News - 2025

21 ക്രൈസ്തവരെ അകാരണമായി അറസ്റ്റ് ചെയ്ത് ഇറാൻ

പ്രവാചകശബ്ദം 14-07-2025 - Monday

ടെഹ്റാന്‍: ഇസ്രായേലുമായുള്ള വെടിനിർത്തലിന് ശേഷമുള്ള രണ്ടാഴ്ചയ്ക്കിടെ ടെഹ്‌റാൻ, റാഷ്ത്, ഉർമിയ എന്നിവയുൾപ്പെടെ വിവിധ നഗരങ്ങളിൽ നിന്ന് 21 ക്രിസ്ത്യാനികളെയെങ്കിലും ഇറാന്റെ ഇന്റലിജൻസ് മന്ത്രാലയം അറസ്റ്റ് ചെയ്തതായി യുകെ ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയായ ആർട്ടിക്കിൾ 18-ന്റെ റിപ്പോര്‍ട്ട്. ഔദ്യോഗികമായി സ്ഥിരീകരണം നല്‍കാത്ത കൂടുതൽ അറസ്റ്റുകൾ നടന്നിരിക്കാമെന്നും റിപ്പോർട്ടുകളുണ്ട്. അടിസ്ഥാനരഹിതമായ കുറ്റങ്ങൾ ചുമത്തി വംശീയവും മതപരവുമായ വിധത്തില്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ള വ്യാപകമായ അടിച്ചമർത്തലിന്റെ ഭാഗമായാണ് നടപടിയെന്ന് ആർട്ടിക്കിൾ 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

ബൈബിൾ കൈവശം വച്ചതിന് ചില ക്രൈസ്തവരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഐക്യരാഷ്ട്രസഭയിലെ വിദഗ്ധരായ മായ് സാറ്റോയും നാസില ഘാനിയയും ഇറാന്റെ നടപടികളെ വിമർശിച്ചു. സംഘർഷാനന്തര അടിച്ചമർത്തൽ ഉപയോഗിച്ച് തങ്ങള്‍ക്ക് വിയോജിപ്പുള്ള കാര്യങ്ങളെ നിശബ്ദമാക്കരുതെന്ന് പ്രതിനിധികള്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളെ "രാജ്യദ്രോഹികൾ" എന്നും മറ്റ് മോശം പദപ്രയോഗങ്ങളിലൂടെയും മുദ്രകുത്തിയ ഇറാനിയൻ മാധ്യമങ്ങളിൽ ഉപയോഗിക്കുന്ന മനുഷ്യത്വരഹിതമായ വിശേഷണങ്ങളെയും യു‌എന്‍ പ്രതിനിധികള്‍ അപലപിച്ചു.

അതേസമയം ഇസ്രായേല്‍ ആക്രമണത്തിനിടെ കുറഞ്ഞത് 11 ക്രൈസ്തവരെ എവിൻ ജയിലിൽ തടവിലാക്കുകയും പിന്നീട് സ്ഥലം മാറ്റുകയും ചെയ്തിരിന്നു. ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്ത ഐദ നജഫ്ലൂ ഉള്‍പ്പെടെ നിരവധി പേര്‍ ഖാർചക് ജയിലിൽ തടവിലാണ്. മനുഷ്യത്വരഹിതമായ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയ നേതാവായിരിന്നു ഐദ. ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള ആഗോള രാജ്യങ്ങളെ കുറിച്ചുള്ള ഓപ്പണ്‍ ഡോഴ്സിന്റെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ഇറാന്‍.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍