News - 2025
ബംഗ്ലാദേശികളുടെ മനസിലെ ജീവിക്കുന്ന വിശുദ്ധനും ചരിത്രത്തില്‍ ഇടംനേടിയ സഭാപിതാവുമായി ആര്‍ച്ച് ബിഷപ്പ് അമല്‍ ഗാംഗുലി വിശുദ്ധ പദവിയിലേക്കുള്ള പ്രയാണത്തില്‍
സ്വന്തം ലേഖകന്‍ 03-09-2016 - Saturday
ധാക്ക: ജീവിച്ചിരുന്ന കാലത്തും ഇഹലോകവാസം അവസാനിച്ച ശേഷവും ബംഗ്ലാദേശിലെ വിശ്വാസികളുടെ മനസില്‍ ഒരേ പോലെ വിശുദ്ധനായിരുന്ന വ്യക്തിയാണ് ആര്‍ച്ച് ബിഷപ്പ് തിയോതോണിയോസ് അമല്‍ ഗാംഗുലി. ബംഗ്ലാദേശിലെ ക്രൈസ്തവര്‍ മാത്രമല്ല, വിവിധ മതസ്ഥരും ആര്‍ച്ച് ബിഷപ്പ് ഗാംഗുലിയെ ഒരു വിശുദ്ധനായിട്ടാണ് എല്ലാ കാലത്തും കണ്ടിട്ടുള്ളത്. അദ്ദേഹത്തെ സഭ ഔദ്യോഗികമായി വിശുദ്ധനായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിശുദ്ധ പ്രഖ്യാപനത്തിന്റെ പലപടവുകളും അദ്ദേഹം ഇതിനോടകം തന്നെ പിന്നിട്ടു കഴിഞ്ഞു. 2006-ല്‍ തന്നെ അദ്ദേഹത്തെ ദൈവദാസനായി സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
ബംഗ്ലാദേശിലെ കത്തോലിക്ക സഭയുടെയും, ആ രാജ്യത്തിന്റെയും ചരിത്രത്തിന്റെ ഭാഗമാണ് ദൈവദാസനായ ആര്‍ച്ച് ബിഷപ്പ് തിയോതോണിയോസ് അമല്‍ ഗാംഗുലി. ഒരു ബംഗ്ലാദേശി പുരോഹിതന്‍ ആദ്യമായി ബിഷപ്പാകുന്നത് ആര്‍ച്ച് ബിഷപ്പ് ഗാംഗുലിയിലൂടെയാണ്. ധാക്ക അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി പിന്നീട് ഉയര്‍ത്തപ്പെട്ട അദ്ദേഹം, ആദ്യത്തെ ബംഗ്ലാദേശി ആര്‍ച്ച് ബിഷപ്പ് എന്ന പദവിക്കും യോഗ്യനായി. തന്റെ 57- വര്‍ഷക്കാലത്തെ ഇഹലോക വാസത്തിലൂടെ സഭയുടെയും രാജ്യത്തിന്റെയും ചരിത്രത്തില്‍ തന്റെ പേരു കുറിക്കുവാന്‍ സാധിച്ച മഹനീയ വ്യക്തിത്വത്തിന്റെ ഉടമയാണ് ആര്‍ച്ച് ബിഷപ്പ് ഗാംഗുലി.
എല്ലാ മനുഷ്യരേയും തുറന്നു സ്വീകരിക്കുന്ന സമീപനമായിരുന്നു ആര്‍ച്ച് ബിഷപ്പ് അമല്‍ ഗാംഗുലിക്ക് ഉണ്ടായിരുന്നത്. പ്രാദേശിക സ്ഥലങ്ങളിലേക്ക് മൂന്നാം ക്ലാസ് ട്രെയിന്‍ കംപാര്‍ട്ടുമെന്റുകളില്‍ സഞ്ചരിച്ച് ജനങ്ങളുടെ അരികിലേക്ക് എത്തിയ ആര്‍ച്ച് ബിഷപ്പ് ഗാംഗുലി അവരുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും അവരെ സഹായിക്കുകയും ചെയ്തു. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും തന്റെ അരികിലെത്തി പ്രശ്‌നങ്ങള്‍ പറയാം എന്നതായിരുന്നു ദൈവദാസന്റെ മറ്റൊരു ഗുണം. ജനങ്ങള്‍ക്കായി ഏപ്പോഴും തന്റെ അരമനയുടെ വാതിലുകള്‍ അദ്ദേഹം തുറന്നിട്ടിരുന്നു.
ലാളിത്യജീവിതത്തിന്റെ പ്രതീകമായിരുന്നു ആര്‍ച്ച് ബിഷപ്പ് അമല്‍ ഗാംഗുലി. തന്റെ പഴയ കാറില്‍ സഞ്ചരിച്ചിരുന്ന അദ്ദേഹം സാധാരണക്കാരോടൊത്ത് ഭക്ഷിക്കുകയും വിഭവ സമൃദ്ധമായ വിരുന്നകള്‍ വേണ്ടായെന്ന് തീരുമാനിക്കുകയും ചെയ്തു. ബംഗ്ലാദേശിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ഡോക്ടറേറ്റ് ബിരുദം നേടിയ വ്യക്തിയും ബിഷപ്പ് ഗാംഗുലിയാണ്. ധാക്കയിലെ പ്രശസ്തമായ നോട്രി ഡാമി കോളജിന്റെ ആദ്യത്തെ ബംഗ്ലാദേശിയായ പ്രിന്‍സിപ്പല്‍ എന്ന പദവിയും ആര്‍ച്ച് ബിഷപ്പ് ഗാംഗുലിയുടെ പേരില്‍ തന്നെയാണ് ഉള്ളത്.
1971-ല്‍ പാക്കിസ്ഥാനില്‍ നിന്നും സ്വാതന്ത്ര്യത്തിനായി പോരാടിയ ബംഗ്ലാദേശികളുടെ കൂടെ പ്രവര്‍ത്തിച്ച ക്രൈസ്തവ നേതാവും ആര്‍ച്ച് ബിഷപ്പ് ഗാംഗുലി തന്നെയാണ്. തങ്ങളുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ക്രൈസ്തവരെ അദ്ദേഹം സ്വാതന്ത്ര്യ സമരത്തിലേക്ക് നയിച്ചു. കിലോമീറ്ററുകള്‍ അപകടങ്ങള്‍ നിറഞ്ഞ വഴിയിലൂടെ അദ്ദേഹം അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് സഞ്ചരിക്കുകയും ആളുകള്‍ക്ക് ആവശ്യമായ സഹായം ഏര്‍പ്പാടാക്കി നല്‍കുകയും ചെയ്തു. കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കുവാന്‍ വേണ്ട സൗകര്യങ്ങളും അദ്ദേഹം ചെയ്തു നല്‍കി. രാജ്യം സ്വതന്ത്ര്യമാക്കപ്പെടുന്നതുവരെ അദ്ദേഹം സമരങ്ങളുടെ മുന്‍പന്തിയില്‍ ബംഗ്ലാദേശികളുടെ അഭിമാനത്തിനും സ്വാതന്ത്ര്യത്തിനുമായി നിലയുറപ്പിച്ചു.
1971-ല്‍ കാരിത്താസ് ബംഗ്ലാദേശിന് തുടക്കം കുറിച്ച ആര്‍ച്ച് ബിഷപ്പ് അമല്‍ ഗാംഗുലി, വൈദികര്‍ക്കായി രാജ്യത്തെ അദ്യത്തെ സെമിനാരിയും സ്ഥാപിച്ചു. വിദേശങ്ങളിലേക്ക് അയച്ച് വൈദികരെ അഭ്യസനം ചെയ്യിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കി നല്‍കിയത് ആര്‍ച്ച് ബിഷപ്പ് അമല്‍ ഗാംഗുലിയുടെ കാലഘട്ടത്തിലാണ്. 1977 സെപ്റ്റംബര്‍ രണ്ടാം തീയതി ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് ആര്‍ച്ച് ബിഷപ്പ് ഗാംഗുലി കാലം ചെയ്തത്.
നിരവധി പേരാണ് ആര്‍ച്ച് ബിഷപ്പ് അമല്‍ ഗാംഗുലിയുടെ കബറിലേക്ക് കടന്നുവരികയും പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്നത്. ആര്‍ച്ച് ബിഷപ്പിന്റെ മധ്യസ്ഥതയില്‍ തന്റെയും അമ്മയുടെയും രോഗം മാറിയെന്ന് ആര്‍ച്ച് ബിഷപ്പിനെ നിരവധി തവണ നേരില്‍ സന്ദര്‍ശിക്കുവാന്‍ അവസരം ലഭിച്ച ഹെന്‍ട്രി ജോണ്‍ ഗോമസ് സാക്ഷ്യപ്പെടുത്തുന്നു.1991-ല്‍ താന്‍ കൊല്‍ക്കത്ത സന്ദര്‍ശിച്ച സമയത്ത് നെഞ്ചുവേദന വരികയും പിന്നീട് ഡോക്ടറുമാരെ കാണിച്ചപ്പോള്‍ ഗുരുതരമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തതായി ഗോമസ് പറയുന്നു. നിരാശനായ താന്‍ ആര്‍ച്ച് ബിഷപ്പിന്റെ കബറില്‍ എത്തി പ്രാര്‍ത്ഥിക്കുകയും അവിടെ നിന്നും ഒരു നുള്ള് മണ്ണ് എടുത്ത് സൂക്ഷിക്കുകയും ചെയ്തു. അത്ഭുതകരമായി പിന്നീടുള്ള പരിശോധനകളില്‍ രോഗം ഭേദമായെന്നും തന്നെ പരിശോധിച്ച ഡോക്ടറുമാര്‍ പോലും അത്ഭുതപ്പെട്ടതായും ഗോമസ് പറയുന്നു.
തന്റെ അമ്മയുടെ കാഴ്ച നഷ്ടപ്പെടുകയും, ഓപ്പറേഷനിലൂടെ കാഴ്ച തിരികെ ലഭിക്കുകയില്ലെന്ന് ഡോക്ടറുമാര്‍ വിധിയെഴുതിയപ്പോഴും താന്‍ ആര്‍ച്ച് ബിഷപ്പ് ഗാംഗുലിയുടെ മധ്യസ്ഥതയില്‍ പ്രാര്‍ത്ഥന നടത്തിയതായി ഗോമസ് സാക്ഷിക്കുന്നു. നേരിയ കാഴ്ച മാത്രം തിരികെ ലഭിക്കുവാന്‍ വേണ്ടി അമ്മയുടെ കണ്ണുകള്‍ ശസ്ത്രക്രിയ ചെയ്യുവാന്‍ ഗോമസും കുടുംബവും തീരുമാനിച്ചു. ശസ്ത്രക്രിയക്കു ശേഷവും തെളിമയുള്ള കാഴ്ച മടങ്ങിവരില്ലെന്ന് പറഞ്ഞ ഡോക്ടറുമാരെ എല്ലാം ഞെട്ടിച്ചു കൊണ്ട് തന്റെ അമ്മയ്ക്ക് ദൈവം പൂര്‍ണ്ണ കാഴ്ച നല്‍കിയതായും ഗോമസ് പറയുന്നു. ക്രൈസ്തവരും മറ്റു മതസ്ഥരുമായ നിരവധി പേര്‍ തങ്ങളുടെ ജീവിതത്തില്‍ ആര്‍ച്ച് ബിഷപ്പ് ഗാംഗുലിയുടെ മധ്യസ്ഥതയാല്‍ സംഭവിച്ച പല അത്ഭുതങ്ങളും ഇത്തരത്തില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
