Seasonal Reflections - 2025
ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | ഏഴാം ദിവസം | വിശുദ്ധ കുർബാനയെ സ്നേഹിക്കുക
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 07-07-2025 - Monday
ഞാന്‍ ജീവന്‍റെ അപ്പമാണ് (യോഹ 6 : 48).
ഏഴാം ചുവട്: വിശുദ്ധ കുർബാനയെ സ്നേഹിക്കുക
വിശുദ്ധ അൽഫോൻസാമ്മയെ സംബന്ധിച്ചിടത്തോളം വിശുദ്ധ കുർബാന അവളുടെ ആത്മീയ ജീവിതത്തിന്റെ കാതലും കഷ്ടപ്പാടുകൾക്കിടയിലും അവളുടെ ജീവിത ശക്തിയുടെ ഉറവിടവുമായിരുന്നു. ചെറുപ്പം മുതലേ, വിശുദ്ധ കുർബാനയിലെ ഈശോയോട് അടുക്കാൻ അവൾക്ക് ആഴമായ ആഗ്രഹം ഉണ്ടായിരുന്നു. നിരവധി ശാരീരിക രോഗങ്ങളും കഠിനമായ വേദനയും ഉണ്ടായിരുന്നിട്ടും വിശുദ്ധ കുർബാന സ്വീകരിക്കാനോ നിശബ്ദ ആരാധനയിൽ സമയം ചെലവഴിക്കാനോ കഴിയുന്ന നിമിഷങ്ങൾക്കായി അവൾ ആകാംക്ഷയോടെ കാത്തിരുന്നു.
വിശുദ്ധ കുർബാന വെറുമൊരു അനുഷ്ഠാനം ആയിഅല്ല , മറിച്ച് യേശുവുമായുള്ള ഒരു ജീവനുള്ള കണ്ടുമുട്ടലാണെന്ന് വിശുദ്ധ അൽഫോൻസാമ്മ വിശ്വസിച്ചു. പരിശുദ്ധ കുർബാന ആയിരുന്നു വിശുദ്ധ അൽഫോൻസയുടെ ജീവിതത്തിന്റെ കേന്ദ്രം. അവൾ ദൈവത്തോടുള്ള ആഴമായ ഐക്യത്തിനായി കുർബാനയിൽ പങ്കെടുത്ത് ആത്മീയ ശക്തി നേടിയിരുന്നു.
"എനിക്ക് ഏറ്റവും പ്രിയങ്കരമായ ഭോജനം വിശുദ്ധ കുര്‍ബാനയാണ്. ഞാനാണ് ജീവന്‍റെ അപ്പം എന്നരുളിയ ദിവ്യനാഥന്‍ എന്റെ ഉള്ളില്‍ ആഗതനാകുമ്പോഴെല്ലാം അവാച്യമായ ആനന്ദം ഞാന്‍ അനുഭവിക്കുന്നു" - എന്നവൾ പറയുമായിരുന്നു. അൽഫോൻസാമ്മ ഭക്തിയോടെ ദിവ്യകാരുണ്യ സന്നിധിയിൽ സമയം ചെലവഴിക്കുകയും, ഈശോയോടുള്ള ആത്മബന്ധം ആഴമാക്കുകയും ചെയ്തിരുന്നു. ജീവിതത്തിന്റെ കഠിനസമയങ്ങളിലും, അവളുടെ എല്ലാ വേദനകളും സക്രാരിയിലെ ഈശോയിലേക്ക് അവൾ അർപ്പിച്ചിരുന്നു. വിശുദ്ധ കുർബാനയില്ലാത്ത ഒരു ദിവസത്തെ വെളിച്ചമില്ലാത്ത ദിവസമായും, ജീവിതമില്ലാത്ത ദിവസമായി അൽഫോൻസാമ്മ കണക്കാക്കിയിരുന്നു
വിശുദ്ധ കുർബാനയോടുള്ള അവളുടെ സ്നേഹം വൈകാരികം മാത്രമല്ലായിരുന്നു, അതു ആഴമായ ത്യാഗം ഉൾകൊള്ളുന്നതായിരുന്നു. അസുഖം കാരണം ശാരീരികമായി കുർബാനയിൽ പങ്കെടുക്കാൻ കഴിയാത്തപ്പോഴും, അവളുടെ ഹൃദയം ആത്മാവിൽ ബലിപീഠത്തിന് മുന്നിൽ നിലകൊണ്ടു. മൗനമായി സഹിക്കാനും, പൂർണ്ണഹൃദയത്തോടെ ക്ഷമിക്കാനും, സന്തോഷത്തോടെ ജീവിക്കാനുമുള്ള ശക്തി ദിവ്യകാരുണ്യമാണ് അവൾക്ക് നൽകിയത്.
ദിവ്യകാരുണ്യത്തെ സ്നേഹിക്കുക എന്നാൽ ഈശോയുമായുള്ള ഐക്യത്തിൽ ജീവിക്കുക എന്നാണ് വിശുദ്ധ കുർബാനയുടെ സാന്നിധ്യം നമ്മുടെ ബലഹീനതയെ കൃപയാക്കി മാറ്റും. നമുക്കും വിശുദ്ധ കുർബാനയിലെ ഈശോയുടെ സാന്നിധ്യം വിശുദ്ധ അൽഫോൻസാമ്മയെപ്പോലെ വിശ്വസിക്കാം പ്രഘോഷിക്കാം.
പ്രാർത്ഥന
ഈശോയെ വിശുദ്ധ അൽഫോൻസാമ്മയെപ്പോലെ വിശുദ്ധ കുർബാനയെ സ്നേഹിക്കാനും വിശ്വസിക്കാനും പ്രഘോഷിക്കാനും ഞങ്ങളെ പഠിപ്പിക്കണമേ. ആമ്മേൻ.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
