News
തുർക്കിയിലെ ഇസ്ലാമിക ഭരണകൂടം നടത്തിയ അസീറിയൻ ക്രൈസ്തവ വംശഹത്യയുടെ ചരിത്രം | ലേഖനപരമ്പര 15
ഡോ. ജോര്‍ജ്ജ് കടൂപ്പാറയില്‍ / പ്രവാചകശബ്ദം 09-02-2025 - Sunday
അസീറിയൻ വംശഹത്യ എന്നറിയപ്പെടുന്നത് 1914 മുതൽ 1925 വരെ തുർക്കിയിലെ മുസ്ലീം ഭരണകൂടം അസീറിയൻ ക്രിസ്ത്യാനികളെ കൊന്നൊടുക്കിയ സംഭവമാണ്. പക്ഷേ, അതിനുമുമ്പും പല ഘട്ടങ്ങളിൽ അസീറിയൻ ക്രിസ്ത്യാനികളെ ഇല്ലാതാക്കാൻ തുർക്കി ശ്രമിച്ചിട്ടുണ്ട്. 1843-ൽ തുർക്കിയിലുള്ള ഹക്കാരി (Hakkari) എന്ന സ്ഥലത്തുവച്ച് ഓട്ടോമൻ തുർക്കികളുടെ പിന്തുണയോടെ കുർദുകൾ, അസീറിയൻ ക്രിസ്‌ത്യാനികളെ കൊന്നൊടുക്കിയതാണ് ഇതിൽ ആദ്യത്തേത്. ബെദർഖാൻ ബെഗ് ആയിരുന്നു കുർദ്ദുകളുടെ നായകൻ. ഏകദേശം പതിനായിരം ക്രൈസ്തവരാണ് അന്ന് കൊല്ലപ്പെട്ടത്. സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കി, ഗ്രാമങ്ങൾ ചുട്ടെരിച്ചു. ആയിരക്കണക്കിനു വർഷങ്ങളായി അസീറിയക്കാർ ജീവിച്ചിരുന്നിടത്തുനിന്ന് അവർ വേട്ടയാടപ്പെട്ടു; കൊല്ലപ്പെട്ടു. അസീറിയക്കാർ പോരാടാൻ ശ്രമിച്ചെങ്കിലും ആയുധബലത്തിലും സംഖ്യാബലത്തിലും അവർ പരാജയപ്പെട്ടു.
ഈ വംശഹത്യയെക്കുറിച്ച് ഒരു അമേരിക്കൻ മിഷനറി എഴുതുന്നത് ഇങ്ങനെയാണ്: "വാളുകൊണ്ടും അഗ്നികൊണ്ടും അവർ അസീറിയക്കാരെ കൊന്നൊടുക്കി. പ്രായമുള്ളവരെന്നോ ചെറുപ്പക്കാരെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ ഉള്ള യാതൊരു വേർതിരിവും അവർ കാണിച്ചില്ല. എതിർത്തുനിന്നവരെ കൊന്നൊടുക്കി. അവിടുത്തെ മഹത്തായ ദൈവാലയങ്ങളും വിശുദ്ധ സ്ഥലങ്ങളും നശിപ്പിച്ചു. പാത്രിയാർക്കീസിൻ്റെ ലൈബ്രറി അഗ്നിക്കി രയാക്കി. ചരിത്രപ്രാധാന്യമുള്ള കയ്യെഴുത്തുപ്രതികൾ കത്തിച്ചു.
ഈ വംശഹത്യയ്ക്കു സാക്ഷ്യം വഹിച്ച ചിലർ നല്കുന്ന വിവരണങ്ങൾ ഭീകരമാണ്: “അസീറിയൻ കുട്ടികളെ മുകളിലേക്ക് എറിഞ്ഞ്, താഴേയ്ക്കുവരുമ്പോൾ തോക്കിന്റെ ബയണറ്റിൽ കോർത്തു. ജീവനോടെതന്നെ നിരവധി പേരെ തീയിലെറിഞ്ഞു. അടിമത്വത്തിലേക്ക് നടത്തിക്കൊണ്ടുപോയ ചില സ്ത്രീകൾ തങ്ങളുടെ കുട്ടികളെ മുതുകിൽ ചേർത്ത് കെട്ടിവച്ചിട്ട് ആഴമേറിയ നദിയിലേക്ക് ചാടി മരിച്ചു; കുഞ്ഞുങ്ങളെങ്കിലും ക്രൂരമായ ലൈംഗിക പീഡനത്തിനും അടിമത്വത്തിനും ഇരയാകാതിരിക്കാനായിരുന്നു ഇത്.
അന്നത്തെ അസീറിയൻ പാത്രിയാർക്കീസിൻ്റെ അമ്മ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ നിർദാക്ഷിണ്യം കൊന്നു തള്ളി. “പാത്രിയാർക്കീസിൻ്റെ അമ്മയെ വധിച്ചത് അതിനിഷ്ഠൂരമായിട്ടായിരുന്നു. 87 വയസ്സായിരുന്നു ആ വൃദ്ധയ്ക്ക്. അവരെ ദുരുപയോഗിച്ചശേഷം വധിച്ചു. ആ ശരീരം നാലു കഷണങ്ങളായി മുറിച്ചു. എന്നിട്ട് ഒരു ചങ്ങാടത്തിൽ വച്ച് സാബ് നദിയിലൂടെ ഒഴുക്കി. "നിൻ്റെ മകനും നിൻ്റെ വിധിതന്നെ ഉണ്ടാകും" എന്ന കുറിപ്പും അതിനോടൊപ്പം വച്ചിരുന്നു."
ഈ വംശഹത്യയെ അതിജീവിച്ചവരുടെ ജീവിതം അതീവ ദുരിതത്തിലായിരുന്നു. വളരെ ദൂരദേശങ്ങളിലേക്ക് കാൽനടയായി അവരെ കൊണ്ടുപോയി. യാത്രയ്ക്കിടയിൽ ചമ്മട്ടിയടിയും മറ്റു ക്രൂരമായ മർദ്ദനങ്ങളും അവർക്കു നേരിടേണ്ടിവന്നു. ലക്ഷ്യസ്ഥാനത്ത് എത്തുംമുമ്പേ അനവധി അസീറിയക്കാർ മരിച്ചുവീണു.
ഭീകര അസീറിയൻ വംശഹത്യ
1914 മുതൽ 1925 വരെ നീണ്ടുനിന്നതാണ് ഏറ്റവും വലിയ അസീറിയൻ വംശഹത്യ. അതിൻ്റെ മൂർദ്ധന്യാവസ്ഥ 1915-നും 1918-നും ഇടയിലായിരുന്നു. രണ്ടുലക്ഷത്തി അമ്പതിനായിരത്തിലധികം അസീറിയൻ ക്രിസ്ത്യാനികളാണ് ഈ കാലഘട്ടത്തിൽ കൊല്ലപ്പെട്ടത്. അസീറിയൻ ക്രിസ്ത്യാനികളെ കൂട്ടക്കൊലയ്ക്കും ക്രൂര പീഡനങ്ങൾക്കും നിർബന്ധിത പലായനത്തിനും അന്യായമായ പിടിച്ചുവയ്ക്കലിനും സ്വത്തുക്കൾ പിടിച്ചെടുക്കുന്നതിനും ഇരയാക്കി. പതിനായിരക്കണക്കിനു സ്ത്രീകളെ മാനഭംഗപ്പെടുത്തി. ആ പ്രദേശത്തുണ്ടായിരുന്ന അസീറിയൻ ക്രിസ്‌ത്യാനികളിൽ പകുതിയോളം പേരെ ഇല്ലാതാക്കി.
കാലിഫേറ്റിനെതിരെ നിൽക്കുന്നവരെ ജിഹാദിലൂടെ (വിശുദ്ധയുദ്ധം) ഉന്മൂലനം ചെയ്യാനുള്ള സുൽത്താൻ്റെ ആഹ്വാനത്തെ തുടർന്നാണ് ഓട്ടോമൻ സാമ്രാജ്യത്തിലുണ്ടായിരുന്ന അർമേനിയൻ-അസീറിയൻ-ഗ്രീക്ക് ക്രിസ്ത്യാനികളെ അവർ കൊന്നൊടുക്കാനാരംഭിച്ചത്. അസീറിയൻ വംശഹത്യയെക്കുറിച്ചുള്ള ദൃക്സാക്ഷിവിവരണങ്ങളിൽ 1920-ൽ അസീറിയൻ വൈദികൻ ഫാ. ജോസഫ് നായേം എഴുതിയിരിക്കുന്നത് വായിച്ചാൽ ഏതു കഠിനഹൃദയരും കരഞ്ഞു പോകും:
“ലോകത്തിലെ ഏറ്റവും പഴക്കമുള്ള സംസ്‌കാരത്തിന്റെ ഉടമകളായ ജനങ്ങൾ ഇല്ലാതാക്കപ്പെടുന്നതിനെക്കുറിച്ചാണ് ഞാൻ എഴുതുന്നത്. അത് അസീറിയൻ-കൽദായ ജനമാണ്. ഏറ്റവും ഫലഭൂയിഷ്ഠമായിരുന്ന അസീറിയക്കാരുടെ കൃഷിയിടങ്ങളൊക്കെ ഇല്ലാതായി. ഭൂരിഭാഗം ജനങ്ങളും വാളിന് ഇരയാക്കപ്പെട്ടു. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടങ്ങിയ വലിയ ജനക്കൂട്ടത്തെ അവർ നടത്തിക്കൊണ്ടു പോവുകയാണ്. നടന്നുനടന്ന് അവരുടെ കാലുകൾ വീർത്തിരുന്നു. പ്രായമുള്ളവർക്ക് അവരുടെ തലയിൽ ചുമക്കുന്ന സാധനങ്ങളുടെ ഭാരം കാരണം നടക്കാനാവുന്നില്ല. കുഞ്ഞുങ്ങൾ അമ്മമാരെ നോക്കിയും അമ്മമാർ കുഞ്ഞുങ്ങളെ നോക്കിയും നില വിളിക്കുന്നു. യാത്രയ്ക്കിടിൽ കുർട്ടുകൾ ചാടിവീണ് അവരെ യൊക്കെ കൊന്നൊടുക്കുന്നു. പത്തു ദിവസത്തെ ദുരിതപൂർണമായ യാത്രയ്ക്കൊടുവിൽ അവർ റഷ്യയിലെത്തുന്നു. ഇതിനിടയിൽ അവരിൽ പലരും മരിച്ചുപോയി."
“ഖോയിയിൽ നടന്ന കൂട്ടക്കൊലയെക്കുറിച്ചും നിങ്ങൾ അറിയണം. അവിടെയുണ്ടായിരുന്ന ക്രിസ്‌ത്യാനികളെ അതിക്രൂരമായാണ് അവർ കൊന്നൊടുക്കിയത്. യാത്രയ്ക്കിടയിൽ ആളുകൾ വിശ്രമിക്കുന്ന ഇടത്തുവച്ചാണ് ഇത് നടന്നത്. അതൊരു ചെറിയ സ്ഥലമായിരുന്നു. അവിടെയുണ്ടായിരുന്നവരെ മുഴുവൻ കൊന്നൊ ടുക്കി. അക്ഷരാർത്ഥത്തിൽ, രക്തം നദിപോലെ ഒഴുകുകയായിരുന്നു. ആദ്യ ഗ്രൂപ്പിനെ കൊന്നതിനുശേഷം അടുത്ത ഗ്രൂപ്പിനെ കൊണ്ടു വന്നു. നിൽക്കാൻ സ്ഥലമില്ലാതിരുന്നതിനാൽ ആദ്യം കൊന്നവരുടെ ശവശരീരങ്ങളുടെ മുകളിൽ കയറിനിൽക്കാൻ അവരോട് ആജ്ഞാപിച്ചു. പിന്നെ കൊന്നൊടുക്കി. അതിനുശേഷം അടുത്ത ഗ്രൂപ്പ്. അങ്ങനെയങ്ങനെ കൊലപാതക പരമ്പര തുടർന്നു. ഓരോ സമയത്തും പത്തോ ഇരുപതോ പേരുള്ള ഗ്രൂപ്പുകളെയാണ് കൊന്നു തള്ളിയിരുന്നത്."
ഹൃദയഭേദകമായ വിവരണം അദ്ദേഹം തുടരുന്നു: "ചില ഗ്രൂപ്പുകൾ അവയുടെ ലക്ഷ്യസ്ഥാനത്ത് ചെന്നപ്പോൾ അതിക്രൂരമായ പീഡനങ്ങളാണ് നേരിടേണ്ടിവന്നത്. ക്രിസ്ത്യാനികളുടെ വിരലുകൾ ഓരോ ജോയിന്റിനും വച്ച് മുറിച്ചുമാറ്റി. പിന്നെ കൈപ്പത്തി, കൈയ്യുടെ ജോയിൻ്റ്, ഒടുവിൽ തോൾഭാഗം എത്തുംവരെ കഷണം കഷണമായി മുറിച്ചുമാറ്റി. എന്നിട്ട് ഇവരെ മൃഗങ്ങളെ കൊല്ലുന്നതു പോലെ നിലത്തുകിടത്തി. മലർത്തിയാണ് കിടത്തുന്നത്. തല ഒരു കല്ലിലോ, തടിയിലോ അൽപം ഉയർത്തിവയ്ക്കും. എന്നിട്ട് കഴുത്ത് പകുതി മുറിക്കും. കൂടുതൽ വേദന സഹിച്ച് മരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിനിടയിലും പീഡകർ, അടിക്കുകയും ഉപദ്രവിക്കുകയും ചെയ്യും. ചിലരെ ജീവൻ പിരിയുംമുമ്പേ കുഴിയിലേക്ക് എറിയും".
ചില കാര്യങ്ങൾ എഴുതാൻ പോലും പറ്റാത്തത്ര ഭീകരവും ക്രൂരവുമായിരുന്നു. “ചിലരെ കൊണ്ടുപോയിരുന്നത് വെടിവയ്പ്പിൽ ഉന്നംവച്ച് പഠിക്കാനായിരുന്നു. സ്ത്രീകളെ അവർ പീഡിപ്പിച്ചിരുന്ന വിധം എഴുതാൻ പറ്റുന്നതല്ല. സ്ത്രീകളെയും പെൺകുഞ്ഞുങ്ങളെയും വിവരിക്കാനാവാത്ത ലൈംഗികപീഡനങ്ങൾക്ക് വിധേയരാക്കി. പലരെയും അവരുടെ അന്തപുരങ്ങളിലെത്തിച്ചു. അവരെ സംബന്ധിച്ച് മരണം ഒരു അനുഗ്രഹമായിരുന്നു.” പീഡനങ്ങൾക്ക് സാക്ഷ്യം വഹിച്ച അദ്ദേഹത്തിൻ്റെ വിവരണം കരളലിയിപ്പിക്കുന്നതാണ്.
1918-ൽ അസീറിയൻ പാത്രിയാർക്കീസായ മാർ ബെൻയ്യാമിൻ സിമൂൺ 21-ാമനെ അവർ സമാധാന ചർച്ചയ്ക്ക് വിളിക്കുകയും ചർച്ചയ്ക്കിടയിൽ വധിക്കുകയും ചെയ്തു. ജോസഫ് യാക്കൂബിൻ്റെ വാളിൻ്റെ വർഷം (Year of the Sword), ഹാനിബാൾ ട്രാവിസിൻ്റെ മിഡിൽ ഈസ്റ്റിലെ വംശഹത്യ (Genocide in the Middle East), തുടങ്ങിയ പുസ്‌തകങ്ങളിൽ ഇതേക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
സിമേല (Simele) കൂട്ടക്കൊല (1933)
1933 ആഗസ്റ്റ് മാസത്തിൽ ഇറാക്കിലെ സായുധസേന വടക്കേ ഇറാക്കിലെ സിമേലയിലെ ദൊഹുക്ക്-നിനവേ പ്രദേശങ്ങളിലെ 100-ലധികം അസീറിയൻ ഗ്രാമങ്ങളിൽ നിന്നായി 6000-ൽ അധികം അസീറിയൻ ക്രിസ്ത്യാനികളെ കൊന്നൊടുക്കിയ സംഭവമാണ് സിമേല കൂട്ടക്കൊല എന്നറിയപ്പെടുന്നത്. ഇറാക്കി ജനറൽ ബകർ സിദിക്കിക്ക് (General Bakr Sidqi) ലഭിച്ച ഓർഡർ 'എല്ലാ അസീറിയക്കാരെയും' ഇല്ലായ്‌മ ചെയ്യാനായിരുന്നു.
"ഒൻപതു വയസ്സുള്ള പെൺകുട്ടിവരെ ബലാത്സംഗം ചെയ്യപ്പെടുകയും ജീവനോടെ കത്തിക്കപ്പെടുകയും ചെയ്‌തു. കുട്ടികളെ അധികവും കുത്തി ക്കൊല്ലുകയായിരുന്നു. എന്നിട്ട് നഗ്നമായി ശിരസ്സ് അറ്റുകിടക്കുന്ന അവരുടെ അമ്മമാരുടെ ശരീരക്കൂനയ്ക്കു മുകളിലേക്ക് അവരുടെ ശരീരവും എറിയപ്പെട്ടു".
അസീറിയക്കാർക്ക് സ്വന്തം രാജ്യം എന്ന സ്വപനം ഇല്ലാതാക്കാനായിരുന്നു ഈ നരഹത്യ. 2000 ആളുകളാണ് കൊല്ലപ്പെട്ടതെങ്കിലും പതിനായിരങ്ങളോളം ആളുകൾ ഒരിക്കലും തിരിച്ചുവരാനാവാതെ ചിതറിക്കപ്പെട്ടു. ആയിരക്കണക്കിന് സ്ത്രീകൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. ആയിരക്കണക്കിന് സ്ത്രീകളെ തട്ടിക്കൊണ്ടു പോയി. അവരെക്കുറിച്ച് പിന്നീടാരും കേട്ടിട്ടില്ല. രക്ഷപെട്ടവരിൽ പലരും പട്ടിണിമൂലം മരണമടഞ്ഞു.
ഇറാക്കി ഗവൺമെൻ്റ് ഒരിക്കലും സിമേല കൂട്ടക്കൊല ഒരു തെറ്റാണെന്ന് അംഗീകരിച്ചില്ല. അന്ന് കൊല്ലപ്പെട്ടവരെ, വലിയ കിടങ്ങുകളുണ്ടാക്കി ഒരുമിച്ച് കുഴിച്ചുമൂടുകയായിരുന്നു. അവരുടെ ശരീരങ്ങൾ പുറത്തെടുത്ത് യോജ്യമായ മൃതസംസ്‌കാര ശുശ്രൂഷ നടത്താനുള്ള അനുമതിപോലും നിഷേധിക്കപ്പെട്ടു. ആ സ്ഥലത്ത് അവർക്കായി സ്‌മാരകം നിർമ്മിക്കാൻ ഇന്നും വിലക്കുണ്ട്.
സോറിയായിലെ അസീറിയൻ കൂട്ടക്കൊല (1969)
1969 സെപ്റ്റംബർ 16-ാം തീയതി ഇറാക്കി പട്ടാളക്കാർ ലെഫ്റ്റ നന്റ് അബ്‌ദുൾ കരീമിൻ്റെ നേതൃത്വത്തിൽ ഇറാക്കിലെ ദോഹുക്കി ലുള്ള സോറിയ ഗ്രാമം ആക്രമിച്ച് ഗ്രാമത്തിലെ പുരോഹിത =രുൾപ്പെടെ 47 അസീറിയക്കാരെ കൊല്ലുകയും 22 പേരെ പരിക്കേല്പ്പിക്കുകയും ചെയ്‌ത സംഭവമാണിത്.
ഐ.എസ്. ഭീകർ നടത്തിയ ഉന്മൂലനശ്രമം (2014-2015)
അസീറിയൻ ക്രിസ്‌ത്യാനികളെ കൊന്നൊടുക്കി അവരുടെ വംശീയവും സാംസ്‌കാരികവുമായ ശേഷിപ്പുകളെ ഇല്ലാതാക്കുക എന്നതായിരുന്നു ഐ.എസ്. ഭീകരരുടെ ലക്ഷ്യം. ഏറ്റവും സങ്കടക രമായ കാര്യം, സിമേല കൂട്ടക്കൊലയിൽ മരിച്ചവരുടെയും ദൃക് സാക്ഷികളുടെയും പിന്മുറക്കാരാണ് ഐ.എസ്. ഭീകരരുടെ പീഡനത്തിന് ഇരയായത് എന്നതാണ്.
2015 ഫെബ്രുവരിയിൽ ഐ.എസ് ഭീകരർ സിറിയ യിലെ 35 അസീറിയൻ ഗ്രാമങ്ങ ളിൽ ആക്രമണം നടത്തി. നിര വധി ആളുകൾ കൊല്ലപ്പെട്ടു; 200 അസീറിയൻ ക്രിസ്‌ത്യാനികളെ ബന്ദികളാക്കി കൊണ്ടുപോയി. അതിലെ മൂന്നുപേരെ കൊല്ലുന്നത് വീഡിയോയിൽ റെക്കോർഡ് ചെയ്ത‌് ഐ.എസുകാർ ഓൺലൈനിൽ പ്രസിദ്ധീകരിച്ചിരുന്നു. യസീദികൾക്കും ഇതുപോലെ ഭീകരമായ പീഡനമാണ് ഐ. എസ്. ഭീകരരിൽ നിന്നുണ്ടായത്. ഐക്യരാഷ്ട്രസഭയും യൂറോപ്യൻ പാർലമെന്റും ഇത് വംശഹത്യയാണെന്ന് 2016-ൽ അംഗീകരിച്ചു.
➤( 2022-ല്‍ പുറത്തിറക്കിയ ''ക്രൈസ്തവ വിശ്വാസവും ഇസ്ലാമിക വീക്ഷണങ്ങളും'' എന്ന പുസ്തകത്തില്‍ നിന്നെടുത്തതാണ് ഈ ലേഖനം).
➤➤ (തുടരും...)
ഈ ലേഖനപരമ്പരയുടെ ആദ്യ പതിനാലു ഭാഗങ്ങള്‍ താഴെ നല്‍കുന്നു നല്‍കുന്നു:
⧪ ആമുഖം | ആയിഷ ആവര്‍ത്തിക്കാതിരിക്കാന്‍...! 'പ്രവാചകശബ്ദ'ത്തില്‍ ലേഖന പരമ്പര
⧪ യഹൂദ ക്രൈസ്തവ മതങ്ങളുടെ ചരിത്രത്തോട് ബന്ധപ്പെടുത്തി ഇസ്ലാമിനെ അവതരിപ്പിക്കുന്നത് തികച്ചും അധാർമ്മികം | ലേഖനപരമ്പര 01
⧪ ബൈബിളിന്റെയും ഖുർആന്റെയും രചനാപാരമ്പര്യവും ഉള്ളടക്കവും | ലേഖനപരമ്പര 02
⧪ വിശുദ്ധ ബൈബിൾ: വ്യാഖ്യാന ശൈലിയും മാനദണ്ഡവും | ലേഖനപരമ്പര 03
⧪ പരിശുദ്ധ ത്രിത്വം: രഹസ്യവും വിശ്വാസ സത്യവും | ലേഖനപരമ്പര 04
⧪ ബൈബിളിലെ ഈശോയും ഖുർആനിലെ ഈസായും | ലേഖനപരമ്പര 05
⧪ വിശുദ്ധ ബൈബിളും ഖുര്‍ആനും: പ്രചരിക്കപ്പെടുന്ന തെറ്റുദ്ധാരണകൾ | ലേഖനപരമ്പര 06
⧪ ഈശോയുടെ അമ്മയായ മറിയവും ഖുറാനിലെ ഈസായുടെ അമ്മയായ മർയയും | ലേഖനപരമ്പര 07
⧪ ബൈബിളിലെ പ്രവാചകരും ഇസ്ലാമിലെ മുഹമ്മദും | ലേഖനപരമ്പര 08
⧪ വിശുദ്ധ പൗലോസും ഇസ്ലാമിസ്റ്റുകളും | ലേഖനപരമ്പര 09
⧪ സ്ത്രീകള്‍: ഇസ്ലാം മതത്തിലും ക്രൈസ്തവ വിശ്വാസത്തിലും | ലേഖനപരമ്പര 10
⧪ സ്വർഗ്ഗം: ഇസ്ലാമിക വീക്ഷ്ണത്തിലും ക്രൈസ്തവ വിശ്വാസത്തിലും | ലേഖനപരമ്പര 11
⧪ ഇസ്ലാമിന്റെ ആഗമനവും മധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവ സഭകളുടെ തിരോധാനവും | ലേഖനപരമ്പര 12
⧪ ഇസ്ലാം തിരുസഭയുടെ കാഴ്ചപ്പാടിൽ | ലേഖനപരമ്പര 13
⧪ ഓട്ടോമന്‍ ഭരണാധികാരികള്‍ നടത്തിയ ക്രൂരമായ അർമേനിയൻ ക്രൈസ്തവ വംശഹത്യ | ലേഖനപരമ്പര 14
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
