News - 2025

ലോക സമാധാനത്തിനായി ആഗോള സന്യസ്തര്‍ ഇന്ന് ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു

പ്രവാചകശബ്ദം 14-08-2025 - Thursday

റോം: പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളിന്റെ തലേ ദിനമായ ഇന്ന് ആഗോള കത്തോലിക്ക സഭയിലെ സന്യസ്തര്‍ ഇന്നു ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു. ലോക സമാധാനമെന്ന നിയോഗത്തിനായി ഇന്റർനാഷ്ണൽ യൂണിയൻ ഓഫ് സുപ്പീരിയേഴ്സ് ജനറൽ (UISG) സംഘടനയാണ് നേരത്തെ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം നല്‍കിയത്. ഗാസ, സുഡാൻ, യുക്രൈന്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനായി മധ്യസ്ഥത വഹിക്കുന്നതിൽ സന്യസ്തരോടൊപ്പം പങ്കുചേരാൻ ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികളോട് സംഘടന ആഹ്വാനം നല്‍കിയിട്ടുണ്ട്.

അതേസമയം പൊന്തിഫിക്കൽ കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡ് (എസിഎൻ) ഉള്‍പ്പെടെയുള്ള വിവിധ സംഘടനകള്‍ ഉപവാസ പ്രാര്‍ത്ഥനാദിനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സംഘർഷങ്ങളിലും സ്ത്രീകളും കുട്ടികളും അരികുവൽക്കരിക്കപ്പെടുകയും പലപ്പോഴും ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുകയും ചെയ്യുന്നുണ്ടെന്നും വ്യക്തിപരമായ അപകടസാധ്യതകൾ കണക്കിലെടുക്കാതെ ഇരകളെ സഹായിക്കുന്ന മുൻനിരയിൽ സേവനമനുഷ്ഠിക്കുന്ന സന്യസ്തരെ പ്രത്യേകം അനുസ്മരിക്കുകയാണെന്നും എസിഎൻ ഇന്റർനാഷണൽ സിഇഒ റെജീന ലിഞ്ച് പറഞ്ഞു.

1965-ൽ രണ്ടാം വത്തിക്കാൻ കൗൺസിലിനെ തുടർന്ന് രൂപീകൃതമായതാണ് ഇന്റർനാഷണൽ യൂണിയൻ ഓഫ് സൂപ്പീരിയേഴ്സ് ജനറൽ (UISG). ഇറ്റലിയിലെ റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ ലോകമെമ്പാടുമുള്ള 1,903 സന്യാസിനി സമൂഹങ്ങളുടെ മേധാവിമാരാണ് അംഗങ്ങളായിട്ടുള്ളത്. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹിക സേവനം, ഇടവക ശുശ്രൂഷ, യുദ്ധ മേഖലയിലെ മനുഷ്യാവകാശ സഹായം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സന്യാസ സമൂഹങ്ങളിലെ ലക്ഷകണക്കിന് സന്യസ്തരുടെ കേന്ദ്രീകൃത കൂട്ടായ്മ കൂടിയാണ് ഇന്റർനാഷണൽ യൂണിയൻ ഓഫ് സൂപ്പീരിയേഴ്സ് ജനറൽ.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »