Seasonal Reflections - 2025
ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | ഇരുപത്തിമൂന്നാം ദിവസം | കഷ്ടപ്പെടുന്ന അയൽക്കാരിൽ ഈശോയെ കണ്ടെത്തുക
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 23-07-2025 - Wednesday
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്തുതന്നത് (മത്തായി 25 : 40).
ഇരുപത്തിമൂന്നാം ചുവട്: കഷ്ടപ്പെടുന്ന അയൽക്കാരിൽ ഈശോയെ കണ്ടെത്തുക
കിടക്കയിൽ മാത്രം ഒതുങ്ങിപ്പോയെങ്കിലും, കഷ്ടപ്പെടുന്നവരോട് ആഴമായ അനുകമ്പ വിശുദ്ധ അൽഫോൻസാമ്മയ്ക്കുണ്ടായിരുന്നു. മറ്റുള്ളവരുടെ വേദനയിലേക്ക് അവളുടെ സ്നേഹനിർഭരമായ ഹൃദയം തുറന്നു. തന്റെ ബലഹീനതയിലും രോഗികൾക്കും ദുഃഖിതർക്കും അവൾ ആത്മീയ പിന്തുണയും പ്രാർത്ഥനയും സ്നേഹനിർഭരമായ സാന്നിധ്യവും നൽകി. മുറിവേറ്റ ഓരോ ആത്മാവിലും അവൾ ഈശോയെ കണ്ടു. നിശബ്ദ പ്രാർത്ഥനയിലൂടെ പോലും അവർക്ക് ആശ്വാസം നൽകാൻ അൽഫോൻസാമ്മ അതിയായി ആഗ്രഹിച്ചു.
സഹനങ്ങളെയും കഷ്ടപ്പാടുകളെയും ഒരു ഭാരമായിട്ടല്ല മറിച്ച് ഈശോയോടൊത്തുള്ള യാത്രയായി അവൾ മനസ്സിലാക്കി. രോഗികളോ, ഏകാകികളോ, ദുഃഖിതരോ ആയവരെ പരിഹരിക്കേണ്ട പ്രശ്നങ്ങളായിട്ടല്ല, മറിച്ച് വിശുദ്ധ വ്യക്തികളായി കാണാൻ അൽഫോൻസാമ്മയുടെ മനോഭാവം നമ്മെ ക്ഷണിക്കുന്നു - അപ്പോൾ അവരിൽ നാം ഈശോയെ തന്നെ കണ്ടെത്തുന്നു.
കാരുണ്യം ഒരു വിശുദ്ധ വിളിയാണെന്ന് അൽഫോൻസാമ്മയുടെ ശുശ്രൂഷ നമ്മെ പഠിപ്പിക്കുന്നു. അതിന് പലപ്പോഴും ശക്തി ആവശ്യമില്ല, സ്നേഹമുള്ള ഹൃദയം മാത്രം മതി. അൽഫോൻസാമ്മയെപ്പോലെ, വാക്കുകൾ കൊണ്ടല്ല സാന്നിധ്യം, പ്രാർത്ഥന, സൗമ്യമായ സേവനം എന്നിവയിലൂടെ മറ്റുള്ളവർക്ക് പ്രത്യാശ പകരാൻ നമ്മളും വിളിക്കപ്പെട്ടിരിക്കുന്നു. ആ ദിവ്യമായ ചലഞ്ചിൽ നമുക്കും പങ്കുചേരാം.
പ്രാർത്ഥന
ഈശോയെ അൽഫോൻസാമ്മയെപ്പോലെ രോഗികൾക്കും ദുഃഖിതർക്കും ആത്മീയ പിന്തുണയും പ്രാർത്ഥനയും സ്നേഹനിർഭരമായ സാന്നിധ്യവും നൽകി ആശ്വാസം പകരാൻ ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
