News
കർദ്ദിനാൾ പിയട്രോ പരോളിന് സമാധാന അവാര്‍ഡ് സമ്മാനിച്ചു
പ്രവാചകശബ്ദം 22-05-2025 - Thursday
വത്തിക്കാന്‍ സിറ്റി: വത്തിക്കാനെ പ്രതിനിധീകരിച്ച് ആഗോള തലത്തില്‍ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളെ പരിഗണിച്ചു സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിന് 'പാത്ത് ടു പീസ് ഫൗണ്ടേഷന്‍' അവാർഡ് സമ്മാനിച്ചു. മെയ് 19ന്, ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍വെച്ചാണ് അദ്ദേഹം അവാര്‍ഡ് സ്വീകരിച്ചത്. ഐക്യരാഷ്ട്ര സഭയിൽ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായിരുന്ന കാലത്ത്, അന്നത്തെ ആർച്ച് ബിഷപ്പ് റെനാറ്റോ റാഫേൽ മാർട്ടിനോ 1991-ൽ സ്ഥാപിച്ച പുരസ്ക്കാരമാണ് 'പാത്ത് ടു പീസ് ഫൗണ്ടേഷൻ' അവാര്‍ഡ്.
ന്യൂയോർക്കിൽ നടന്ന ചടങ്ങിൽ, അവാർഡിന് കർദിനാൾ നന്ദി പ്രകടിപ്പിച്ചു. ലോകത്ത് നീതി പ്രോത്സാഹിപ്പിക്കുന്നതിനായി മാർപാപ്പയ്ക്കുവേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന സ്റ്റേറ്റ് സെക്രട്ടേറിയറ്റിനു വേണ്ടിയാണ് താൻ പാത്ത് ടു പീസ് ഫൗണ്ടേഷന്റെ അവാർഡ് സ്വീകരിച്ചത്. ഈ വർഷത്തെ പാത്ത് ടു പീസ് അവാർഡ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. അവാർഡ് തനിക്കു മാത്രമല്ലെന്നും പരിശുദ്ധ സിംഹാസനത്തിനും, എല്ലാറ്റിനുമുപരി, ലോകത്തിലെ സമാധാനത്തിനും നീതിക്കും വേണ്ടി മുന്നോട്ട് പോകുന്നതിനായി റോമൻ സഭയുടെ പാപ്പയ്ക്കു വേണ്ടിയും അക്ഷീണം പ്രവർത്തിക്കുന്ന സ്റ്റേറ്റ് സെക്രട്ടേറിയറ്റിനും വേണ്ടി ഇത് സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പോളണ്ടിന്റെ മുൻ പ്രസിഡന്റ് ലെച്ച് വലേസ (1996), വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ (2004) ഈ ബഹുമതി ലഭിച്ച പരേതനായ കർദ്ദിനാൾ ആഞ്ചലോ സൊഡാനോ, വത്തിക്കാനിലെ മുൻ യുഎസ് അംബാസഡർ മേരി ആൻ ഗ്ലെൻഡൻ (2010), നിലവിലെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് (2020, 2021) എന്നിവരാണ് പാത്ത് ടു പീസ് അവാർഡിന് അർഹരായ മറ്റ് വ്യക്തികള്‍.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
