചുംബിച്ചും അവള്‍ തന്റെ വിശ്വാസം പ്രകടമാക്കി.

ഇതിനിടെ ചുമ്പിഞ്ഞോ എന്നറിയപ്പെടുന്ന ബ്രസീലിയൻ സർഫർ ജോവോ ചിയാങ്കയെ ലോക പ്രസിദ്ധമായ ക്രൈസ്റ്റ് ദി റിഡീമറിൻ്റെ ചിത്രങ്ങളുള്ള ബോർഡുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആധുനിക ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ ക്രൈസ്റ്റ് ദി റിഡീമറിൻ്റെ ചിത്രം ഉപയോഗിച്ച് ചുമ്പിഞ്ഞോ സ്വന്തം ബോർഡുകൾ വ്യക്തിഗതമാക്കി തയാറാക്കിയിരുന്നു. എന്നാൽ ഒളിമ്പിക്സ് കമ്മറ്റി മുന്നറിയിപ്പ് നൽകിയതോടെ അവസാന നിമിഷം സ്കേറ്റിംഗ് ഉപകരണങ്ങൾ മാറ്റേണ്ടി വന്നുവെന്നാണ് അന്താരാഷ്ട്ര ക്രിസ്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.




Related Articles »