News
ലെയോ പാപ്പയുടെ കാലത്തെ ആദ്യ വാഴ്ത്തപ്പെട്ട പ്രഖ്യാപനം; ദരിദ്രർക്കായി ജീവിതം ഉഴിഞ്ഞുവച്ച ഫ്രഞ്ച് വൈദികൻ വാഴ്ത്തപ്പെട്ട പദവിയില്‍
പ്രവാചകശബ്ദം 19-05-2025 - Monday
വത്തിക്കാന്‍ സിറ്റി: ദരിദ്രർക്കായി ജീവിതം ഉഴിഞ്ഞുവച്ച ഫ്രഞ്ചു വൈദികൻ ഫാ. കമീല്ലെ കോസ്ത ദെ ബ്വൊർഗായെ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയര്‍ത്തി. ഫ്രാൻസിലെ കംബേറി സ്വദേശിയാണ്. അനാഥരുടെ കാര്യത്തിൽ സവിശേഷ ശ്രദ്ധ ചെലുത്തി ഉപവി വീരോചിതമായി പ്രവർത്തിപഥത്തിലാക്കുകയും എളിമയിലും ദാരിദ്ര്യത്തിലും ഭൗമിക ബഹുമതികളെ തള്ളിക്കളഞ്ഞും ജീവിതം നയിച്ച വ്യക്തിയായിരിന്നു അദ്ദേഹം. മെയ് 17നു വൈദികന്റെ ജന്മസ്ഥലമായ കംബേറിയില്‍ നടന്ന വാഴ്ത്തപ്പെട്ട പ്രഖ്യാപനത്തിന് ഫ്രാൻസിലെ അപ്പസ്തോലിക് ന്യൂണ്‍ഷോ ആർച്ച് ബിഷപ്പ് ചെലെസ്തീനൊ മില്യോരെ കാര്‍മ്മികനായി. ലെയോ പതിനാലാമൻ പാപ്പായുടെ കാലത്തെ പ്രഥമ വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനത്തിനാണ് ഫ്രാന്‍സ് സാക്ഷ്യം വഹിച്ചത്.
പന്തലയോണെ-മാർത്ത ദമ്പതികളുടെ ദാമ്പത്യ ബന്ധത്തില്‍ വിരിഞ്ഞ പതിനൊന്നു മക്കളിൽ അഞ്ചാമത്തെ പുത്രനായിരുന്നു കമീല്ലെ. 1841 ഫെബ്രുവരി 17നാണ് ജനിച്ചത്. റോമിലെ ഫ്രഞ്ചു സെമിനാരിയിൽ വൈദികപഠനം കഴിഞ്ഞ് 1866 മെയ് 26-ന് പൗരോഹിത്യം സ്വീകരിച്ചു. വത്തിക്കാൻറെ നയതന്ത്ര പരിശീലനം നേടാൻ ലഭിച്ച അവസരം നിരസിച്ചുകൊണ്ട് കംബേറിയിലേക്കു തിരിച്ചുപോയി കംബേറി രൂപതാ കത്തീഡ്രലിൽ സഹവികാരിയായി. 1867-ൽ പടർന്നുപിടിച്ച ഛർദി, അതിസാരം, കോളറ അനേകരുടെ ജീവനപഹരിക്കുകയും നിരവധിപ്പേർ അനാഥരാകുകയും ചെയ്തു.
ഈ അവസ്ഥയിൽ അദ്ദേഹം അനാഥകുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനും അവർക്ക് വിദ്യാഭ്യാസം നല്കുന്നതിനും വേണ്ടി പരിശ്രമിച്ചു. പാവപ്പെട്ടവരും ആവശ്യത്തിലിരിക്കുന്നവരുമായവരുടെ കാര്യത്തിലും വൈദികന്‍ ശ്രദ്ധ ചെലുത്തി. ഇക്കാലയളവില്‍ ഉണ്ടായ വിവിധ പ്രതിസന്ധികളെ അതിജീവിച്ചായിരിന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ദരിദ്രർക്കായി ജീവിതം ഉഴിഞ്ഞുവച്ച കമീല്ലെ കോസ്ത 1910 മാർച്ച് 25-ന് നിത്യസമ്മാനത്തിന് യാത്രയായി. വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനത്തിനു ആവശ്യമായിരുന്ന അത്ഭുതം 2024 മാർച്ച് 14-ന് ഫ്രാൻസിസ് പാപ്പയാണ് അംഗീകരിച്ചത്.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
