News - 2025
കത്തോലിക്ക വിരുദ്ധത തുടര്‍ന്ന് നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടം
പ്രവാചകശബ്ദം 15-08-2025 - Friday
മനാഗ്വേ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടത്തിന്റെ കത്തോലിക്ക വിരുദ്ധത ഒരിടവേളയ്ക്കു ശേഷം വീണ്ടും തുടര്‍ക്കഥയാകുന്നു. കുട്ടികൾ താമസിച്ചു പഠിച്ചിരുന്ന വിശുദ്ധ യൗസേപ്പിതാവിൻറെ സന്ന്യാസിനി സമൂഹത്തിൻറെ പേരിലുള്ള കെട്ടിടം സർക്കാർ പിടിച്ചെടുത്തു. 1915 മുതൽ പ്രവർത്തന നിരതമായി സജീവമായി സേവനം ചെയ്യുന്ന ജോസഫൈന്‍ സന്യാസിനി സമൂഹത്തിന്റെ കീഴിലുള്ള കോളേജാണ് പിടിച്ചെടുത്തിരിക്കുന്നത്.
2018-ലെ ജനാധിപത്യ പ്രക്ഷോഭ സമയത്ത് കുറ്റകൃത്യങ്ങളുടെ വേദിയായി എന്ന അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചാണ് വൈസ് പ്രസിഡന്‍റ് റൊസാരിയൊ മുറില്ലൊയുടെ നിര്‍ദ്ദേശപ്രകാരം വിശുദ്ധ യൗസേപ്പിതാവിൻറെ നാമത്തിലുള്ള സന്ന്യാസിനികളുടെ മേൽനോട്ടത്തിലുണ്ടായിരുന്ന കോളേജ് സർക്കാർ പിടിച്ചെടുത്തിരിക്കുന്നത്. നാലുപതിറ്റാണ്ട് ചരിത്രമുള്ള കോളേജാണ് സർക്കാർ പിടിച്ചെടുത്തിരിക്കുന്നത്.
2018ൽ പ്രസിഡന്റ് ഒർട്ടേഗയുടെയും വൈസ് പ്രസിഡൻ്റ കൂടിയായ അദ്ദേഹത്തിന്റെ ഭാര്യ റൊസാരിയോ മുറില്ലോയുടെയും രാജിയാവശ്യപ്പെട്ടു നടന്ന പ്രക്ഷോഭത്തെ പിന്തുണച്ചു എന്നാരോപിച്ചാണ് ഭണകൂടം സഭയ്ക്കെതിരേ നടപടികളെടുക്കാൻ തുടങ്ങിയത്. ജനാധിപത്യം പുലരുന്നതിന് രാജ്യത്തെ ജനങ്ങള്‍ നടത്തുന്ന പോരാട്ടത്തെ കത്തോലിക്ക സഭ അസന്നിഗ്ദമായി പിന്താങ്ങിയതോടെ ഭരണകൂടം നടപടി കടുപ്പിക്കുകയായിരിന്നു. രാജ്യത്തെ കത്തോലിക്ക സഭയുടെ വിവിധ സ്ഥാപനങ്ങളും സര്‍ക്കാര്‍ പിടിച്ചെടുക്കുകയും ചില മെത്രാന്മാരെയും വൈദികരെയും നാടുകടത്തുകയും ചെയ്തിരിന്നു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
