News
യേശുവിന്റെ തിരുഹൃദയത്തിന് രാജ്യത്തെ സമര്‍പ്പിച്ച് ക്രൊയേഷ്യൻ ബിഷപ്പുമാർ
പ്രവാചകശബ്ദം 01-07-2025 - Tuesday
സാഗ്രെബ്: യൂറോപ്യൻ രാജ്യമായ ക്രൊയേഷ്യയെ യേശുവിന്റെ തിരുഹൃദയത്തിന് സമര്‍പ്പിച്ച് രാജ്യത്തെ ബിഷപ്പുമാർ. കഴിഞ്ഞ ജൂൺ 27-ന് പ്രാദേശിക സമയം വൈകുന്നേരം 7 മണിക്ക് ക്രൊയേഷ്യയിലുടനീളമുള്ള ദേവാലയങ്ങളിലും ചാപ്പലുകളിലും തിരുഹൃദയ പ്രതിഷ്ഠ പ്രാര്‍ത്ഥനയും മറ്റു ശുശ്രൂഷകളും നടന്നു. അഞ്ച് മിനിറ്റ് സമയം പള്ളി മണികൾ നീട്ടി മുഴക്കിയാണ് സമര്‍പ്പണ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമിട്ടത്. തുടർന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നു. വിശുദ്ധ കുർബാനയ്ക്ക് ശേഷമാണ് വൈദികർ യേശുവിന്റെ തിരുഹൃദയത്തിന് രാജ്യത്തെ ഭരമേല്‍പ്പിച്ച് പ്രാര്‍ത്ഥന നടത്തിയത്. വിവിധയിടങ്ങളില്‍ മെത്രാന്മാരും സമര്‍പ്പണം നടത്തി.
"ഞങ്ങൾ, ക്രൊയേഷ്യൻ വിശ്വാസികൾ, അങ്ങയുടെ നന്മയിൽ ആശ്രയിച്ചുകൊണ്ട്, അങ്ങയുടെ ഏറ്റവും പരിശുദ്ധമായ ഹൃദയം ഒരിക്കൽക്കൂടി ഞങ്ങൾക്കായി തുറക്കാൻ അങ്ങയുടെ അടുക്കൽ വരുന്നു" എന്ന ആമുഖത്തോടെയാണ് പ്രാര്‍ത്ഥന ആരംഭിച്ചത്. യേശുവിനെ "ജ്ഞാനം, സ്നേഹം, പിതാവിന്റെ വചനം" എന്നിങ്ങനെ പ്രാര്‍ത്ഥനയില്‍ അഭിസംബോധന ചെയ്യുന്നുണ്ട്. ക്രൊയേഷ്യൻ കുടുംബങ്ങൾ, വൈദികർ, സന്യാസ സമൂഹങ്ങൾ, ഇടവകകൾ, ദമ്പതികൾ, കുട്ടികൾ, യുവജനങ്ങള്‍, രോഗികൾ, വൃദ്ധർ, വിവിധ മേഖലകളിലെ തൊഴിലാളികൾ എന്നിവരെ തിരുഹൃദയത്തിന് സമർപ്പിച്ചുകൊണ്ടാണ് സമഗ്രമായ പ്രാർത്ഥന നടത്തിയത്.
2024 നവംബറിൽ നടന്ന 69-ാമത് പ്ലീനറി അസംബ്ലിയിൽ ക്രൊയേഷ്യൻ ബിഷപ്പുമാരുടെ സമിതി തിരുഹൃദയത്തോടുള്ള ചരിത്രപരമായ ഭക്തി പുതുക്കാനുള്ള തീരുമാനം എടുത്തിരിന്നു. ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച 2025 ജൂബിലി വർഷത്തോട് അനുബന്ധിച്ചു തിരുഹൃദയ സമര്‍പ്പണം നടത്തണമെന്ന തീരുമാനമാണ് അവര്‍ കൈക്കൊണ്ടത്. 1900-ൽ ഒന്നരലക്ഷത്തിലധികം ക്രൊയേഷ്യക്കാർ തിരുഹൃദയത്തിന് സമര്‍പ്പിച്ച് തിരുഹൃദയത്തോട് പ്രതിജ്ഞയെടുത്ത അസാധാരണമായ ചടങ്ങിന്റെ 125-ാം വാർഷികം അടയാളപ്പെടുത്തിക്കൊണ്ടായിരിന്നു ഇത്തവണ സമര്‍പ്പണമെന്നതും ശ്രദ്ധേയമാണ്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
