News
മിഷ്ണറിമാര്‍ ദേശവിരുദ്ധര്‍, ഭീകരവാദത്തിലേക്ക് നയിക്കുന്നവര്‍; ക്രൈസ്തവര്‍ക്ക് നേരെ വീണ്ടും വിഷം തുപ്പി ആര്‍എസ്‌എസ് വാരിക കേസരി
പ്രവാചകശബ്ദം 15-09-2025 - Monday
കോട്ടയം: ക്രൈസ്‌തവർക്കെതിരെ കേരളത്തിലും വർഗീയവികാരം സൃഷ്ടിക്കാൻ കോപ്പുകൂട്ടി ആർഎസ്എസ് മുഖവാരികയായ 'കേസരി'യുടെ വര്‍ഗ്ഗീയ ലേഖനം. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഇ. എസ്. ബിജു എഴുതിയ ലേഖനത്തിലാണ് ക്രൈസ്തവര്‍ക്ക് നേരെ വര്‍ഗ്ഗീയ വിദ്വേഷം തുപ്പുന്ന ഭാഗങ്ങളുള്ളത്. മിഷ്ണറിമാര്‍ ദേശവിരുദ്ധവും വിഘടനവാദപരമായ ചിന്തയെ വളര്‍ത്തി സായുധ ഭീകരവാദത്തിലേക്ക് നയിക്കുകയാണെന്നും മറ്റുമായി നിരവധി വിഷലിപ്തമായ പരാമര്‍ശങ്ങളാണ് ലേഖനത്തില്‍ ഉടനീളമുള്ളത്.
"ലോകത്ത് നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന ക്രൈസ്തവ മതം രാജ്യങ്ങളിലെ സംസ്‌കൃതിയെ തകര്‍ത്തു"വെന്നുമുള്ള വിചിത്ര ആരോപണം ലേഖനത്തില്‍ ഉന്നയിക്കുന്നുണ്ട്. ക്രൈസ്‌തവർ രാജ്യത്ത് മതസ്‌പർധ വളർത്താൻ ശ്രമിക്കുന്നെന്നും ഭരണഘടനയെ ചോദ്യംചെയ്യുന്നെന്നുമുള്ള ഗുരുതരമായ ആരോപണമാണ് യാതൊരടിസ്ഥാനവുമില്ലാതെ ലേഖനത്തിൽ ഉന്നയിക്കുന്നത്. മിസോറാം, ഒഡിഷ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്‌ഗഡ് സംസ്ഥാനങ്ങളിൽ സായുധ കലാപത്തിന് മിഷ്ണറിമാർ അതിവിപ്ലവ പ്രസ്ഥാനങ്ങളെ വിലക്കെടുത്തുവെന്നും ലേഖനത്തിൽ ആരോപിക്കുന്നു.
കേരളത്തിലും വിവിധ മാർഗങ്ങളിലൂടെ നടത്തുന്ന മതപരിവർത്തന ശ്രമങ്ങൾ സർവസീമകളും ലംഘിച്ച് മുന്നേറുകയാണെന്ന് ലേഖനത്തിൽ പറയുന്നു. ഹെർമൻ ഗുണ്ടർട്ട് മലയാള നിഘണ്ടു ഉണ്ടാക്കിയത് മതപരിവർത്തനം ത്വരിതപ്പെടുത്താനായിരുന്നുവെന്നും ആർഎസ്‌എസ് വാരികയിലെ ലേഖനത്തിൽ പറയുന്നുണ്ട്. "പുറമെ ക്രൈസ്തവരോട് സ്നേഹം" കാണിക്കലും അകത്തു വർഗീയവിഷവുംവെച്ചുള്ള സംഘപരിവാര്‍ നേതൃത്വത്തിന്റെ വിദ്വേഷമുഖത്തിന്റെ പ്രകടമായ തെളിവായാണ് ഈ ലേഖനത്തെ പൊതുവേ വിലയിരുത്തുന്നത്.
ഇതാദ്യമായല്ല ആര്‍എസ്‌എസ് മാസിക ക്രൈസ്തവര്‍ക്ക് നേരെ വിദ്വേഷ പരാമര്‍ശങ്ങളുമായി വിഷം ചീറ്റുന്ന ലേഖനം പ്രസിദ്ധീകരിക്കുന്നത്. ഭാരതത്തിലെ ആദ്യ അത്മായ രക്തസാക്ഷിയായ വിശുദ്ധ ദേവസഹായം പിള്ളയേയും കത്തോലിക്ക സഭയെയും അവഹേളിക്കുന്ന രീതിയിലുള്ള ലേഖനം 'കേസരി'യില്‍ പ്രസിദ്ധീകരിച്ചിരിന്നു. ഇതിനെതിരെ കെസിവൈഎം, കത്തോലിക്ക കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള വിവിധ സാമുദായിക സംഘടനകള്‍ ശക്തമായ രീതിയില്‍ രംഗത്തുവന്നിരിന്നു. ഇതിന് സമാനമായ വിധത്തില്‍ കേസരിയുടെയും സംഘപരിവാറിന്റെയും യഥാര്‍ത്ഥ മുഖം തുറന്നുക്കാട്ടുവാന്‍ ക്രൈസ്തവ സംഘടനകള്‍ രംഗത്ത് വരണമെന്നാണ് പൊതുവേ ഉയരുന്ന ആവശ്യം.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
