News - 2025
ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞു, ദയനീയ അവസ്ഥ; ഗാസയിലെ ഏക ക്രിസ്ത്യൻ ആശുപത്രിയിലെ ഡോക്ടറുടെ വെളിപ്പെടുത്തല്‍
പ്രവാചകശബ്ദം 29-08-2025 - Friday
ഗാസ/ ജെറുസലേം; ഗാസയിലെ എല്ലാ ആശുപത്രികളും പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് ഗാസയിലെ ഏക ക്രിസ്ത്യൻ ആശുപത്രിയിലെ ഡോക്ടറുടെ വെളിപ്പെടുത്തല്‍. ജെറുസലേം ആംഗ്ലിക്കന്‍ രൂപതയുടെ കീഴിലുള്ള അൽ-അഹ്‌ലി അറബ് ആശുപത്രിയിലെ ഡോ. മഹർ അയ്യാദാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആശുപത്രികളിലെ തിരക്ക് അവിശ്വസനീയമാണെന്നും കിടക്കകൾക്കായി തീവ്രമായി തിരയുന്ന സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം പറയുന്നു.
പക്ഷേ കട്ടില്‍ ഒന്നും കണ്ടെത്തുന്നില്ല. രാത്രികളില്‍ രോഗികൾ പലപ്പോഴും പൂന്തോട്ടങ്ങളിലും ഇടനാഴികളിലും ചെലവഴിക്കുകയാണ്. കാരണം എല്ലാ രോഗികളെയും ഉൾക്കൊള്ളാൻ മതിയായ സ്ഥലമില്ല. എല്ലാ ദിവസവും ഞങ്ങൾ 700 രോഗികളെ ചികിത്സിക്കുന്നു, അവരിൽ അനേകര്‍ പരിക്കേറ്റവരാണ്. ഒരേ സമയം ശസ്ത്രക്രിയ ആവശ്യമുള്ള രണ്ട് പരിക്കേറ്റ ആളുകളുണ്ടെങ്കിൽ, അവരില്‍ ആർക്ക് അതിജീവിക്കാൻ ഈ അവസരം നൽകണമെന്ന് ഞങ്ങൾ തീരുമാനിക്കണം. മറ്റേയാളെ ഉപേക്ഷിക്കേണ്ട സാഹചര്യമാണ് നിലവില്‍ ഉള്ളതെന്നും ഡോ. മഹർ പറയുന്നു.
കൂട്ടക്കൊല തടയാൻ സാധ്യമായതെല്ലാം ചെയ്യണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിക്കുകയാണ്. പാലസ്തീനികളുടെ മാത്രമല്ല, ഇസ്രായേല്യരുടെയും ക്ഷേമമാണ് അപകടത്തിലായിരിക്കുന്നത്. ഒരുമിച്ച് സമാധാനത്തോടെ ജീവിക്കുകയെന്നതാണ് തങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം. ജീവൻ നഷ്ടപ്പെട്ട രോഗികളുടെ എണ്ണം എണ്ണമറ്റതാണ്. ആശുപത്രികളിൽ ആൻറിബയോട്ടിക്കുകൾ, ആസ്പിരിൻ എന്നിവ പോലുമില്ലാത്ത സാഹചര്യമാണ് ഉള്ളതെന്നും ഡോക്ടര്‍ വെളിപ്പെടുത്തി. കഴിഞ്ഞ ഓശാന ഞായറാഴ്ച ഇസ്രയേൽ മിസൈലാക്രമണം നടത്തിയ ഗാസയിലെ ഏക ക്രിസ്ത്യന്‍ ആതുരാലയത്തിലെ വൈദ്യശാസ്ത്ര വിദഗ്ദ്ധനാണ് ഡോ. മഹർ.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
