India - 2025

കന്യാസ്ത്രീകൾക്കെതിരേ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാനുള്ള ശ്രമം തുടരുന്നു: സിബിസിഐ

പ്രവാചകശബ്ദം 11-09-2025 - Thursday

ന്യൂഡൽഹി: ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകൾക്കെതിരേ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാനുള്ള ശ്രമം തുടരുകയാണെന്ന് ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ). രാജ്യത്തിന്റെ നിയമസംവിധാനത്തെ സഭ മാനിക്കുന്നുവെന്നും അതിൽ പൂർണവിശ്വാസമുണ്ടെന്നും ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സിബിസിഐ അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി. കന്യാസ്ത്രീകൾക്കെതിരായ കേസ് ഇതുവരെയും പിൻവലിച്ചിട്ടില്ല. എഫ്ഐആർ റദ്ദാക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിവിധ സംസ്ഥാനങ്ങൾ നടപ്പാക്കുന്ന മതപരിവർത്തന നിയമങ്ങളെ ന്യൂനപക്ഷ വേട്ടയ്ക്ക് ഉപയോഗിക്കുമെന്ന് ആശങ്കയുള്ളതായി അദ്ദേഹം ചൂണ്ടിക്കാ ട്ടി. നിയമനിർമാണത്തിന് എതിരല്ല. എന്നാൽ അതിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം എന്നു വ്യാഖ്യാനിച്ച് ക്രൈസ്തവരടക്കമുള്ള ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ ഇത്തരം നടപടികൾ ഉപയോഗിക്കുമോയെന്ന ആശങ്ക അദ്ദേഹം പ്രകടിപ്പിച്ചു.

സഭയുടെ നേതൃത്വത്തിൽ പാവങ്ങളെ സഹായിക്കുമ്പോഴെല്ലാം മതപരിവർത്തനം ആരോപിക്കുന്ന പ്രവണതയുണ്ട്. ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യത്തിനു വിരു ദ്ധമായി സാമൂഹികവിരുദ്ധ സംഘടനകൾ പലപ്പോഴും മതപരിവർത്തന നിയമങ്ങളെ വ്യാഖ്യാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ ക്രൈസ്‌തവ മിഷ്ണറിമാരെ ഉപദ്രവിക്കുന്ന സംഭവങ്ങൾ നടക്കുന്നു. ക്രൈസ്‌തവ പാസ്റ്റർമാരെ അറസ്റ്റ് ചെയ്യുന്നത് പതിവായിരിക്കുകയാണ്.

വിവിധ സംസ്ഥാനങ്ങളിൽ വ്യാജ ആരോപണങ്ങളുടെ പേരിൽ മിഷ്ണറിമാർക്കെതിരേ കേസുകളുണ്ട്. ഇന്ത്യയിലെ ക്രൈസ്തവ വിശ്വാസത്തിന് രണ്ടായിരത്തിൽപ്പരം വർഷത്തിന്റെ പാരമ്പര്യമുള്ളതാണ്. എന്നിട്ടും ചിലർ ക്രിസ്‌തുമതം വിദേശമതമാണെന്ന് പ്രചരിപ്പിക്കുന്നു. ക്രൈസ്ത‌വർക്കു നേരേ ഉണ്ടാകുന്ന ആക്രമണങ്ങളിൽ സഭയുടെ ആശങ്ക പ്രധാനമന്ത്രിയടക്കമുള്ളവരോട് ഉന്നയിച്ചതാണെന്നും ആവശ്യമായ നടപടികൾ സർക്കാരുകൾ സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »