News - 2025

പ്രാർത്ഥനയിലും ശുശ്രൂഷയിലും ഒരുമിക്കാം: ക്രൈസ്തവ ഐക്യത്തിനു ആഹ്വാനവുമായി ലെയോ പാപ്പ

പ്രവാചകശബ്ദം 24-08-2025 - Sunday

വത്തിക്കാന്‍ സിറ്റി: ഒന്നാം നിഖ്യ എക്യൂമെനിക്കൽ സൂനഹദോസിന്റെയും ഒരു നൂറ്റാണ്ട് മുന്‍പ് സ്വീഡനിൽ നടന്ന ആഗോള ക്രൈസ്തവ കോൺഫറൻസിന്റെയും, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെയും വെളിച്ചത്തിൽ ക്രൈസ്തവവിശ്വാസത്തിൽ കൂടുതൽ ഐക്യത്തോടെ വളരാനും ശുശ്രൂഷ ചെയ്യാനും എല്ലാ ക്രൈസ്തവരോടും ലെയോ പാപ്പയുടെ ആഹ്വാനം. സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിൽ ഓഗസ്റ്റ് 18 മുതൽ 24 വരെ തീയതികളിലായി നടന്നുവരുന്ന എക്യൂമെനിക്കൽ വാരാഘോഷത്തിനു അയച്ച തന്റെ സന്ദേശത്തിലാണ് ക്രൈസ്തവർക്കിടയിൽ ഉണ്ടാകേണ്ട ഐക്യത്തിന്റെ പ്രാധാന്യത്തിലേക്ക് പാപ്പ വിരൽ ചൂണ്ടിയത്.

യേശു ക്രിസ്തു സത്യദൈവവും സത്യമനുഷ്യനുമാണെന്നും പിതാവുമായി ഏകസത്ത പങ്കിടുന്നവനുമാണെന്നും പ്രഖ്യാപിച്ച ഒന്നാം നിഖ്യാ എക്യൂമെനിക്കൽ സൂനഹദോസിന്, വ്യത്യസ്തതകൾക്കിടയിലും ഐക്യത്തിന്റെ ശക്തമായ അടയാളമായി മാറാൻ സാധിച്ചിരുന്നുവെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. സഭകൾക്കിടയിലെ ഭിന്നതകൾ അതിജീവിക്കാനും ഐക്യം ശക്തിപ്പെടുത്താനും ക്രൈസ്തവ വിശ്വാസ പ്രഖ്യാപനത്തിന് സാധിക്കുമെന്നാണ് കൗൺസിൽ നമ്മെ ഓർമ്മിപ്പിക്കുന്നതെന്ന് പാപ്പ കുറിച്ചു.

സമാധാനമെന്നത് മാനവികമായ ഒരു നേട്ടമല്ലെന്നും, അത് നമുക്കിടയിലെ ദൈവത്തിന്റെ സാന്നിദ്ധ്യത്തിന്റെ അടയാളമാണെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. ക്രൈസ്തവര്‍ അനുരഞ്ജനത്തിന്റെ സൃഷ്ടാക്കളായി, ഭിന്നതയെ ധൈര്യത്തോടെയും, നിസ്സംഗതയെ സഹാനുഭൂതിയോടെയും അഭിമുഖീകരിക്കാനും, മുറിവേറ്റയിടങ്ങളിൽ സൗഖ്യം പകരാനും വിളിക്കപ്പെട്ടവരാണെന്ന് പാപ്പ ഓർമ്മിപ്പിച്ചു. കർത്താവ് തീവ്രമായി ആഗ്രഹിച്ച ഐക്യം സാധ്യമാക്കാൻ വേണ്ടി പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെയെന്ന പ്രാർത്ഥനയോടെയും സമാധാനാശംസയോടെയുമാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

അറുനൂറോളം ഓർത്തഡോക്സ്, ആംഗ്ലിക്കൻ, പ്രൊട്ടെസ്ന്റന്റ് നേതൃത്വങ്ങൾ പങ്കെടുത്ത 1925-ലെ സ്റ്റോക്ക്‌ഹോം കോൺഫറൻസും ഇത്തരമൊരു ആഗ്രഹത്താലാണ് പ്രേരിതമായിരുന്നതെന്ന് പാപ്പ അനുസ്മരിച്ചു. രണ്ടാം വത്തിക്കാൻ കൗൺസിലോടെ എക്യൂമെനിക്കൽ മാർഗ്ഗത്തിലേക്ക് കത്തോലിക്കാസഭ കൂടുതലായി കടന്നുവന്നിട്ടുണ്ട്. മാമ്മോദീസായിലും സഭയുടെ ശുശ്രൂഷാനിയോഗത്തിലും അടിസ്ഥാനമിട്ട് എളിമയും സഹോദര്യസ്നേഹവും ഒന്നുചേർന്ന സംവാദങ്ങളിലൂടെ മുന്നോട്ട് പോകാനാണ് യൂണിത്താത്തിസ് റെദിന്തെഗ്രാസ്സിയോ (Unitatis Redintegratio) എന്ന കൗൺസിൽ രേഖ നമ്മെ ക്ഷണിക്കുന്നത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »