Editor's Pick - 2025

ഇന്ന്‍ സെപ്റ്റംബര്‍ 12; മറിയത്തിന്റെ പുണ്യനാമത്തിന്റെ തിരുനാളായി ആരാധനക്രമത്തില്‍ പ്രത്യേകം അനുസ്മരിക്കുന്ന സുദിനം

സ്വന്തം ലേഖകന്‍ 12-09-2016 - Monday

ഇന്ന്‍ സെപ്റ്റംബര്‍ 12. മറിയത്തിന്റെ പുണ്യനാമത്തിന്റെ തിരുനാളായി ആരാധനക്രമത്തില്‍ പ്രത്യേകം അനുസ്മരിക്കുന്ന സുദിനം. ഈ തിരുനാള്‍ സീറോ മലബാര്‍ സഭയില്‍ ആചരിക്കുന്ന പതിവില്ല. എന്നാല്‍ ലത്തീന്‍ സഭയടക്കമുള്ള മറ്റ് സഭകളില്‍ സെപ്റ്റംബര്‍ 12നു പരിശുദ്ധ കന്യകാമറിയത്തിന്റെ പുണ്യ നാമത്തിന്റെ തിരുനാള്‍ ആചരിക്കുന്നു.

യഹൂദ ആചാരമനുസരിച്ച് മറിയത്തിന്റെ ജനനത്തിനു എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് അവളുടെ മാതാപിതാക്കളായ ജൊവാക്കിമും അന്നയും അവളുടെ നാമകരണം നടത്തിയത്‌. അവള്‍ക്ക്‌ മറിയം എന്ന പേര് നല്‍കുവാന്‍ അവര്‍ പ്രചോദിതരായി. യേശുവിന്റെ നാമകരണ തിരുനാള്‍ ക്രിസ്തുമസ്സിനു ശേഷം വരുന്നത് പോലെ, മറിയത്തിന്റെ നാമകരണത്തിരുനാള്‍ അവളുടെ ജനനത്തിരുനാളിനു ശേഷമാണ് വരുന്നത്. ഈ തിരുനാള്‍ സ്പെയിനിലാണ് ഉത്ഭവിച്ചത്.

വിയന്നാ ആക്രമിക്കുകയും പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഭീഷണിയാവുകയും ചെയ്ത തുര്‍ക്കികളുടെ മേല്‍ പോളണ്ടിലെ രാജാവായിരുന്ന ജോണ്‍ സോബെസ്കി 1683 സെപ്റ്റംബര്‍ 12ന് നേടിയ വിജയത്തിന് പരിശുദ്ധ മറിയത്തോടുള്ള നന്ദിസൂചകമായി, ഇന്നസെന്റ് പതിനൊന്നാമന്‍ പാപ്പാ ഇതേ വര്‍ഷം ഈ തിരുനാള്‍ ആഗോള സഭ മുഴുവന്‍ ആഘോഷിക്കണമെന്ന് പ്രഖ്യാപിച്ചു. വിയന്നായില്‍ ഈ തിരുനാള്‍ ദിവസം തുര്‍ക്കികളുടെ അടയാളമായ അര്‍ദ്ധ-ചന്ദ്രാകൃതിയിലുള്ള 'പേസ്ട്രി'യുണ്ടാക്കുകയും അത് ഭക്ഷിക്കുകയും ചെയ്യുന്ന ആചാരമുണ്ട്.

പുരാതന ക്രിസ്തീയ എഴുത്തുകാര്‍ മറിയത്തിന്റെ നാമത്തിനു നിരവധി വ്യഖ്യാനങ്ങള്‍ നല്‍കിയിട്ടുണ്ട്. “കടലിലെ നക്ഷത്രം, സമുദ്രത്തിലെ പരിമളം, പ്രകാശം ചൊരിയുന്നവള്‍, ജ്ഞാനോദയം ലഭിച്ചവള്‍, മഹതി, ദൈവത്തിന്റെ മുദ്ര” എന്നിവയാണ് അവയില്‍ പ്രധാനപ്പെട്ട വ്യാഖ്യാനങ്ങള്‍. ‘മേരി’ എന്ന വാക്കിന്റെ ഹീബ്രു പദമാണ് ‘മിര്യാം’ (Miryam). 'മിര്യാം' എന്ന പദത്തിന്റെ അര്‍ത്ഥം ‘മഹതി’, ‘പരമാധികാരം’ എന്നിങ്ങനെയൊക്കെയാണ്. എന്നാല്‍ പരിശുദ്ധ മാതാവിന്റെ ജീവിതകാലത്ത്‌ അരമായ ഭാഷയായിരുന്നു സംസാരഭാഷ. അരമായ ഭാഷയില്‍ ഈ വാക്കിനെ 'മര്യം' എന്ന് ഉച്ചരിക്കുന്നു.

വിശുദ്ധ ജെറോമിന്റെ കാലം മുതല്‍ പതിനാറാം നൂറ്റാണ്ട് വരെ പാശ്ചാത്യ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രചാരത്തിലിരിരുന്നത്, “മഹതി, കടലിലെ നക്ഷത്രം, പ്രകാശം ചൊരിയുന്നവള്‍” എന്നീ വ്യഖ്യാനങ്ങള്‍ തന്നെയാണ്. നവോത്ഥാനത്തിനോട് അനുബന്ധിച്ച് ഹീബ്രു ഭാഷാ പഠനങ്ങളിലുണ്ടായ പുത്തനുണര്‍വിന്റെ ഫലമായി ‘മേരി’ എന്ന വാക്കിന്റെ വ്യാഖ്യാനങ്ങളെ വളരെ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുകയുണ്ടായി. ശുദ്ധമായ ഹീബ്രു നാമത്തിന്റേതായ എല്ലാ ലക്ഷണങ്ങളും ‘മിര്യാം’ എന്ന വാക്കിനുണ്ട്. ഈ വാക്കിന്റെ സെമിറ്റിക്‌ ഭാഷാപരമായ ഉത്ഭവത്തെ നിരാകരിക്കുവാന്‍ തക്ക ശക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

2007 സെപ്റ്റംബര്‍ 9നു ഹെല്ലിജെന്‍ക്ര്യൂസ് ആശ്രമത്തില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ ബെനഡിക്ട് പതിനാറാമന്‍ ഇങ്ങനെ പറഞ്ഞു, "വിശുദ്ധ ബെര്‍ണാഡ്‌ പറഞ്ഞിരിക്കുന്നത് നമുക്കും ഏറ്റു പറയാം, കടലിലെ നക്ഷത്രത്തെ നോക്കുവിന്‍, മറിയത്തെ വിളിച്ചപേക്ഷിക്കുവിന്‍. അപകടങ്ങളില്‍, അസ്വസ്ഥതകളില്‍, ആശയകുഴപ്പങ്ങളില്‍, മറിയത്തെക്കുറിച്ച് ചിന്തിക്കുകയും അവളെ വിളിച്ചപേക്ഷിക്കുകയും ചെയ്യുവിന്‍. അവളുടെ നാമം നിങ്ങളുടെ അധരങ്ങളോടു ചേര്‍ന്നിരിക്കുകയും, അത് നിങ്ങളുടെ ഹൃദയത്തില്‍ നിന്നും അകലാതിരിക്കുകയും ചെയ്യട്ടെ. നിങ്ങള്‍ അവളെ പിന്തുടരുകയാണെങ്കില്‍, നിങ്ങള്‍ക്ക്‌ അലഞ്ഞുതിരിയേണ്ടതായി വരികയില്ല."

"നിങ്ങള്‍ അവളോടു പ്രാര്‍ത്ഥിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക്‌ നിരാശരാകേണ്ടി വരികയില്ല; നിങ്ങളുടെ ചിന്തകള്‍ അവളിലേക്ക്‌ തിരിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക്‌ തെറ്റുകള്‍ സംഭവിക്കുകയില്ല. അവള്‍ നിങ്ങളെ മുറുകെ പിടിച്ചിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക്‌ വീഴ്ച സംഭവിക്കുകയില്ല, അവള്‍ നിങ്ങളെ സംരക്ഷിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഭയപ്പെടേണ്ടതായി വരികയില്ല; അവള്‍ നിങ്ങളെ നയിക്കുകയാണെങ്കില്‍, നിങ്ങള്‍ ക്ഷീണിതരാകുകയില്ല; അവള്‍ നിങ്ങളോട് കരുണയുള്ളവളാണെങ്കില്‍, നിങ്ങള്‍ തീര്‍ച്ചയായും നിങ്ങളുടെ ലക്ഷ്യസ്ഥാനത്തെത്തും".

യേശുവിനെ 'നമ്മുടെ കര്‍ത്താവ്' എന്ന് നമ്മള്‍ വിളിക്കുന്നത് പോലെ മറിയത്തെ 'നമ്മുടെ മാതാവ്' എന്നും നമ്മള്‍ വിളിക്കുന്നു. അവളുടെ നാമം ഉച്ചരിക്കുന്നതിലൂടെ നമ്മള്‍ അവളുടെ അപാരമായ ശക്തിയെ വാഴ്ത്തുകയാണ് ചെയ്യുന്നത്. ലോകരക്ഷകന് ജന്മം നല്കിയ അവളുടെ നാമം നമ്മുക്കും വിളിച്ചപേക്ഷിക്കാം. എമിരിറ്റസ് ബനഡിക്റ്റ് പാപ്പ പറഞ്ഞതുപോലെ പരിശുദ്ധ മറിയത്തിന്റെ സഹായം അപേക്ഷിക്കുകയും, അവളുടെ സംരക്ഷണയില്‍ നമുക്ക്‌ സ്വയം സമര്‍പ്പിതരാവുകയും ചെയ്യാം.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക