News - 2025
ഫ്രാന്‍സിസ് പാപ്പയുടെ മൃതദേഹം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് മാറ്റും; പൊതുദർശനം ഇന്നു മുതല്‍
പ്രവാചകശബ്ദം 23-04-2025 - Wednesday
വത്തിക്കാന്‍ സിറ്റി: ദിവംഗതനായ ഫ്രാന്‍സിസ് പാപ്പയുടെ മൃതദേഹം ഇന്നു സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദർശനത്തിനു വയ്ക്കും. ഔദ്യോഗിക വസതിയായി ഉപയോഗിച്ചിരുന്ന സാന്താ മാർത്ത ഗസ്റ്റ് ഹൗസിന്റെ താഴത്തെ നിലയിലുള്ള ചാപ്പലില്‍ നിന്നാണ് പ്രദക്ഷിണമായി കൊണ്ടുവരുന്ന മൃതശരീരം മുഖ്യകവാടത്തിലൂടെ അകത്തു കയറ്റിയായിരിക്കും പൊതുദര്‍ശനത്തിനുവെയ്ക്കുക. വത്തിക്കാന്‍ സമയം രാവിലെ ഒന്‍പതിന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30നു ചടങ്ങുകള്‍ക്ക് കാമർലെംഗോ കര്‍ദ്ദിനാള്‍ കെവിൻ ഫാരെലും വത്തിക്കാന്‍ ഉദ്യോഗസ്ഥരും നേതൃത്വം നല്‍കും.
ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം വത്തിക്കാന്‍ മീഡിയ യൂട്യൂബിലൂടെയും മറ്റ് നവമാധ്യമങ്ങളിലൂടെയും തത്സമയം സംപ്രേക്ഷണം ചെയ്യും. ശനിയാഴ്‌ച കബറടക്ക ശുശ്രൂഷകള്‍ ആരംഭിക്കുന്നതുവരെ പൊതുജനത്തിനു ബസിലിക്കയിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരമുണ്ടാകും. ചുവന്ന തിരുവസ്ത്രങ്ങൾ ധരിച്ച് കൈയിൽ ജപമാല പിടിച്ച് തടിപ്പെട്ടിയിൽ കിടത്തിയിരിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ ഭൗതികദേഹത്തിന്റെ ചിത്രങള്‍ വത്തിക്കാന്‍ ഇന്നലെ പുറത്തുവിട്ടിരിന്നു.
ഇന്നലെ വത്തിക്കാനിലെത്തിച്ചേർന്ന കർദ്ദിനാൾമാർ ചേർന്ന ആദ്യ പൊതുയോഗത്തിലാണ് കബറടക്ക തീയതിയും സമയവും നിശ്ചയിച്ചത്. കര്‍ദ്ദിനാള്‍ കോളേജിന്റെ തലവനുമായ കോളേജ് ഡീൻ ജിയോവാനി ബാറ്റിസ്റ്റ മുഖ്യകാര്‍മ്മികനാകും. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ ശുശ്രൂഷകൾക്കു ശേഷം ഭൗതികദേഹം റോമിലെ പരിശുദ്ധ കന്യാമറിയത്തിൻ്റെ വലിയപള്ളിയിലെത്തിച്ചു കബറടക്കും. മുൻഗാമികളെ അടക്കം ചെയ്തിരിക്കുന്ന സെൻ്റ പീറ്റേഴ്‌സ് ബസിലിക്കയ്ക്കു പകരം തൻ്റെ ഭൗതികദേഹം ഇവിടെ അന്ത്യവിശ്രമം കൊള്ളണമെന്നാണ് അദ്ദേഹം നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരിന്നത്.
