News - 2025

3 വര്‍ഷം മുന്‍പ് തന്റെ പോസ്റ്റ് ഷെയര്‍ ചെയ്തത് സാക്ഷാല്‍ ലെയോ പതിനാലാമന്‍ പാപ്പ; മലയാളി യുവാവിനും ഇത് അഭിമാന നിമിഷം

പ്രവാചകശബ്ദം 10-05-2025 - Saturday

വത്തിക്കാന്‍ സിറ്റി: കത്തോലിക്ക വിശ്വാസത്തെ ശക്തമായി പ്രഘോഷിക്കുന്ന പോസ്റ്റുകള്‍ പങ്കുവെയ്ക്കുന്ന കട്ടപ്പന സ്വദേശിയായ സച്ചിന്‍ എട്ടിയില്‍ എന്ന യുവാവിന് ഇത് അഭിമാനത്തിന്റെ നിമിഷമാണ്. കഴിഞ്ഞ ദിവസം വിശുദ്ധ പത്രോസിന്റെ 267-ാമത് പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമൻ പാപ്പ (റോബർട്ട് പ്രെവോസ്റ്റ്), മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എക്സില്‍ (മുന്‍പ് ട്വിറ്റര്‍) സച്ചിന്റെ പോസ്റ്റ് പങ്കുവെച്ചിരിന്നു.

2022 ജൂലൈ 11നാണ് സച്ചിന്‍, ലോകത്തെ ഏറ്റവും പ്രായമേറിയ വ്യക്തി ഒരു കത്തോലിക്ക സന്യാസിനിയാണെന്ന് ചൂണ്ടിക്കാട്ടി 'എക്സില്‍' പോസ്റ്റ് പങ്കുവെച്ചത്. സിസ്റ്റര്‍ ആന്ദ്രെ തന്റെ ജീവിതകാലയളവില്‍ 10 മാര്‍പാപ്പമാരെ കണ്ടിട്ടുണ്ടെന്നും പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ടായിരിന്നു. നവമാധ്യമങ്ങളില്‍ സജീവ സാന്നിധ്യമായിരിന്ന ബിഷപ്പ് റോബർട്ട് പ്രെവോസ്റ്റ് (ഇന്ന് ലെയോ പതിനാലാമൻ പാപ്പ) ഈ പോസ്റ്റ് റീപോസ്റ്റ് ചെയ്യുകയായിരിന്നു. പെറുവിലെ ലിമായിലെ കാലാവോയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി റോബർട്ട് പ്രെവോസ്റ്റ് ശുശ്രൂഷ ചെയ്യുന്ന കാലഘട്ടമായിരിന്നു അത്.

നിരവധി പേര്‍ തന്റെ പോസ്റ്റ് ഷെയര്‍ ചെയ്യാറുണ്ടായിരിന്നതിനാല്‍ അന്നു റോബർട്ട് പ്രെവോസ്റ്റ് റീഷെയര്‍ ചെയ്തത് കാര്യമായിട്ട് എടുത്തിരിന്നില്ല. ഇക്കഴിഞ്ഞ മെയ് എട്ടാം തീയതി വത്തിക്കാനില്‍ റോബർട്ട് പ്രെവോസ്റ്റ്, ലെയോ പതിനാലാമന്‍ എന്ന നാമത്തില്‍ പുതിയ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടുവെന്ന വാര്‍ത്ത വന്നപ്പോഴും പോസ്റ്റ് ഷെയര്‍ ചെയ്ത കാര്യം സച്ചിന് അറിയുമായിരിന്നില്ല. സമൂഹ മാധ്യമത്തിലൂടെ ഒരു സുഹൃത്താണ് പുതിയ പാപ്പ മുന്‍പ് തന്റെ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുള്ള കാര്യം ചൂണ്ടിക്കാട്ടിയതെന്നു സച്ചിന്‍ പറയുന്നു.

പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട പാപ്പ, മുന്‍പ് താന്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച പോസ്റ്റുകള്‍ കാണുകയും പങ്കുവെയ്ക്കുകയും ചെയ്തതില്‍ ഒത്തിരി സന്തോഷമുണ്ട്. ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമായിരിന്നു അതെന്നും സച്ചിന്‍ പറയുന്നു. ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പതിനായിരകണക്കിന് ഫോളോവേഴ്സുള്ള സച്ചിന്‍ കത്തോലിക്ക സംബന്ധമായ വിഷയങ്ങളാണ് അനുദിനം പങ്കുവെയ്ക്കുന്നത്. പുതിയ പാപ്പയെ കുറിച്ചുള്ള പ്രതീക്ഷകളും സച്ചിന്‍ പങ്കുവെച്ചു.

ബിഷപ്പായിരിന്ന കാലത്ത് എല്‍‌ജി‌ബി‌ടി വിഷയങ്ങളില്‍ സ്വീകരിച്ച ശക്തമായ നിലപാടുകള്‍ പാശ്ചാത്യ ലോകത്ത് സഭയ്ക്കു വലിയ മുതല്‍ കൂട്ടാകുമെന്നും പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ബാല്‍ക്കണിയില്‍ നിന്നു നല്‍കിയ സന്ദേശത്തിനിടെ ഏഴുപ്രാവശ്യം ഈശോയെന്ന് പറഞ്ഞുവെന്നും ഇത് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും സച്ചിന്‍ പറഞ്ഞു. നിലവില്‍ അമേരിക്കയില്‍ ഡിജിറ്റല്‍ കണ്‍സള്‍ട്ടന്‍റായി ജോലി ചെയ്യുന്ന സച്ചിന്‍, മുന്‍പ് 'പ്രവാചകശബ്ദം' ന്യൂസ് ടീമിലും അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »