News
റോസ പുഷ്പദള വർഷവുമായി റോമിലെ മേരി മേജർ ബസലിക്കയിൽ മഞ്ഞുമാതാവിന്റെ തിരുനാൾ ആഘോഷം
പ്രവാചകശബ്ദം 07-08-2025 - Thursday
വത്തിക്കാന്‍ സിറ്റി: റോമിലെ നാലു വലിയ ബസിലിക്കകളിൽ ഒന്നായ സാന്താ മരിയ മജോരെ ബസിലിക്കയിൽ മഞ്ഞുമാതാവിന്റെ തിരുനാളിനോടനുബന്ധിച്ചു ആഗസ്റ്റ് മാസം അഞ്ചാം തീയതി നടന്ന പ്രാർത്ഥന ശുശ്രൂഷകള്‍ക്ക് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്റെ പൊതുകാര്യങ്ങൾക്കുള്ള ചുമതല വഹിക്കുന്ന ആര്‍ച്ച് ബിഷപ്പ് എഡ്‌ഗാർ പെഞ്ഞ മുഖ്യകാർമ്മികത്വം വഹിച്ചു. പ്രാർത്ഥനയുടെ സമാപനത്തിൽ, പാരമ്പര്യമായി അനുസ്മരണാത്മക വെളുത്ത റോസാപുഷ്പദള വർഷവും ബസിലിക്കയിൽ നടന്നു. തന്റെ സന്ദേശത്തിൽ ലെയോ പതിനാലാമൻ പാപ്പയുടെ ആശംസകളും, ആശീർവാദവും ആര്‍ച്ച് ബിഷപ്പ് എഡ്‌ഗാർ അറിയിച്ചു.
സായാഹ്നപ്രാർത്ഥനയുടെ അവസാനമുള്ള മറിയത്തിന്റെ സ്തോത്രഗീത സമയത്ത് അത്ഭുതകരമായ മഞ്ഞുവീഴ്ചയുടെ പ്രത്യേക സ്മരണയ്ക്കായി ബസിലിക്കയുടെ മേൽത്തട്ടിൽ നിന്നും വെളുത്ത റോസാപുഷ്പത്തിന്റെ ഇതളുകൾ താഴേക്ക് വർഷിച്ചു. എഡി 358-ൽ, ഇറ്റലിയിലെ കടുത്ത വേനൽക്കാലത്ത് ഓഗസ്റ്റ് മാസം അഞ്ചാം തീയതി അത്ഭുതകരമായി മഞ്ഞുപെയ്തതിനെ അനുസ്മരിപ്പിക്കുന്നതാണ് ഈ ചടങ്ങ്. ആയിരക്കണക്കിന് തീർത്ഥാടകരുടെ പ്രധാന ഇടമായ ബസിലിക്കയുടെ പ്രാധാന്യം ആർച്ചുബിഷപ്പ് അനുസ്മരിച്ചു.
നമ്മുടെ രക്ഷയ്ക്കുവേണ്ടി പുത്രനെ നൽകിയതിൽ പരിശുദ്ധ അമ്മയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണെന്നു പറഞ്ഞ അദ്ദേഹം, തന്റെ ഏതൊരു ദൗത്യത്തിന് മുൻപും ഫ്രാൻസിസ് പാപ്പ, ഈ അമ്മയുടെ സന്നിധിയിലാണ്, തന്റെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുവാൻ എത്തിയിരുന്നതെന്നും അനുസ്മരിച്ചു. നൂറ്റാണ്ടുകളായി റോമിനും സാർവത്രിക സഭയ്ക്കും, മരിയൻ ഭക്തിയുടെ കേന്ദ്രമായ ഈ ബസിലിക്കയിൽ തങ്ങളുടെ ജീവിതത്തിന്റെ ആശങ്കകളും സന്തോഷങ്ങളും, ദുഖങ്ങളും, പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നതിനും, അനുരഞ്ജന കൂദാശ സ്വീകരിക്കുന്നതിനും, അനേകര്‍ക്ക് ഇടവരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
എഡി 358 ഓഗസ്റ്റ് അഞ്ചാം തീയതി, റോമിലെ എസ്‌ക്വിലിനോ കുന്നിൽ മഞ്ഞു പെയ്‌തയിടത്ത് പണികഴിപ്പിച്ചതാണ് മേരി മേജർ ബസലിക്ക. 310 മുതൽ 366 വരെ സഭയുടെ തലവനായിരുന്ന ലിബേരിയൂസ് പാപ്പായായിരുന്നു ഇതിനായി സ്ഥലം കണ്ടെത്തിയത്. "അത്ഭുതകരമായ ഒരു കാര്യം നടക്കുന്നയിടത്ത് തനിക്കായി ഒരു ദേവാലയം പണിയണമെന്ന്" പരിശുദ്ധ അമ്മ നൽകിയ നിർദേശമനുസരിച്ചാണ് ഈ സ്ഥലം തിരഞ്ഞെടുക്കപ്പെട്ടത് എന്നാണ് ചരിത്രം. മാര്‍പാപ്പമാരെ പതിവായി അടക്കം ചെയ്യുന്ന സെന്‍റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു പകരം തന്നെ അടക്കം ചെയ്യണമെന്ന് ഫ്രാന്‍സിസ് പാപ്പ ആഗ്രഹിച്ചത് സാന്‍റ മരിയ മഗ്ഗിയോരെ (Santa Maria Maggiore) അഥവാ ദ ബസിലിക്ക ഓഫ് സെന്‍റ് മേരി മേജര്‍ എന്ന ഈ ദേവാലയത്തിലായിരിന്നു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
