News - 2025
ലെയോ പാപ്പയുടെ ആഗ്രഹ പ്രകാരം റോമൻ കൂരിയ വിഭാഗങ്ങളുടെ ചുമതലകളുള്ളവര്‍ തുടരും
പ്രവാചകശബ്ദം 10-05-2025 - Saturday
വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമൻ പാപ്പയുടെ ആഗ്രഹപ്രകാരം പുതിയ തീരുമാനങ്ങൾ ഉണ്ടാകുന്നതുവരെ, റോമൻ കൂരിയായിലെ നേതൃ നിരയിലുള്ളവരും അംഗങ്ങളും അവരുടെ കർത്തവ്യങ്ങൾ തുടരും. റോമന്‍ കൂരിയായിലെ സ്ഥാപനങ്ങളുടെ തലവന്മാരും അംഗങ്ങളും, വത്തിക്കാൻ സ്റ്റേറ്റിനായുള്ള പൊന്തിഫിക്കൽ കമ്മീഷന്റെ സെക്രട്ടറിമാരും പ്രസിഡന്റും തങ്ങള്‍ ചെയ്തു വരുന്ന ഉത്തരവാദിത്വങ്ങള്‍ തുടരണമെന്നാണ് പുതിയ പാപ്പയുടെ ആഗ്രഹപ്രകാരം വത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഒരു പാപ്പാ ദിവംഗതനാകുന്ന സമയം മുതൽ പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്നതുവരെ റോമൻകൂരിയായിലെയും അതുമായി ബന്ധപ്പെട്ട വിഭാഗങ്ങളുടെയും ചുമതലകൾ നിർവ്വഹിക്കുന്നത് കാമെർലേംഗോയാണ്. ഇത് പ്രകാരം നിലവിലെ കാമെർലേംഗോ കര്‍ദ്ദിനാള്‍ കെവിന്‍ ഫാരെല്ലാണ് ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിച്ചുക്കൊണ്ടിരിന്നത്. പാപ്പയെ തെരഞ്ഞെടുത്തതോടെ ഇത്തരം കാര്യങ്ങളില്‍ ഇനി തീരുമാനമെടുക്കുക ലെയോ പതിനാലാമൻ പാപ്പയായിരിക്കും.
കത്തോലിക്കാസഭയുടെ പൊതുവായ കാര്യങ്ങളില്‍ മാര്‍പാപ്പായെ സഹായിക്കാനുള്ള ഭരണസംവിധാനമാണ് റോമന്‍ കൂരിയ. രാഷ്ട്രീയഭരണത്തലവന്മാരുടെ കീഴില്‍ വിവിധങ്ങളായ ഭരണവകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നതുപോലെതന്നെ റോമന്‍ കൂരിയ മാര്‍പാപ്പയെയും സഹായിക്കുന്നു. മാനുഷിക തലത്തില്‍ പറഞ്ഞാല്‍ കത്തോലിക്കാസഭയിലെ എല്ലാ വകുപ്പുകളുടെയും സഹായ സഹകരണങ്ങളോടെയാണ് മാർപാപ്പ സാർവത്രികസഭയെ ഭരിക്കുന്നതും നയിക്കുന്നതും. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭരണസംവിധാനമാണിത്.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
