News - 2025

യൂറോപ്പിനു മാതൃകയായി പോളണ്ട്; ഈ വര്‍ഷം തിരുപ്പട്ടം സ്വീകരിക്കാന്‍ 208 ഡീക്കന്മാര്‍

പ്രവാചകശബ്ദം 15-07-2025 - Tuesday

വാര്‍സോ: യൂറോപ്യന്‍ രാജ്യമായ പോളണ്ടില്‍ ഈ വര്‍ഷം തിരുപ്പട്ടം സ്വീകരിക്കാന്‍ തയാറെടുക്കുന്നത് 208 ഡീക്കന്മാര്‍. യൂറോപ്പില്‍ സമീപകാലത്ത് രേഖപ്പെടുത്തിയിട്ടുള്ള റെക്കോര്‍ഡ് എണ്ണമാണിത്. 141 പേർ രൂപത വൈദികരായി അഭിഷിക്തരാകാനാണ് തയാറെടുക്കുന്നത്. ടാർനോ രൂപതയില്‍ 13 ഡീക്കന്മാരും വാർസോ രൂപതയില്‍ 12 പേരും ഉടനെ തിരുപ്പട്ടം സ്വീകരിക്കുന്നുണ്ട്. കത്തോലിക്ക വിശ്വാസം അടിയുറച്ച രീതിയില്‍ കാത്തുസൂക്ഷിക്കുന്നവരാണ് ടാർനോവ് രൂപത പരിധിയില്‍ ഉള്ളത്. വിശുദ്ധ കുര്‍ബാന പങ്കാളിത്തത്തില്‍ വിശ്വാസികള്‍ മുന്‍നിരയിലുള്ള (61.5%) രൂപത കൂടിയാണ് ടാർനോ. മറ്റ് രൂപതകളിലും സമാന സാഹചര്യമുണ്ട്.

ഈ വര്‍ഷം തിരുപ്പട്ടം സ്വീകരിക്കുന്നവരില്‍ 67 നവവൈദികര്‍ വിവിധ സന്യാസ സമൂഹങ്ങളില്‍ നിന്നുള്ളവരാണ്. മിഷൻ കോണ്‍ഗ്രിഗേഷന്‍ എന്ന സന്യാസ സമൂഹത്തില്‍ നിന്നാണ് ഏറ്റവും അധികം ഡീക്കന്മാര്‍ തിരുപ്പട്ടം സ്വീകരിക്കുന്നത്. എട്ട് പേരാണ് ഈ സമൂഹത്തിന് വേണ്ടി തിരുപ്പട്ടം സ്വീകരിക്കുന്നത്. ഡൊമിനിക്കൻ, ഫ്രാൻസിസ്കൻ തുടങ്ങിയ സമൂഹങ്ങളില്‍ നിന്നുള്ള നാല് ഡീക്കന്മാരും തിരുപ്പട്ടം സ്വീകരിക്കും. സെന്റ് ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ മുൻ രൂപതയായ ക്രാക്കോവില്‍ ഈ വർഷം ഏഴ് നവവൈദികരാണ് പൗരോഹിത്യം സ്വീകരിക്കുക.

കത്തോലിക്ക വിശ്വാസത്തിലധിഷ്ഠിതമായി ജീവിക്കുന്നവരാണ് പോളണ്ടിലെ ഭൂരിഭാഗം ജനങ്ങളും. 2021 ലെ സെൻസസ് പ്രകാരം 71.4% പേർ കത്തോലിക്ക വിശ്വാസം പിന്തുടരുന്നുണ്ട്. ഏകദേശം 97% കത്തോലിക്കരും വർഷം തോറും കുമ്പസാര കൂദാശയില്‍ പങ്കെടുക്കുന്നുണ്ടെന്നു റിപ്പോര്‍ട്ടുണ്ടായിരിന്നു. യൂറോപ്പിലേക്കുള്ള കുടിയേറ്റം വലിയ രീതിയില്‍ ഉയര്‍ന്നപ്പോഴും രാജ്യത്തിന്റെ സാംസ്ക്കാരികവും വിശ്വാസപരവുമായ പാരമ്പര്യം സംരക്ഷിക്കപ്പെടുവാന്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയ രാജ്യം കൂടിയാണ് പോളണ്ട്. കത്തോലിക്ക വിശ്വാസം മുറുകെ പിടിക്കുന്ന രാജ്യത്തു 0.01% ഇസ്ലാം മത വിശ്വാസികള്‍ മാത്രമേയുള്ളൂ.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »