News
മാനസിക ആരോഗ്യത്തെ ബാധിക്കുന്നു: ഓൺലൈൻ ചൂതാട്ടം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫിലിപ്പീൻസ് മെത്രാന്മാർ
പ്രവാചകശബ്ദം 15-07-2025 - Tuesday
മനില: ഓൺലൈൻ ചൂതാട്ടം പൊതുജനത്തിന്റെ മാനസിക ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നതിനാൽ അവയെ നിരോധിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ഫിലിപ്പീൻസ് മെത്രാന്മാർ. രാജ്യത്തെ കാരിത്താസ് സംഘടനയുടെ നേതൃത്വത്തിലുള്ള ആസക്തി വിമുക്ത ചികിത്സാകേന്ദ്രങ്ങളിൽ ഓൺലൈൻ ചൂതാട്ട ആസക്തിയുടെ കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് മെത്രാന്മാർ ഈ ആവശ്യം ശക്തമായി ഉന്നയിച്ചത്. സമൂഹത്തെ നാശത്തിലേക്ക് നയിക്കുന്നതാണ് ഓൺലൈൻ ചൂതാട്ടമെന്നു മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി.
പണം സമ്പാദിക്കുന്നതിനായി മറ്റുള്ളവരുടെ ബലഹീനതകളെ ചൂഷണം ചെയ്യുന്നത് പാപമാണ്. സാമ്പത്തിക നഷ്ടങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങൾക്കു ഓൺലൈൻ ചൂതാട്ടം കാരണമാകുന്നുവെന്നു മെത്രാന്മാര്‍ പറഞ്ഞു. സമ്പന്നരായ വ്യക്തികൾക്കിടയിലും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്കിടയിലും, തൊഴിൽരഹിതർക്കിടയിലും പോലും ഓൺലൈൻ ചൂതാട്ടം വ്യാപകമായതിനാൽ, ദാരിദ്ര്യാവസ്ഥയിലേക്ക് സമൂഹത്തെ ഒന്നടങ്കം ഈ ചൂതാട്ടങ്ങൾ എത്തിക്കുമെന്നുള്ള മുന്നറിയിപ്പും സഭ നൽകി.
അടുത്തിടെ പുറത്തുവന്ന സർവേയിൽ, യുവാക്കൾക്കും മധ്യവയസ്‌കരായ ഫിലിപ്പീൻസ് വംശജർക്കും ഇടയിൽ ഓൺലൈൻ ചൂതാട്ടം വളരെ ഗുരുതരമായ വിധത്തില്‍ വ്യാപിക്കുന്നുണ്ടെന്ന് വ്യക്തമായിരിന്നു. സർവേ പ്രകാരം 18നും 24നും ഇടയിൽ പ്രായമുള്ള ഫിലിപ്പിനോകളിൽ 66% പേരും ഓൺലൈനിൽ ചൂതാട്ടം നടത്തുന്നവരാണെന്നും 41നും 55നും ഇടയിൽ പ്രായമുള്ളവരിൽ 57% പേരും ആഴ്ചയിൽ ശരാശരി രണ്ടോ മൂന്നോ തവണ പതിവായി ഓൺലൈൻ ചൂതാട്ടം നടത്തുന്നവരാണെന്നുമായിരിന്നു പഠനഫലം. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് ചൂതാട്ടമെന്ന സാമൂഹിക വിപത്തിനെ ഒഴിവാക്കുവാൻ ഇവ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു മെത്രാന്മാർ രംഗത്ത് വന്നിരിക്കുന്നത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
