News

പൗരസ്ത്യ സഭയുടെ പാരമ്പര്യങ്ങൾ വിശിഷ്യാ, ആരാധനക്രമം സംരക്ഷിക്കേണ്ടത് അത്യാവശ്യം: ലെയോ പതിനാലാമൻ പാപ്പ

പ്രവാചകശബ്ദം 16-05-2025 - Friday

വത്തിക്കാന്‍ സിറ്റി: പൗരസ്ത്യസഭകളുടെ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ ലെയോ പതിനാലമന്‍ മാർപാപ്പ പൗരസ്ത്യ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ തന്റെ മുൻഗാമികളായ ലെയോ 13, ജോൺ പോൾ രണ്ടാമൻ, ഫ്രാൻസിസ് എന്നീ മാർപാപ്പാമാരുടെ ശൈലി നിലനിർത്തുമെന്ന് ഉറപ്പുനൽകി. "പൗരസ്ത്യസഭകളുടെ വൈവിധ്യമാർന്ന ഉറവിടങ്ങളെയും മഹത്വപൂർണ്ണമായ ചരിത്രത്തെയും പിന്നിട്ടതും ഇന്നും അഭിമുഖീകരിക്കുന്നതുമായ കയ്‌പേറിയ സഹനങ്ങളെയും ഓർക്കുമ്പോൾ നിങ്ങൾ ദൈവത്തിന്റെ കണ്ണിൽ അമൂല്യരാണെന്നു ഞാൻ തിരിച്ചറിയുന്നു;" റോമാസഭയുടെ മെത്രാനുമായി (മാർപാപ്പ) പൂർണ്ണമായ കൂട്ടായ്മയിലുള്ള 23 പൗരസ്ത്യസഭകളിൽനിന്നുള്ള വിശ്വാസികളോടു സംസാരിച്ചുകൊണ്ട് പരിശുദ്ധ പിതാവ് പറഞ്ഞു.

തന്റെ പൊന്തിഫിക്കേറ്റിന്റെ ആദ്യകാലങ്ങളിൽ തന്നെ പൗരസ്ത്യസഭകളിലെ വിശ്വാസികളുമായി സംവദിക്കാൻ സാധിക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. പൗരസ്ത്യ സഭയുടെ പാരമ്പര്യങ്ങൾ വിശിഷ്യാ, ആരാധനക്രമം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് മാർപാപ്പ എടുത്തുപറഞ്ഞു. വിദേശ രാജ്യങ്ങളിലുള്ള, പൗരസ്ത്യസഭകളിലെ കത്തോലിക്കരുടെ പൈതൃകം സംരക്ഷിക്കാനുള്ള മാർഗരേഖകളും നിബന്ധനകളും രൂപപ്പെടുത്താനും, അവരുടെ അജപാലന ആവശ്യങ്ങൾ കിഴക്കൻ സഭകളുടെ ആരാധനാക്രമത്തിനും പാരമ്പര്യത്തിനും അനുസരിച്ച് സംരക്ഷിക്കപ്പെടേണ്ടതിന് അവർ വസിക്കുന്ന ഇടങ്ങളിലെ ലത്തീൻ മെത്രാന്മാർക്ക് നിർദ്ദേശം നൽകണമെന്നും, പൗരസ്ത്യ സഭകളുടെ ഡിക്കാസ്റ്ററിയോട് ലിയോ പതിനാലാമൻ മാർപാപ്പ നിർദ്ദേശിച്ചു.

പൗരസ്ത്യസഭകളുടെ ആരാധനക്രമത്തിൽ പ്രകടമാകുന്ന ദൈവമഹത്വത്തെകുറിച്ചുള്ള അവബോധം, ദൈവത്തിന്റെ പരമമായ ശക്തിയുടെ ഏറ്റുപറച്ചിൽ, വിശ്വാസ രഹസ്യങ്ങളും കൂദാശ ജീവിതവും, പ്രായശ്ചിത്ത പ്രവർത്തികൾ, നോമ്പ്, പരിഹാരത്തിന്റെ ആത്മീയത തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ സാർവത്രിക സഭയുടെതന്നെ ആത്മീയത പുനർനിർമ്മിക്കാൻ സാധിക്കുമെന്നും അതിനാൽ പൗരസ്ത്യസഭകളുടെ പാരമ്പര്യങ്ങൾ നശിപ്പിക്കപ്പെടാതെ, സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും മാർപപ്പ വ്യക്തമാക്കി. മനുഷ്യന്റെ സഹനങ്ങളുടെ രഹസ്യാത്മകതയും, ദൈവത്തിൻറെ കാരുണ്യവും സംയോജിപ്പിക്കുന്ന പൗരസ്ത്യസഭയുടെ ആത്മീയതയ്ക്ക് അത്ഭുതാവഹമായ “ഔഷധ മൂല്യം” ഉണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

പൗരസ്ത്യ ദേശങ്ങളിലെ ക്രിസ്ത്യാനികൾക്ക് അവരുടെ നാടുകളിൽ തന്നെ മതിയായ സുരക്ഷയും അവകാശങ്ങളും അനുഭവിച്ച് ജീവിക്കാൻ അവസരം ലഭിക്കേണ്ടതുണ്ട്, വാക്കുകളിൽ മാത്രമല്ല, യാഥാർഥ്യത്തിലും ഇത് ഉറപ്പാകേണ്ടതാണെന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു. മധ്യപൂർവദേശങ്ങളിൽ പ്രതികാര ബുദ്ധിയോടെ തങ്ങൾ പീഡിപ്പിക്കപ്പെടുന്ന ഇടങ്ങളിൽ തന്നെ വസിച്ചുകൊണ്ട്, സമാധാനം വിതയ്ക്കുന്നവരകാൻ പൗരസ്ത്യ ദേശങ്ങളിലെ ക്രൈസ്തവർക്ക് സാധിക്കുന്നതിൽ മാർപാപ്പ സന്തോഷം പ്രകടിപ്പിച്ചു. "നീതിയുടെ സൂര്യനായ മിശിഹാ കിഴക്കിൻ്റെ ചക്രവാളത്തിൽ ഉദിച്ചവൻ ആണെന്ന്‌ ഓർത്തുകൊണ്ട് ലോകത്തിന്റെ പ്രകാശമായ മിശിഹായെ വിശ്വാസത്തിലും പ്രത്യാശയിലും സ്നേഹത്തിലും പ്രതിഫലിപ്പിക്കാനും തയ്യാറാകണമെന്നും മാർപാപ്പ പൗരസ്ത്യസഭകളെ ഉദ്ബോദിപ്പിച്ചു.

പണ്ടത്തെതിനേക്കാൾ അധികമായി, പൗരസ്ത്യ ക്രൈസ്തവികതയുടെ മഹത്വം വെളിപ്പെടുത്തപ്പെടേണ്ടത് ലോകബന്ധങ്ങളിൽനിന്നും ഐക്യത്തിന് വിരുദ്ധമായ എല്ലാ പ്രവണതകളിൽനിന്നും അകന്ന്, ഏകാഗ്രതയോടെ സത്യവിശ്വാസത്തിൽ നിലനിൽക്കുവാനും സുവിശേഷ സാക്ഷ്യത്തിൽ നിലകൊള്ളുവാനും പൗരസ്ത്യ സഭകൾക്കുള്ള തന്റെ സന്ദേശത്തിൽ പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പറഞ്ഞു.

സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ, കാൽദിയൻ പാത്രിയാർക്ക് ലൂയിസ് റാഫേൽ സാക്കോ, സീറോമലങ്കര സഭാതലവൻ കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ്, സി.ബി.സി.ഐ പ്രസിഡണ്ട് ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, വിവിധ പൗരസ്ത്യസഭകളുടെ തലവന്മാർ, പൗരസ്ത്യസഭകളിൽ നിന്നുള്ള വിശ്വാസിസമൂഹം തുടങ്ങിയവർ സന്നിഹിതരായിരുന്നു. "ജൂബിലി പരിരക്ഷിക്കപ്പെടുന്ന പാരമ്പര്യങ്ങളുടെ ആഘോഷം മാത്രമല്ല, സഭയുടെ സജീവമായ കൂട്ടായ്മയുടെ അടയാളം കൂടിയാണ്" എന്ന് സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് ലെയോ പതിനാലാമൻ മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍




Related Articles »