News

ലിത്വാനിയന്‍ മിഷ്ണറി ഭാരതത്തിൽ എത്തിയതിന്റെ നാനൂറാം വാര്‍ഷികാഘോഷത്തിന് ആശംസയുമായി ലെയോ പാപ്പ

പ്രവാചകശബ്ദം 27-08-2025 - Wednesday

വത്തിക്കാന്‍ സിറ്റി/ ഗോവ: ലിത്വാനിയന്‍ മിഷ്ണറിയായ ഫാ. ആൻഡ്രിയൂസ് റുഡാമിന ഭാരതത്തിൽ എത്തിയതിന്റെ നാനൂറാം വാര്‍ഷികാഘോഷത്തിനു ആശംസ നേര്‍ന്ന് ലെയോ പാപ്പ. യേശുവിനു വേണ്ടി പ്രേഷിതപ്രവർത്തനം നടത്തുന്നതിനായി രാഷ്ട്രീയ പദവി ഉപേക്ഷിച്ചുകൊണ്ട്, ജെസ്യൂട്ട് വൈദികനായ ഫാ. ആൻഡ്രിയൂസ് റുഡാമിന, ഭാരതത്തിൽ എത്തിയതിന്റെ നാനൂറാം വാർഷികം ഗോവയിൽ നടത്തുന്നതിനോട് അനുബന്ധിച്ചാണ് ലെയോ പാപ്പ ആശംസ നേര്‍ന്നത്. വാർഷിക ആഘോഷത്തിൽ സംബന്ധിക്കുന്നവർക്ക് ആശംസകൾ നേർന്നുകൊണ്ട്, ലെയോ പതിനാലാമൻ പാപ്പ ടെലിഗ്രാം വഴിയാണ് സന്ദേശമയച്ചത്.

സുവിശേഷത്തിന്റെ രക്ഷാസന്ദേശം എല്ലാ ജനതകളിലേക്കും എത്തിക്കുന്നതിനു ഫാ. ആൻഡ്രിയൂസ് കാട്ടിയ ധൈര്യവും, ആത്മസമർപ്പണവും, ക്ഷമയും, സുവിശേഷം പ്രഘോഷിക്കുവാൻ ഇന്നത്തെ കാലഘട്ടത്തിലെ അനേകർക്ക് പ്രചോദനമാകട്ടെയെന്നു പാപ്പ ആശംസിച്ചു. വാർഷികാഘോഷത്തിനായി ഗോവയിലെ കത്തീഡ്രലിൽ ഒത്തുചേരുന്ന വിശ്വാസി സമൂഹത്തിനു പാപ്പ ആശംസകൾ നേര്‍ന്നു. ഫാ. ആൻഡ്രിയൂസ് നൽകിയ സാക്ഷ്യത്തിന് ദൈവത്തോടു നന്ദി പറയുമ്പോൾ, താനും വിശ്വാസികൾക്കൊപ്പം ഒന്നുചേരുകയാണെന്നു പാപ്പ കുറിച്ചു.

1625 ഓഗസ്റ്റ് 22-ന് ലിസ്ബണിൽ നിന്ന് ഗോവയിലേക്ക് വന്ന ആൻഡ്രിയസ് റുഡാമിന ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ലിത്വാനിയൻ ജെസ്യൂട്ട് മിഷ്ണറിയാണ്. ഇന്ത്യയിലെ അദ്ദേഹത്തിന്റെ ഹ്രസ്വകാല താമസത്തിനിടയിൽ, മലേറിയ ബാധിച്ച് അസുഖം പിടിപെടുന്നതുവരെ അദ്ദേഹം ചേര്‍ത്തുപിടിച്ചു. സുവിശേഷവൽക്കരണത്തിലും മറ്റുള്ളവരുടെ പരിചരണത്തിലും സദാസന്നദ്ധനായിരിന്നു. വൈകാതെ അദ്ദേഹം ചൈനയിലെ മിഷ്ണറി പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായി. ഏകദേശം നാല് നൂറ്റാണ്ടുകൾക്ക് ശേഷം 2015-ൽ, റുഡാമിനയെ ആദരിക്കുന്ന ഒരു സ്മാരക ശില ഓൾഡ് ഗോവയിലെ സെ കത്തീഡ്രലിന്റെ മുറ്റത്ത് സ്ഥാപിച്ചിരിന്നു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »