India - 2025

സീറോ മലബാർ സമുദായ ശക്തീകരണ വർഷം 2026: ലോഗോയും കൈപ്പുസ്തകവും പ്രകാശനം ചെയ്തു

പ്രവാചകശബ്ദം 28-08-2025 - Thursday

കാക്കനാട് : 2026 സീറോമലബാർ സമുദായശക്തീകരണ വർഷമായി പ്രഖ്യാപിച്ചു കർമ്മപദ്ധതികൾ നടപ്പിലാക്കുന്നതിന് 2025 ജനുവരിയിൽ ചേർന്ന സിനഡ് തീരുമാനിക്കുകയും സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മിഷനെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. കമ്മിഷൻ തയ്യാറാക്കിയ, വർഷാചരണത്തിൽ നൽകേണ്ട പ്രബോധനങ്ങളും പ്രവർത്തന മാർഗനിർദ്ദേശങ്ങളുമടങ്ങിയ കൈപ്പുസ്തകത്തിൻ്റെയും ലോഗോയുടെയും പ്രകാശനം ആഗസ്റ്റ് 26 ചൊവ്വാഴ്ച സിനഡ് സമ്മേളനത്തിൽ നടത്തപ്പെട്ടു.

മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ ചിക്കാഗോ രൂപത മുൻ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന് നൽകിക്കൊണ്ട് നിർവഹിച്ചു. കമ്മിഷൻ സെക്രട്ടറി ഫാ. ജെയിംസ് കൊക്കാവയലിൽ സമുദായശക്തീകരണ കർമ്മപദ്ധതിയുടെ അവതരണം നടത്തി. 2025 സെപ്തംബർ-ഡിസംബർ കാലയളവിൽ ബോധവത്കരണ പ്രവർത്തനങ്ങളും 2026 ൽ പ്രായോഗിക കർമപരിപാടികളും എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായിട്ടാണ് പദ്ധതി നടത്തപ്പെടുന്നതെന്ന് കമ്മീഷൻ ചെയർമാൻ ആര്‍ച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അറിയിച്ചു.

വർഷാചരണത്തിൻ്റെ ക്രമീകരണങ്ങൾ വിവരിച്ചുകൊണ്ടുള്ള മേജർ ആർച്ചുബിഷപ്പിൻ്റെ സർക്കുലർ ഉടൻ പുറത്തിറങ്ങും. ആര്‍ച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പബ്ലിക് അഫയേഴ്സ് കമ്മീഷൻ്റെ കൺവീനറായും ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ബിഷപ്പ് മാർ ജോസ് പുളിക്കൽ എന്നിവർ അംഗങ്ങളായും പ്രവർത്തിക്കുന്നു. സഭാ ചാൻസിലർ ഫാ. എബ്രാഹം കാവിൽപുരയിടത്തിൽ കമ്മീഷൻ്റെ എക്സ് ഒഫീഷ്യോ മെമ്പറാണ്.


Related Articles »