News

ഈജിപ്റ്റില്‍ കോപ്റ്റിക് സഭയും സര്‍ക്കാരും തമ്മില്‍ പുതിയ ധാരണ;ദേവാലയ നിര്‍മ്മാണത്തിനു വിലങ്ങുതടിയായിരുന്ന 1934-ലെ നിയമം ഭേദഗതി ചെയ്യും

സ്വന്തം ലേഖകന്‍ 30-08-2016 - Tuesday

കെയ്‌റോ: ഈജിപ്റ്റിലെ കോപ്റ്റിക് സഭയും സര്‍ക്കാരുമായി ദേവാലയ നിര്‍മ്മാണത്തിനും പുനരുത്ഥാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രത്യേക നിയമം നിര്‍മ്മിക്കുവാന്‍ ധാരണയായി. 1934-ലെ നിയമ പ്രകാരം ഈജിപ്റ്റില്‍ പുതിയ പള്ളികള്‍ നിര്‍മ്മിക്കുന്നതിനും പഴയ പള്ളികള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയമത്തില്‍ ഭേദഗതികള്‍ വേണമെന്ന് ഏറെ നാളായി ക്രൈസ്തവര്‍ ആവശ്യപ്പെട്ടിരുന്നു. ഇത്രയും നാള്‍ വിഷയത്തില്‍ തീരുമാനമില്ലാതെ കാര്യങ്ങള്‍ ഇഴഞ്ഞു നീങ്ങുകയായിരുന്നു.

ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദല്‍ ഫത്ത അല്‍ സിസിയുടെ നേതൃത്വത്തില്‍ കോപ്റ്റിക് സഭയിലെ ബിഷപ്പുമാരുമായി നടത്തിയ ചര്‍ച്ചകളിലാണ് പുതിയ നിയമം കൊണ്ടുവരുവാനുള്ള തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. എന്നാല്‍, പഴയ നിയമം പുനക്രമീകരിക്കുമ്പോഴും വിവിധ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇതിനാല്‍ തങ്ങള്‍ പുതിയ നിയമനിര്‍മ്മാണത്തെ എതിര്‍ക്കുമെന്നും ചില ക്രൈസ്തവ യുവജന സംഘടനകള്‍ അറിയിച്ചിരുന്നു.

കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയും പുതിയ നിയമ ഭേദഗതികളെ ആദ്യം പിന്‍തുണച്ചിരുന്നില്ല. എന്നാല്‍ 105 ബിഷപ്പുമാര്‍ പങ്കെടുത്ത യോഗത്തിലാണ് പുതിയ നിയമത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയും ബില്ലിനെ സ്വാഗതം ചെയ്യുന്നതായി സഭ അറിയിക്കുകയും ചെയ്തത്. മുന്നോട്ടുള്ള ഒരു ചുവടുവയ്പ്പാണിതെന്ന് സഭ പറയുന്നു. ബില്ലിലെ ചില കാര്യങ്ങളോടുള്ള വിയോജിപ്പും സഭ മറച്ചുവയ്ക്കുന്നില്ല. എന്നാല്‍, പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്ന ഉറപ്പാണ് പ്രസിഡന്റ് അല്‍ സിസി നല്‍കിയിരിക്കുന്നത്.

പള്ളികളുടെ മുകളില്‍ കുരിശ് സ്ഥാപിക്കുവാന്‍ പാടില്ല, ഒരു പ്രദേശത്തെ വിശ്വാസികളുടെ എണ്ണത്തിന് ആനുപാതികമായി മാത്രമേ ദേവാലയങ്ങള്‍ നിര്‍മ്മിക്കാവു തുടങ്ങിയ പല വ്യവസ്ഥകളും ഈജിപ്റ്റില്‍ നിലനില്‍ക്കുന്നുണ്ട്. 1934-ലെ നിയമ പ്രകാരം പല പുരാതന ദേവാലയങ്ങളും രാജ്യത്ത് തകര്‍ക്കപ്പെട്ടിട്ടുണ്ട്. പുതിയ നിയമം നിലവില്‍ വന്നാല്‍ ദേവാലയങ്ങള്‍ ആവശ്യമായ സ്ഥലങ്ങളില്‍ അവ നിര്‍മ്മിക്കുന്നതിന് കാലതാമസം നേരിടേണ്ടി വരില്ല. പത്ത് ആര്‍ട്ടികളുകള്‍ ഉള്ള പുതിയ ബില്‍ മന്ത്രി സഭ കൂടി അംഗീകരിക്കുന്നതോടെ നിയമമായി മാറും.

2013-ല്‍ പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് ശേഷമാണ് പട്ടാള മേധാവികൂടിയായിരുന്ന അബ്ദല്‍ ഫത്ത അല്‍ സിസി ഈജിപ്റ്റിന്റെ ഭരണത്തിലേക്ക് എത്തപ്പെട്ടത്. ക്രൈസ്തവര്‍ അദ്ദേഹത്തെ പിന്‍തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിനാല്‍ തന്നെ മുര്‍സി അനുകൂലികളില്‍ നിന്നും ക്രൈസ്തവര്‍ ഈജിപ്റ്റിന്റെ എല്ലാ ഭാഗങ്ങളിലും അക്രമം നേരിടുകയാണ്. 91 മില്യണ്‍ ജനസംഖ്യയുള്ള ഈജിപ്റ്റില്‍ 10 ശതമാനം ജനങ്ങളും ക്രൈസ്തവരാണ്.

അബ്ദല്‍ ഫത്ത അല്‍ സിസിയുടെ ഭരണത്തില്‍ പല പ്രശ്‌നങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും ക്രൈസ്തവര്‍ അദ്ദേഹത്തിനു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കാറുണ്ടെന്ന് സമിയാഹ് എന്ന വൃദ്ധ പറയുന്നു. പുതിയ ദേവാലയങ്ങള്‍ നിര്‍മ്മിക്കേണ്ടത് പ്രായമായവരുടെയും സ്ത്രീകളുടെ ആവശ്യമാണെന്ന് പ്രസിഡന്റ് മനസിലാക്കി നിലപാട് സ്വീകരിക്കുമെന്നും ഇവര്‍ കരുതുന്നു. പുരുഷന്‍മാരുടെ സഹായമില്ലാതെ ദൂരസ്ഥലങ്ങളിലുള്ള ദേവാലയത്തിലേക്ക് സ്ത്രീകള്‍ക്ക് പോകുവാന്‍ സാധിക്കില്ലെന്നും സമിയാഹ് പറയുന്നു.




Related Articles »