News
റോമന്‍ കൂരിയയിൽ ലെയോ പാപ്പയുടെ ആദ്യ നിയമനം; സി. തിസ്സ്യാന സമർപ്പിതര്‍ക്കാർക്കായുള്ള ഡിക്കാസ്റ്ററിയുടെ സെക്രട്ടറി
പ്രവാചകശബ്ദം 23-05-2025 - Friday
വത്തിക്കാന്‍ സിറ്റി: കത്തോലിക്കാസഭയുടെ പൊതുവായ കാര്യങ്ങളില്‍ മാര്‍പാപ്പായെ സഹായിക്കാനുള്ള ഭരണസംവിധാനമായ റോമന്‍ കൂരിയയില്‍ ലെയോ പാപ്പ ആദ്യനിയമനം നടത്തി. സമർപ്പിതർക്കും, അപ്പസ്തോലിക സമൂഹങ്ങൾക്കുമായുള്ള ഡിക്കാസ്റ്ററിയുടെ സെക്രട്ടറിയുമായി സിസ്റ്റര്‍ തിസ്സ്യാന മെർലെത്തിയെ നിയമിച്ചു. നേരത്തെ സമർപ്പിത സമൂഹങ്ങൾക്കു വേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടായി ഫ്രാന്‍സിസ് പാപ്പ നിയമിച്ച സിസ്റ്റർ സിമോണ ബ്രാംബില്ലയുടെ കീഴിലാണ് സി. തിസ്സ്യാന പ്രവര്‍ത്തിക്കുക. ഇന്നലെ മെയ് 22 വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തുവിട്ടത്.
1950 സെപ്റ്റംബർ 30-ന് ഇറ്റലിയിലെ തേറമോ പ്രവിശ്യയിലുള്ള പിനേത്തോയിൽ ജനിച്ച സി. മെർലെത്തി, 1986-ലാണ് 'പാവപ്പെട്ടവരുടെ ഫ്രാൻസിസ്കൻ സഹോദരിമാർ' (Franciscan Sisters of the Poor) എന്ന കോൺഗ്രിഗേഷനിൽ അംഗമായത്. 1984-ൽ അബ്രുസ്സോയിലുണ്ടായിരുന്ന ഗബ്രിയേലേ ദ്’അനുൺസിയോ സ്വതന്ത്ര യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദവും, 1992-ൽ റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽനിന്ന് കാനോനിക നിയമത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
2004 മുതൽ 2013 വരെ ഫ്രാൻസിസ്കൻ സഹോദരിമാർ എന്ന കോൺഗ്രിഗേഷന്റെ സുപ്പീരിയർ ജനറൽ ആയി സേവനമനുഷ്ഠിച്ച സിസ്റ്റര്‍ റോമിലെ അന്തോണിയാനം യൂണിവേഴ്സിറ്റിയിൽ പ്രഫസറായും, സുപ്പീരിയർ ജനറൽമാരുടെ അന്താരാഷ്ട്ര സംഘത്തിൽ കാനോനികവിദഗ്ധ എന്ന നിലയിലും സേവനമനുഷ്ഠിച്ചുവരികയായിരുന്നു. കർദ്ദിനാൾ ഫെർണാണ്ടസ് അർതീമെയാണ് സമർപ്പിതർക്കും, അപ്പസ്തോലിക ജീവിതക്കാരുടെ സമൂഹങ്ങൾക്കുമായുള്ള ഡികാസ്റ്ററിയുടെ പ്രോപ്രീഫെക്ട്.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
