News

ആമസോണ്‍ ഹിറ്റ് പരമ്പരയില്‍ ദാവീദ് രാജാവിനെ അവതരിപ്പിച്ച നടന്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു

പ്രവാചകശബ്ദം 23-08-2025 - Saturday

ന്യൂയോര്‍ക്ക്: ആമസോണ്‍ പ്രൈം അടുത്തിടെ പുറത്തിറക്കിയ പുതിയ ഹിറ്റ് വീഡിയോ പരമ്പരയായ "ഹൗസ് ഓഫ് ഡേവിഡ്"-ൽ ദാവീദ് രാജാവായി നായക വേഷം അവതരിപ്പിച്ചതിലൂടെ ഏറെ ശ്രദ്ധ നേടിയ നടൻ മൈക്കൽ ഇസ്‌കാൻഡർ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. ഓഗസ്റ്റ് 21നു ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. "ഇന്ന് വളരെ സവിശേഷമായ ഒരു ദിവസമാണ്, തിരിഞ്ഞുനോക്കുമ്പോൾ വളരെക്കാലത്തിന് ശേഷം അത് സംഭവിച്ചു. ഇന്ന് ഞാൻ കത്തോലിക്കാ വിശ്വാസത്തിലേക്ക് ചേർന്നു" ഇൻസ്റ്റാഗ്രാം പോസ്റ്റിൽ താരം കുറിച്ചു.

സഭയിലേക്കുള്ള വിളി തനിക്ക് വളരെക്കാലമായി അനുഭവപ്പെടുന്നുണ്ടെന്നും കാലം കടന്നുപോകും തോറും ഈ വിളി കൂടുതൽ ഉച്ചത്തിലായി അനുഭവപ്പെട്ടിരിന്നുവെന്നും താരത്തിന്റെ പോസ്റ്റില്‍ പറയുന്നുണ്ട്. “എന്റെ വഴിയിൽ സഹായിക്കാന്‍ ചില അത്ഭുതകരമായ ആളുകളെ ഞാൻ കണ്ടുമുട്ടി. യാത്രയുടെ അവസാനമാകുന്നതിനുപകരം, ഇത് യാത്രയുടെ തുടക്കമാണ്. ദൈവത്തോടൊപ്പമുള്ള എന്റെ നടത്തം തുടരുമ്പോൾ ദയവായി എനിക്കുവേണ്ടി പ്രാർത്ഥിക്കുക, എന്നോടൊപ്പം ഈ ദിവസത്തിന്റെ സന്തോഷത്തില്‍ പങ്കുചേരുന്നതിന് നന്ദി.” - ഇസ്‌കാൻഡർ കുറിച്ചു.

ദാവീദ് രാജാവിനെ ചലച്ചിത്രത്തില്‍ അവതരിപ്പിക്കാന്‍ താന്‍ സ്വപ്നം കണ്ടിരിന്നുവെന്നും എന്നാല്‍ ഇത് അതിവേഗം സംഭവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലായെന്നും ഇരുപത്തിമൂന്നുകാരനായ ഇസ്‌കന്ദർ നിരവധി അഭിമുഖങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ദാവീദ് രാജാവിനെ കേന്ദ്രീകരിച്ചുള്ള വരാനിരിക്കുന്ന പരമ്പരയുടെ പ്രാരംഭ ഓഡിഷന് താരം എത്തിയെങ്കിലും അണിയറ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തഴഞ്ഞിരിന്നു. രണ്ടാഴ്ച കഴിഞ്ഞ്, റീഓഡിഷനിനായി വിളിച്ചു.



രണ്ടാമത്തെ ഓഡിഷന് മുമ്പ് പ്രാർത്ഥിക്കാനും ഉപവസിക്കാനും താരത്തോട് അമ്മ നിര്‍ദ്ദേശിച്ചിരിന്നു. രണ്ട് മാസത്തിന് ശേഷം, അദ്ദേഹത്തിന് ദാവീദ് രാജാവിന്റെ വേഷം അവതരിപ്പിക്കുവാന്‍ നേരത്തെ തഴഞ്ഞ അതേ അണിയറ പ്രവര്‍ത്തകര്‍ വിളിക്കുകയായിരിന്നു. ദൈവത്തിന് തന്റെ ഇഷ്ടം നിറവേറ്റാൻ ആരെയും തിരഞ്ഞെടുക്കാൻ കഴിയുമെന്ന് ഞാൻ ശരിക്കും വിശ്വസിക്കുന്നു. നിരസിക്കൽ ഉണ്ടാകും, ബുദ്ധിമുട്ടുള്ള സമയമുണ്ടാകും, വെല്ലുവിളികൾ ഉണ്ടാകും, പക്ഷേ നിങ്ങൾക്ക് കടന്നുപോകാനുള്ള ഏക മാർഗം തന്നോടു ഒപ്പമാണെന്ന് ദൈവം അരുള്‍ചെയ്യുന്നുണ്ടെന്നും നടൻ മൈക്കൽ ഇസ്‌കാൻഡർ പറയുന്നു. ആമസോണില്‍ ഏറെ ശ്രദ്ധ നേടിയ പരമ്പരയാണ് "ഹൗസ് ഓഫ് ഡേവിഡ്".

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »