India - 2025
മാർ ജേക്കബ് തൂങ്കുഴി ഏതൊരാളിലും നന്മയുടെ അംശം കണ്ടെത്തിയ വ്യക്തി: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
പ്രവാചകശബ്ദം 18-09-2025 - Thursday
കൊച്ചി: പരിചയപ്പെടുന്ന ഏതൊരാളിലും നന്മയുടെ ഒരു അംശം കണ്ടെത്തുകയും അത് ഓർമിച്ചുവച്ച് പറയുകയും ചെയ്യുന്ന ഒരു വലിയ മനസായിരുന്നു കാലം ചെയ്‌ത തൃശൂർ അതിരൂപത മേജർ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴിയുടേതെന്ന് സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ദീർഘകാലം അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചതിൻ്റെ അനുഭവത്തിൽ, സഹപ്രവർത്തകരെ വിശ്വസിക്കാനും അവരുടെ കഴിവുകളെ വിലമതിക്കാനും കഴിവുകൾ പുറത്തെടുക്കാൻ അവർക്ക് ആത്മവിശ്വാസം നൽകാനും സാധിച്ചിരുന്ന മികച്ച ആത്മീയ നേതാവായിരുന്നു മാർ ജേക്കബ് തൂങ്കുഴിയെന്ന് മേജർ ആർച്ച്ബിഷപ് അനുസ്മരിച്ചു.
മലബാറിന്റെ സമഗ്ര പുരോഗതിക്ക്, പ്രത്യേകിച്ച് കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകൾ ഉൾപ്പെടുന്ന മാനന്തവാടി രൂപതയ്ക്കും കോഴിക്കോട്, മലപ്പുറം ജില്ലകൾ ഉൾപ്പെടുന്ന താമരശേരി രൂപതയ്ക്കും അദ്ദേഹം നൽകിയ സംഭാവനകൾ നിസ്തുലമാണ്. കുടിയേറ്റജനതയുടെ ഒപ്പം നടന്നു ജീവിതം കരുപ്പിടിപ്പിക്കാൻ അവരെ സഹായിച്ച നല്ല ഇടയനായിരുന്നു അദ്ദേഹം. തൃശൂർ അതിരൂപതയുടെ മെത്രാപ്പോലീത്ത എന്ന നിലയി ൽ അതിരൂപതയുടെ സമഗ്രപുരോഗതിക്കും വിശ്വാസത്തിൻ്റെ വളർച്ചയ്ക്കും വേണ്ടി മാർ ജേക്കബ് തൂങ്കുഴി നൽകിയ നേതൃത്വം എന്നും ഓർമിക്കപ്പെടുന്നതാണ്.
വൈദികപരിശീലനം ജീവിതഗന്ധിയാക്കി മാറ്റുന്നതിനും പ്രായോഗിക പരിശീലനത്തിനു പ്രാധാന്യം നൽകുന്നതിനും അദ്ദേഹം നടത്തിയ ശ്രമഫലമായിരുന്നു മേരിമാതാ മേജർ സെമിനാരിയെന്ന് മാർ തട്ടിൽ അനുസ്‌മരിച്ചു. പരിചയപ്പെടുന്ന ഏതൊരാളിലും നന്മയുടെ ഒരു അംശം കണ്ടെത്തുകയും അത് ഓർമിച്ചുവച്ച് പറയുകയും ചെയ്യുന്ന ഒരു വലിയ മനസായിരുന്നു അദ്ദേഹത്തിന്റേത്. മാർ ജേക്കബ് തൂങ്കുഴിയുമായി വർഷങ്ങളായുള്ള ബന്ധമാണ് തനിക്കുണ്ടായിരുന്നതെന്നും മേജർ ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.
2007 മുതൽ അദ്ദേഹം സഭാഭരണത്തിൽനിന്നു വിരമിച്ചെങ്കിലും വിശ്രമജീവിതം എന്നത് വെറുമൊരു വിളിപ്പേരിൽ ഒതുക്കിക്കൊണ്ടായിരുന്നു ജീവിച്ചത്. എല്ലാക്കാര്യത്തിലും എല്ലായിടത്തും ഓടിയെത്തിയ അദ്ദേഹം ജീവിതത്തിലുടനീളം തന്റെ പൗരോഹിത്യ ശുശ്രൂഷയെ സേവനംകൊണ്ടും സ്നേഹംകൊണ്ടും ലാളിത്യംകൊണ്ടും അന്വർഥമാക്കിയിരുന്നു.
ദൈവസ്നേഹത്തിൻ്റെ ജ്വലിക്കുന്ന പ്രതിഫലനമായി, സുവിശേഷസന്ദേശം ജീവിത ത്തിൽ പകർത്തി സൗമ്യ സാന്നിധ്യമായി മാറിയ മാർ ജേക്കബ് തൂങ്കുഴിയുടെ വേർപാ ടിൽ ദുഃഖിക്കുന്ന എല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹത്തിന് ആദരാഞ്ജലികൾ നേരുകയും ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
