News

യേശു ജീവിച്ചിരുന്ന സ്ഥലത്ത് ഭരിക്കാൻ സാത്താന്‍ ശ്രമിക്കുന്നു: വിശുദ്ധ നാട്ടിലെ ആക്രമണങ്ങളില്‍ ജെറുസലേം പാത്രിയാര്‍ക്കീസ്

പ്രവാചകശബ്ദം 19-08-2025 - Tuesday

ജെറുസലേം: വിശുദ്ധ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെ പൈശാചിക സ്വാധീനത്തോട് ഉപമിച്ച് ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല. കഴിഞ്ഞ സ്വർഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ നടത്തിയ സന്ദേശത്തില്‍ യേശു ജീവിച്ചിരുന്ന സ്ഥലത്ത് സാത്താന് ഭരിക്കാനുള്ള ആഗ്രഹമാണ് കാണുന്നതെന്ന് കർദ്ദിനാൾ പറഞ്ഞു. മധുരത്തില്‍ പൊതിഞ്ഞ പ്രസംഗങ്ങളല്ല, യഥാർത്ഥ സമാധാന വാക്കുകളാണ് ആവശ്യം. ദൈവഹിതത്തിന് മറിയം അതെ എന്ന് പറഞ്ഞതും ക്രിസ്തു ജനിച്ചതുമായ പ്രദേശമെന്ന നിലയിൽ, ക്രിസ്ത്യാനികൾക്കും മനുഷ്യരാശിക്കും വിശുദ്ധ നാടിന്റെ പ്രാധാന്യത്തെക്കുറിച്ച് കർദ്ദിനാൾ തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

കർത്താവ് തന്റെ പുനരുത്ഥാനത്തിലൂടെ പാപത്തെ പരാജയപ്പെടുത്തിയ സ്ഥലം കൂടിയാണിത്. ദൈവം തന്നെത്തന്നെ ഏറ്റവും കൂടുതൽ വെളിപ്പെടുത്തിയിട്ടുള്ള വിശുദ്ധഭൂമിയിൽ സാത്താന്റെ ശക്തിയുടെ ഏറ്റവും ശക്തമായ സാന്നിധ്യം ഇന്നു കാണപ്പെടുകയാണ്. രക്ഷാചരിത്രത്തിന്റെ കേന്ദ്രമായതിനാലാകാം മറ്റെവിടെയേക്കാളും കൂടുതൽ പ്രവർത്തിക്കാൻ പിശാച് ഇവിടെ ശ്രമിക്കുന്നത്. ദൈവത്തിന്റെ കൽപ്പനകൾ പാലിക്കുകയും യേശുവിൽ വിശ്വസിക്കുകയും ചെയ്യുന്നവരെ സാത്താൻ എപ്പോഴും ആക്രമിക്കാൻ ശ്രമിക്കുമെന്ന് വ്യക്തമാണെന്നു കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി.

ഈ ലോകത്തിലും നമ്മുടെ ജീവിതത്തിലും തിന്മ എപ്പോഴും നിലനിൽക്കുമെന്ന് ക്രിസ്ത്യാനികൾ മനസ്സിലാക്കണം. എന്നാൽ നാം പ്രതീക്ഷ നഷ്ടപ്പെടുത്തരുത്. ദൈവത്തിന്റേതായവരുടെ മേൽ തിന്മയ്ക്ക് അധികാരമില്ലെന്ന് സ്വർഗ്ഗാരോഹണ തിരുനാൾ നമ്മെ ഓർമ്മിപ്പിക്കുന്നു. സ്നേഹത്തിനും പുതിയ ജീവിതത്തിനും എതിരെ തിന്മയ്ക്ക് ജയിക്കാൻ കഴിയില്ല. തിന്മ ഇപ്പോഴും പ്രവർത്തിക്കും, പക്ഷേ തിന്മയ്ക്ക് ജയിക്കാൻ കഴിയാത്ത സ്ഥലമാണ് സഭയെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. വിശുദ്ധ നാട്ടില്‍ സമാധാനം പുലരുവാന്‍ നിരന്തരം ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് കര്‍ദ്ദിനാള്‍ പിസബല്ല.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »